ജി എൽ പി എസ് മീനങ്ങാടി/ചരിത്രം

12:30, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smitharani1976 (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയചരിത്രം

ഹരിതാഭമായ വയനാടിന്റെ ഹൃദയഭാഗത്തു ജില്ലാ ആസ്‌ഥാനമായ കല്പറ്റക്കും സുൽത്താൻ ബത്തേരിക്കുമിടയിൽ സ്‌ഥിതി ചെയ്യുന്ന മീനങ്ങാടി എന്ന ഗ്രാമം .മീനങ്ങാടിയുടെ ചരിത്രത്തിനു ശിലായുഗ സംസ്കൃതിയോളം പഴക്കമുണ്ട് .എടക്കൽ ഗുഹ ചിത്രങ്ങളുള്ള അമ്പുകുത്തി മല സ്‌ഥിതി ചെയ്യുന്ന അമ്പലവയലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത് .

മീനങ്ങാടി എന്ന സ്‌ഥലനാമത്തിന്റെ ഉല്പത്തി ഐതിഹ്യവും ചരിത്രവും ഇഴ ചേർന്ന് കിടക്കുന്നതാണ് .കൃത്യമായ ഒരു നിലപാടിലെത്തി ചേരുക പ്രയാസമാണ് .മൽസ്യാവതാര പ്രതിഷ്‌ഠയുള്ള രാജ്യത്തെ തന്നെ അപൂർവം ക്ഷേത്രങ്ങളിലൊന്ന് ഇവിടെയുണ്ട് .പേരിനു നിദാനം ഇതാണെന്നു ഒരു മതം .മീൻ പ്രതിഷ്‌ഠയുള്ള ക്ഷേത്രമുള്ളതിനാൽ ദേശത്തെ 'മീൻ അങ്കിടി ' എന്നും പ്രദേശവാസികളെ മീനവർ എന്നും കർണാടകയിൽ നിന്നും കുടിയേറിയവർ വിളിച്ചു .കന്നഡ ഭാഷയിൽ അങ്കിടി എന്ന പദത്തിന് ഗ്രാമം ,ക്ഷേത്രം എന്നൊക്കെയാണാർത്ഥം .മീൻ അങ്കിടി ക്രമേണ മീനങ്ങാടിയായി മാറി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിനു മുൻപ് തന്നെ ഇവിടെ മൽസ്യ വ്യാപാര .കേന്ദ്രമുണ്ടായിരുന്നെന്നും മൽസ്യം ലഭിക്കുന്ന ഇടം എന്ന അർത്ഥത്തിൽ സ്ഥലനാമം രൂപപ്പെട്ടെന്നും കരുതുന്നു .വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും അലയടിച്ച കഥകളാണ് മീനങ്ങാടിയുടെ ഇന്നലെകളിൽ നിറഞ്ഞുനിൽക്കുന്നത് .

മീനങ്ങാടിയിൽ ഹരിശ്രീ കുറിച്ച വിദ്യാലയം

കുടിപ്പള്ളക്കൂടങ്ങളുടെ തുടർച്ചയായി 1920 ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് .ഇന്നത്തെ ഹൈസ്കൂൾ ജംഗ്‌ഷനു സമീപം പൊതു നിരത്തിന് അഭിമുഖമായി ഉള്ള കെട്ടിടത്തിന് മുകളിലായിരുന്നു ആദ്യവിദ്യാലയം ."പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ " എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് .ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സ്കളിലായി അൻപതിൽ താഴെ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു .

ക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ് മുറികൾ തികയാതെ വന്നു. അങ്ങനെ ഇന്നത്തെ വില്ലജാഫിസിനു സമീപം ഓല ഷെഡ്ഡ് നിർമ്മിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി .1961 ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൌൺ ൽ നിന്നും അല്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ചു.ഈ സ്ഥലത്താണ് ഇപ്പോൾ എൽ പി സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .

1956 ൽ ഡിസ്ട്രിക്ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പേര് മാറ്റി തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ചുകൊണ്ട് നമ്മുടെ നാടിൻറെ ദീപസ്തംഭമായി മീനങ്ങാടി ഗവ .എൽ പി സ്കൂൾ നാടിന്നഭിമാനമായി 101 വർഷങ്ങൾ പിന്നിടുന്നു .