പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.എം.എം.യു.പി.എസ് താളിപ്പാടം

മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.  ജീവിത  പ്രാരാബ്ധങ്ങൾക്കിടയിലും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നൽകാൻ ആ ജനത കൊതിച്ചു. എന്നാൽ അടുത്ത പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു.  ദൂര ദേശങ്ങളിലേക്ക് പോകാൻ പുഴകളും  കാട്ടുമൃഗങ്ങളും തടസ്സം സൃഷ്ടിച്ചു .  "അല്ല  നാണിയാപ്പാക്കാ നമ്മുടെ കുട്ടികൾക്കും വേണ്ടേ ഒരു ഇസ്കൂൾ" എന്ന നാട്ടുകാരുടെ ചോദ്യം നാടിൻറെയും നാട്ടുകാരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന   പുതിയറ മുഹമ്മദ് എന്ന നാണിയാപ്പാക്കായുടെ മനസ്സിൽ  സ്കൂൾ എന്ന ആശയം   മൊട്ടിടാൻ സഹായിച്ചു. ഒരു ജനതയുടെ ആശയും  ആവേശവും നെഞ്ചിലേറ്റി  ലാഭനഷ്ടക്കണക്കുകൾ നോക്കാതെ തൻറെ ഉടമസ്ഥതയിലുള്ള മില്ല് വിദ്യാലയത്തിനായി വിട്ടുനൽകി.

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ  സി എച്ച് മുഹമ്മദ് കോയ എ യു പി എസ്  താളിപ്പാടത്തിന് നിയമനാംഗീകാരം നൽകി . 1976 ജൂൺ 1 മുതൽ താളിപ്പാടത്തിലെയും പരിസരപ്രദേശങ്ങളിലെയും അക്ഷര സ്നേഹികൾക്കായി 319 കുട്ടികൾ 11 ഡിവിഷനുകളിലായി 3 അധ്യാപകരും പ്രഥമ പ്രധാനാധ്യാപകനായി ശ്രീ    പി യൂസഫിൻറെ  നേതൃത്വത്തിൽ ഒരു വിദ്യാലയം  സമാരംഭിക്കപ്പെട്ടു.

1983 ൽ ഒന്നു മുതൽ നാലുവരെ മാത്രമായിരുന്ന ഈ വിദ്യാലയത്തെ 7 വരെയുള്ള യുപി വിദ്യാലയമായി ഉയർത്തി. നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ പൊൻവെളിച്ചം പകർന്ന് ഇന്നും നിലമ്പൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി താളിപ്പാടം പി എം എം യു പി സ്കൂൾ നിലകൊള്ളുന്നു.

അകാലത്തിൽ പൊലിഞ്ഞ നാണിയാപ്പയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പ്രിയപത്നി ശ്രീമതി പി ഉമ്മാച്ചു ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്തു. അന്നുവരെ എ യു പി സ്കൂൾ താളിപ്പാടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥാപനം പുതിയറ മുഹമ്മദ് മെമ്മോറിയൽ (പി എം എം) യു പി സ്കൂൾ എന്നറിയപ്പെട്ടു.

2007 ൽ കെജി വിഭാഗവും ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഇംഗ്ലീഷ് മീഡിയത്തിന്റെ വരവോടെ വിദ്യാലയത്തിൽ അക്കാദമിക് കാര്യങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ സാധിച്ചു. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും സമന്വയിപ്പിച്ച് മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാൻ സാധിച്ചു.

2009 ൽ വിദ്യാലയം ജനറൽ സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് മാനേജർ ശ്രീമതി പി.ഉമ്മാച്ചു വിശ്രമ ജീവിതത്തിന് വേണ്ടി അവരുടെ മകളായ ശ്രീമതി പി.റംലത്തിന്  2012 ൽ മാനേജർ സ്ഥാനം കൈമാറി. അവരുടെ നേതൃത്വത്തിൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. 2013 ൽ വിദ്യാലയത്തിന് ന്യൂനപക്ഷ പദവിയും ലഭിച്ചു.

