സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ മതപ്രചാരണത്തിന് എത്തിയ ക്രിസ്ത്യൻ ഉപദേശിമാർ കുടിൽകെട്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന് വടക്ക്-കിഴക്കായുള്ള പറമ്പിലെ ഷെഡ്‌ഡിലായിരുന്നു ആദ്യം ഈ സ്കൂൾ പ്രവൃത്തിച്ചിരുന്നത്. ഓല ഷെഡ്ഡായ കെട്ടിടം പിന്നെ ഈ നിലയിലേക്ക് മാറുകയായിരുന്നു. ഒന്നാം തരത്തിൽ പൂഴിയിലെഴുതിയായിരുന്നു അക്ഷര പഠനം തുടങ്ങിയിരുന്നത്. അന്ന് പാഠപുസ്തകങ്ങൾ സ്കൂളിൽനിന്ന് ലഭിക്കുന്ന സമ്പ്രദായം ഇല്ലായിരുന്നു. സ്വകാര്യ വിപണിയെയായിരുന്നു പുസ്തകത്തിനായി ആശ്രയിച്ചിരുന്നത്.

1929 മുതലുള്ള രേഖകൾ പ്രകാരം ഹിന്ദു ഗേൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഈ വര്ഷം തന്നെ പെൺകുട്ടികളും ആൺകുട്ടികളും ഉൾച്ചേർന്ന വിദ്യാലയമായിരുന്നു ഇത്. സമൂഹത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഇവിടെ പഠനം നടത്തിയിരുന്നത്. 1943 മുതൽ ഗേൾസ് എലിമെന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തെ പുനർ നാമകരണം ചെയ്തതായി കാണാം. ഈ കാലഘട്ടത്തിൽ ഹിന്ദു മതവിഭാഗത്തിലെ മുന്നോക്ക സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം തന്നെ പിന്നോക്കം നിൽക്കുന്നവരും പഠനം നടത്തിയിരുന്നതായി കാണുന്നു. 1946 മുതൽ വിദ്യാലയം സൗത്ത് കൂത്തുപറമ്പ് ഹയർ എലിമെന്ററി സ്കൂൾ (എസ്.കെ.എച്ച്.ഇ.എസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. എട്ടാം ക്ലാസ്സുവരെ ഇ.എസ്.എസ്.എൽ.സി പഠനം നടന്നിരുന്ന വിദ്യാലയമായിരുന്നു ഇത്.1958-ലാണ് അവസാന ഇ.എസ്.എസ്.എൽ.സി ബാച്ച് പഠനം പൂർത്തിയാക്കിയത്. 1957-മുതൽ ഇന്നത്തെ പേരായ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.