ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ
ദൃശ്യരൂപം
കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോൻ. (ഒക്ടോബർ 1, 1906 - മേയ് 23, 1970) അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു.[1] കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻകൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്.