ഇന്ന് മാനേജർ ശ്രീമതി പി റംലത്തിൽ എത്തിനിൽക്കുമ്പോൾ ഈ സ്ഥാപനം ഒരു പുതു ചരിത്രം രചിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഈ വർത്തമാനകാലത്ത് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുമ്പോൾ ഒരു പടി കൂടി കടന്ന് താളിപ്പാടം പി എം എം യു പി സ്കൂൾ മികവിനൊപ്പം നിർമ്മാണ വൈദഗ്ധ്യം കൊണ്ടും രൂപഭംഗി കൊണ്ടും ആകർഷണീയമായ ഭൗതിക സാഹചര്യത്തിലും ജില്ലയിൽ ഒന്നാമത് എത്തുകയാണ്.

ആധുനിക സൗകര്യങ്ങളുള്ള 26 ഡിജിറ്റൽ ക്ലാസ് മുറികളോട് കൂടിയ മൂന്നു നില കെട്ടിടത്തിൽ എൽപി,യുപി വിഭാഗവും ആധുനിക സൗകര്യങ്ങളുള്ള 15 ഡിജിറ്റൽ ക്ലാസ് മുറികളോട് കൂടിയ മൂന്നുനില കെട്ടിടം കെ. ജി വിഭാഗത്തിനും വിശാലമായ പാർക്കിംഗ് സൗകര്യം,വിശാലമായ കളിസ്ഥലം,ജില്ലയിൽ തന്നെ ഒന്നാമത്തെ സയൻസ് പാർക്ക്, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്,സ്പീക്കർ സംവിധാനങ്ങൾ, ജൈവവൈവിധ്യ പാർക്ക്,ധാരാളം തണൽമരങ്ങളും എല്ലാ ഭാഗങ്ങളിലേക്കും യാത്രാ സൗകര്യങ്ങൾ ഒരുക്കി വലിയ 5 സ്കൂൾ ബസുകൾ,ജില്ലയിലെ തന്നെ മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള വിദ്യാലയം.

മികച്ച പഠന പ്രവർത്തനങ്ങൾക്കൊപ്പം 48471 സ്റ്റാർ റേഡിയോ ചാനൽ, ലിറ്റിൽ കമന്റ്സ് എന്ന ന്യൂസ് കം എന്റെർറ്റൈൻട്മെന്റ് ചാനൽ, കോർണർ പി. ടി. എ കൾ,രക്ഷിതാക്കളുടെ പഠനയാത്രകൾ, കുട്ടികളുടെ പഠനയാത്രകൾ,നാവിൻ തുമ്പത്ത് എന്ന വിദ്യാലയത്തിന്റെ സ്വന്തം ഷോർട്ട് ഫിലിം, സിനി തിയേറ്റർ , ഭാരത് സ്കൗട്ട്, ഗൈഡ്, കബ് യൂണിറ്റുകൾ, വർഷാവസാനത്തിൽ നടത്തുന്ന പഠനോത്സവ ങ്ങൾ,രക്ഷിതാക്കൾക്ക് നടത്തുന്ന മത്സരങ്ങളായ ഫുഡ് ഫെസ്റ്റ്,ടെലി ക്വിസ്,എന്നിവയെല്ലാം വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ് .

319 വിദ്യാർത്ഥികളിൽ നിന്നും ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1300 ൽ പരം കുട്ടികളുമായി ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ ശ്രീ റഫൽ റഹ്മാന്റെ നേതൃത്വത്തിൽ പ്രവർത്തന മികവോടു കൂടി മുന്നോട്ടുപോകുന്നു.

   

1976 പൊൻപുലരിയിൽ ഉദിച്ചുയർന്ന അക്ഷരനക്ഷത്രം. കാലത്തിന്റെ തിരകൾകക്കൊ മറവിയുടെ തിരമാലകൾക്കൊ മായ്ക്കപ്പെടാൻ കഴിയാതെ കാലം ചരിത്രത്തിന്റെ നാൾവഴി ചില്ലകളിൽ കോറിയിട്ട നാമം -- താളിപ്പാടം പി എം എം യു പി സ്കൂൾ