ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ് 2016
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മികവിന്റെ കേന്ദ്രം.

"കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മികവിന്റെ കേന്ദ്രം. കേരളത്തിന്റെ അഭിമാനം " പ്രൊഫ: സി. രവീന്ദ്രനാഥ് സ്കൂളിന് ലഭിച്ച അന്തർദേശീയ അംഗീകാരമായ ഐ സ് ഒ 9001: 2015 സർട്ടിഫിക്കറ്റ് സമർപ്പണം നിർവ്വഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
ISO 9001:2015 സർട്ടിഫിക്കറ്റ് നേടിയ കൊല്ലം ജില്ലയിലെ ഏക പൊതുവിദ്യാലയം
വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളും നേട്ടങ്ങളുമായി നാടിന്റെ അഭിമാനമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയാണ് ഈ സ്കൂൾ. സാമൂഹ്യപരിഷ്കർത്താവും പണ്ഡിതനുമായിരുന്ന സി എസ് സുബ്രഹ്മണ്യൻപോറ്റി 1916ൽ സ്ഥാപിച്ച സ്കൂൾ രണ്ടുവർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ നിറവിലാണ്. ശുചിത്വപദ്ധതി, സാന്ത്വന പരിരണം, ജൈവകൃഷി തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമാണ്.ഇതിലൂടെ മൂന്നുലക്ഷം രൂപയുടെ വിൽപ്പന നടന്നു. കൂടാതെ അക്കാദമിക് രംഗത്ത് എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (Alila ) എന്ന പേരിൽ വിവിധ പ്രോജക്ടുകൾ നടപ്പാക്കുന്നു.. കൂടാതെ ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങി ഗേൾസ് ഹൈസ്കൂൾ ജില്ലയിൽ ഒന്നാമതെത്തി. പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരം രണ്ടു നില ഉദ്ഘാടനംചെയ്തു. ഡോ. ടി എൻ സീമ എംപിയുടെ 15 ലക്ഷം രൂപയും സി ദിവാകരൻ എംഎൽഎയുടെ വികസനഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപയും ഉപയോഗിച്ച് മൂന്നാംനിലയുടെ നിർമാണം നടന്നു വരുന്നു.. രണ്ടുകോടി രൂപയുടെ നിർമാണപ്രവർത്തനവും 15 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും പൂർത്തിയായി. ഇതിൽ 18 ക്ലാസ്മുറികൾ, ശിശുസൗഹൃദ ടോയ്ലെറ്റുകൾ, പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ, സയൻസ് ലാബുകൾ എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് സ്ഥാപിച്ച കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. പ്രശസ്ത ആർക്കിടെക്ട് ജി ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഗുണമേന്മക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കറ്റ് നേടിയ കൊല്ലം ജില്ലയിലെ ഈ ഏക പൊതുവിദ്യാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. പാഠ്യ-പാഠ്യേ തര രംഗങ്ങളിൽ നാടിന് അഭിമാനമായി മാറിയ ഈ വിദ്യാലയത്തിന് ഇനിയും ഏറെ വിജയങ്ങൾ നേടാൻ ഉണ്ട്. മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തായി കൂട്ടായി താങ്കൾ കൂടി ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ബഹു. വിദ്യാഭ്യാസ മന്ത്രി കെ എൻ രവീന്ദ്രനാഥ് എത്തുന്നു.

കരുനാഗപ്പള്ളിക്ക് എക്കാലത്തും അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ച് ഒരു നൂറ്റാണ്ടിലേറെകാലയായി ഈ നാടിന്റെ അക്ഷര വെളിച്ചമായി മാറിയ വിദ്യാലയം,കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ .ശ്രേഷ്ഠതക്കുള്ള രാജ്യാന്തര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കറ്റ് ബഹു: വിദ്യാഭ്യാസ മന്ത്രി യിൽ നിന്ന് ഏറ്റുവാങ്ങുന്ന ധന്യ മുഹൂർതത്തിന് സാക്ഷ്യം വഹിക്കുവാൻ അനുഗ്രഹിക്കുവാൻ അങ്ങയെ സാഭിമാനം സ്വാഗതം ചെയ്യുന്നു.
മൈലാഞ്ചി - 2016

കൈനിറയെ മൈലാഞ്ചി അണിഞ്ഞ് മൊഞ്ചത്തികൾ നിരന്നപ്പോൾ അത് അദ്ധ്യാപകർക്കും കൂട്ടുകാരികൾക്കും കൗതുക കാഴ്ചയായി. കുട്ടികൾക്കൊപ്പം അദ്ധ്യാപികമാരും കൈകളിൽ മൈലാഞ്ചിയിടാൻകൂടിയതോടെ സ്കൂൾ അങ്കണം ഇത്സവ ലഹരിയിലായി.ഈദുൽ ഫിത്തർ ആഘോഷങ്ങളോടനുബന്ധിച്ച് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ"മൈലാഞ്ചി 2016 " എന്ന പരിപാടി സംഘടിപ്പിച്ചത്.കുട്ടികളിൽ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചിന്ത വളർത്താൻ ഇത്തരം പരിപാടികൾക്ക് കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത പറഞ്ഞു. സ്കൂൾ പഠനം നഷ്ടപ്പെടുത്താതെ ഉച്ച ഭക്ഷണ സമയത്താണ് ആഘോഷം സംഘടിപ്പിച്ചത്.