ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാരമ്പര്യത്തിന്റെ പ്രൗഢഗാഥയുമായി കിഴക്കൻ ഏറനാടിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന നിലമ്പൂർ കോവിലകത്തിന് 12 കി.മീ. കിഴക്കായി സൈലന്റ് വാലിയുടെ ബഫർ സോണായി പ്രഖ്യാപിച്ച ന്യൂ അമരമ്പലം റിസർവ് വനത്തിനടുത്ത് മലയോര നാടിന്റെ അക്ഷരക്കളരിയായി, ചരിത്രത്തിലെ ചോരപ്പാടുകളുടെ സ്മരണകളിരമ്പുന്ന മണ്ണിൽ സാക്ഷാൽ പരമശിവന് ചന്ദ്രക്കല എന്ന പോലെ പൂക്കോട്ടുംപാടം ഗവ: ഹയർസെക്കൻഡറി സ്ക്കൂൾ തലയുയർത്തി നിൽക്കുന്നു.

കാട്ടാറിന്റെ സംഗീതവും കാടിന്റെ കുളിർമയും ഈ അക്ഷരപ്പെരുമയുടെ തിരുമുറ്റത്ത് അപൂർവ്വമായി സംഗമിക്കുന്നു

മൂന്ന് ഏക്കർ ഭൂമിയും 25000 രൂപയും സർക്കാറിനു നൽകിയാൽ ഗവൺമെന്റ് മേഖലയിൽ ഹൈസ്ക്കൂൾ ആരംഭിക്കും എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കർ ഭൂമി സംഭാവന നൽകി. ഉദാരമതികളായ നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സർക്കാറിൽ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.

1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തിൽ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ സുധാമൻ സ്ക്കൂൾ ഉത്ഘാടനം ചെയ്തു. ശ്രീ ബഞ്ചമിൻ ആയിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ. 1975 ൽ മൂന്ന് ഷിഫ്റ്റായി പായംപാടം ‍ജി.എൽ.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകൾ മാറ്റി. പുതിയ കെട്ടിട നിർമ്മാണം എന്നിട്ടും പൂർത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂൾ കമ്മറ്റി ഹർത്താൽ ആചരിച്ചു. കമ്മറ്റി 140 എം.എൽ.എ മാരെ കണ്ട് നിവേദനം നൽകി. കമ്മറ്റി ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നൽകി. കമ്മറ്റിയുടെ ആവശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.1980 ൽ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകൾ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവിൽ വന്നു. 1995-96 വർഷം വിരമിച്ച വില്ലേജ് ഓഫീസർ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തിൽ പി.ടി.എ. പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാൾ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂർ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ക്ലാസ്‌മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിക്കപ്പെട്ടു. നാല് ക്ലാസ്‌മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം പി.ടി.എ നിർമ്മിച്ചു. തുടർന്ന് 20/03/2004 വർഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസ്‌മുറികളും നിർമ്മിച്ചു.2004-05 വർ​ഷം രണ്ട് ക്ലാസ് മുറികൾ ഹയർസെക്കണ്ടറിക്കായി ശ്രീ.ആര്യാടൻ മുഹമ്മദ് എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു.2005-06 ൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ്‌മുറികളും പണിതു. ശ്രീ. അബ്ദുൾ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചു. 2018-19 അധ്യയന വർഷം ആരംഭിക്കുമ്പോൾ ഹൈസ്കൂൾ സെക്‌ഷനിലെ 36 ക്ലാസ് മുറികളും ഹയർസെക്കണ്ടറിയിലെ 12 ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.സ്കൂളിന് സ്വന്തമായുള്ള സ്കൂൾ ബസ് കുട്ടികളുടെ യാത്രാ സൗകര്യം വർദ്ധിപ്പിച്ചു.