ഹിരോഷിമ ദിനം..

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.

 
"https://schoolwiki.in/index.php?title=ഹിരോഷിമ_ദിനം.&oldid=898556" എന്ന താളിൽനിന്ന് ശേഖരിച്ചത്