സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തലമുറകളായി വിദ്യാപ്രചരണം നടത്തിവന്ന പെരുമാക്കൽ കുടുംബത്തിലെ അംഗമായ കേളു എഴുത്തച്ഛൻ അക്കാലത്തെ സർക്കാർ നിയമമനുസരിച്ച് വിദ്യാലയം ഒരു സർക്കാർ അംഗീകൃത സ്ക്കൂളാക്കി മാറ്റി. 1880 -ൽ ഇവിടത്തെ അ‍ഞ്ചാം തരത്തിനു അംഗീകാരം ലഭിച്ചു. അക്ലിയത്തപ്പന്റെ ഭക്തനായ കേളു എഴുത്തച്ഛൻ തന്റെ വിദ്യാലയത്തിന് അക്ലിയത്ത് എൽ പി സ്ക്കൂൾ എന്ന് പേരിട്ടു.ശിക്ഷ്യസമ്പത്ത്കൊണ്ട് ധന്യനായ  കേളു എഴുത്തച്ഛന്റെ അകാല ചർമ്മത്തിന് ശേഷം സഹോദരനും ശിഷ്യനും മഹാപണ്ഡിതനുമായ ചത്തു എഴുത്തച്ഛൻ 1904 ൽ സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. ചത്തു എഴുത്തച്ഛന്റെ വാർദ്ധക്യകാലത്ത് സ്കൂളിന്റെ കെട്ടിടം ജീർണാവസ്ഥയിലായിരുന്നു.

            ബഹുമുഖ പണ്ഡിതനും വലിയ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നെങ്കിലും ചത്തു എഴുത്തച്ഛന് സ്കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ പ്രയാസമുണ്ടായി.അങ്ങനെയാണ് തന്റെ ഏക പുത്രിയുടെ ഭർത്താവും ശിഷ്യനുമായ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാർ സ്കൂളിനെ മാനേജ്‍മെന്റ് എടുക്കുവാൻ ഇടയായത്.കടുത്ത സാമ്പത്തിക പ്രയാസങ്ങളുണ്ടായിട്ടും 1941 ൽ സ്കൂളിനുവേണ്ടി ഒരു നല്ല കെട്ടിടം പണിയുവാൻ കമ്മാരൻ നമ്പ്യാർക്ക് സാധിച്ചു.അതിനുശേഷം സ്കൂളിന് മേൽക്കുമേൽ അഭിവൃദ്ധിയായിരുന്നു.കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും വർധനയുണ്ടായി.അതനുസരിച്ച് സ്കൂൾ കെട്ടിടത്തിനും  സ്ഥലത്തിനും പല പരിഷ്കാരങ്ങളും വന്നു.തൊട്ടടുത്ത പറമ്പിന്റെ ഒരു ഭാഗം വിലക്കുവാങ്ങി കളിസ്ഥലം വിസ്തൃതമാക്കിയതും സ്കൂൾ പറമ്പിന്റെ മധ്യത്തിൽകൂടി ഉണ്ടായിരുന്ന റോഡ് പറമ്പിനു പുറത്തുകൂടിയാക്കുവാൻ കഴിഞ്ഞതും പ്രത്യേകം പ്രസ്താവ്യമാണ്.ഒരു പൊതു വിദ്യാലയത്തിന് ആവശ്യമയത്തിലധികം സൗകര്യങ്ങൾ ഇവിടെ ലഭ്യമായത് യശഃശരീരനായ മാനേജർ കമ്മാരൻ നമ്പ്യാരുടെ താത്പര്യവും സ്ഥിരപരിശ്രമവും കൊണ്ടാണ്.സുപ്രസിദ്ധ ജോത്സ്യനായ വിദ്വാൻ ഒ വി കമ്മാരൻ നമ്പ്യാർ 1980 സപ്തംബർ 29 ന് ദിവംഗതനായി.തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ടി കെ ഉമ്മുഅമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു.ഇരുപത് കൊല്ലത്തോളം സ്കൂളിനെ ഏറ്റവും നല്ല നിലയിൽ നടത്തുവാൻ ഉമ്മു അമ്മ നിർലോഭമായി സഹായിച്ചു.2000  ഏപ്രിൽ 1 ന് ആ മഹതി നിര്യാണം പ്രാപിച്ചു.അതിനു ശേഷം അവരുടെ സീമന്തപുത്രനും ദീർഘകാലം ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം വഹിച്ച് സ്കൂളിന്  "ഏറ്റവും നല്ല വിദ്യാലയം"   എന്ന പദവി നേടിക്കൊടുത്ത അധ്യാപക സ്റ്റേറ്റ് അവാർഡ് ജേതാവും പണ്ഡിതനും വാഗ്മിയുമായ ശ്രീ.ടി കെ ദാമോദരൻ നമ്പ്യാരുടെ മാനേജ്‍മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്.2020 ആഗസ്ത് 15 ന് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങി.വാർദ്ധക്യസഹജമായ അസ്വസ്ഥകൾ കാരണം 2012 ൽ തന്നെ ശ്രീ. ടി കെ ദാമോദരൻ നമ്പ്യാർ സ്കൂളിനെ മാനേജ്‌മന്റ് സ്ഥാനം സഹോദരിയും ഈ സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.ടി കെ ശാരദ ടീച്ചർക്ക് കൈമാറിയിരുന്നു.