സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/ക്രിസ്തുമസ് സമ്മാനം

ക്രിസ്തുമസ് സമ്മാനം
ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്ന ദിവസമാണ്. അന്നയും ടോമും അതിരാവിലെ എഴുന്നേറ്റു. അമ്മ അടുക്കളയിൽ പണിയിലാണ്. അപ്പച്ചൻ പണിക്കു പോകാൻ തയ്യാറാകുന്നു. ടോം ആദ്യം എഴുന്നേറ്റു . എന്നിട്ട് അനുജത്തി അന്നയെ വിളിച്ചുണർത്തി. അന്നേ എഴുന്നേൽക്ക്. പഠിക്കണ്ടേ . അന്ന അഞ്ചാം ക്ലാസിലും ടോം എട്ടാം ക്ലാസിലും ആണ് പഠിക്കുന്നത്. അന്നേ എഴുന്നേൽക്ക് പരീക്ഷയ്ക്ക് മാർക്ക് വാങ്ങണ്ടേ .അങ്ങനെ അന്ന എഴുന്നേറ്റു. രണ്ടുപേരും ഇരുന്നു പഠിച്ചു . ടോമി, അന്നേ അപ്പച്ചൻ പണിക്കു പോവുകയാ. പൗലോസ് വിളിച്ചുപറഞ്ഞു. അപ്പച്ചാ ഞങ്ങൾക്ക് ഇന്ന് ക്രിസ്തുമസ് പരീക്ഷ തുടങ്ങുകയാണ്. പ്രാർത്ഥിക്കണേ. അപ്പച്ചൻ എപ്പോഴും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഇന്നും പ്രാർത്ഥിച്ചു. പൗലോസ് പറഞ്ഞു. രണ്ടുപേരും എന്തോ പറയാൻ ശ്രമിക്കുന്നു. നീ പറയ് , ചേട്ടൻ പറയ് . എന്താ മക്കളെ നിങ്ങൾ എന്താ പറയാൻ പോകുന്നത് . പൗലോസ് ചോദിച്ചു. അപ്പച്ചാ ക്രിസ്തുമസ് ആകാറായി. ഞങ്ങളുടെ കൂട്ടുകാരുടെ വീട്ടിൽ എല്ലാം നക്ഷത്രം ഇട്ടു കഴിഞ്ഞു. പുൽക്കൂട് ഒരുക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. നമ്മുടെ വീട്ടിൽ മാത്രം നക്ഷത്രവും പുൽക്കൂടും ഒന്നുമില്ല. എനിക്കറിയാം മക്കളെ നിങ്ങൾക്ക് പുൽക്കൂട് ഒരുക്കുവാനും നക്ഷത്രം ഇടുവാനും .വളരെ ആഗ്രഹമാണെന്ന്. പക്ഷേ അപ്പച്ചന്റെ കയ്യിൽ ഇപ്പോൾ കാശ് ഒന്നും ഇല്ല. ക്രിസ്തുമസിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. നക്ഷത്രം വാങ്ങാൻ അപ്പച്ചൻ പൈസ തരാം. ശരി അപ്പച്ചാ. റാണി ഞാൻ ഇറങ്ങുകയാണ്. ഞാൻ വരുന്നു. റാണി അടുക്കളയിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. മക്കളെ നിങ്ങൾ പോയിരുന്നു പഠിച്ചേ.റാണി രണ്ടുപേരെയും മുറിയിലേക്ക് പറഞ്ഞു വിട്ടു. എന്തിനാ പൗലോച്ചാ നിങ്ങൾ പിള്ളേർക്ക് വാക്കുകൊടുത്തത്. വീട്ടിലെ ആവശ്യത്തിനുള്ള സാധനങ്ങൾ പോലും വാങ്ങാൻ നിങ്ങളുടെ കൂലി തികയുന്നില്ല. പിന്നെങ്ങനെയാ പിള്ളേർക്ക് നക്ഷത്രം വാങ്ങാനുള്ള പൈസ കൊടുക്കുക. അവരുടെ ആഗ്രഹങ്ങൾ ഒന്നും നിറവേറ്റാൻ എനിക്ക് പറ്റിയിട്ടില്ല .അവരുടെ ചെറിയ ആഗ്രഹം എങ്കിലും എനിക്ക് സാധിച്ചു കൊടുക്കണ്ടേ എങ്ങനെയെങ്കിലും കാശ് കിട്ടും. ഞാൻ പോണു റാണി. പൗലോസ് ഒരു ദീർഘശ്വാസം വലിച്ചു നടന്നു. റാണി അകത്തേക്ക് പോയി. എന്താ മക്കളെ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്. പരീക്ഷ അല്ലേ ഇരുന്ന് പഠിക്ക്. അമ്മ ഞങ്ങൾ അപ്പച്ചനോട് കാശ് ചോദിച്ചത് അപ്പച്ചന് വിഷമം ആയി അല്ലേ. അപ്പച്ചന്റെകയ്യിൽ പണമില്ല എന്ന് ഞങ്ങൾക്കറിയാം പക്ഷേ ഞങ്ങളുടെ നക്ഷത്രം ഇടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോയതാ, അന്ന മോൾ പറഞ്ഞു. മക്കൾ വിഷമിക്കേണ്ട കാശ് കിട്ടും. ഇപ്പോ ഇരുന്ന് പഠിക്ക്. അങ്ങനെ രണ്ടുപേരും സ്കൂളിലേക്ക് പോകാൻ തയ്യാറായി ഭക്ഷണം കഴിച്ച് അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. സ്കൂളിലേക്ക് പോകും വഴി അന്ന ടോമിനോട് പറഞ്ഞു. ചേട്ടാ എല്ലാവരെയും പോലെ പുൽക്കൂട് ഒരുക്കുവാനോ നക്ഷത്രം ഇടുവാനോ നമുക്ക് കഴിയുന്നില്ലല്ലോ. അന്ന മോളേ, മോള് വിഷമിക്കേണ്ട. എല്ലാം നടക്കും ചേട്ടൻ അവളെ ആശ്വസിപ്പിച്ചു. പരീക്ഷ എഴുതുമ്പോഴും അന്നയുടെയും ടോമിനേയും ചിന്ത പുൽക്കൂടും നക്ഷത്രവും ഒക്കെയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങി അന്ന ചേട്ടനെ കാത്തുനിന്നു. അന്നമോളെ നിനക്ക് പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു? നന്നായിരുന്നു ചേട്ടാ അന്ന പറഞ്ഞു. ചേട്ടനോ, കുഴപ്പമില്ലായിരുന്നു . രണ്ടുപേരും വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി .അമ്മ ചോദിച്ചു. എങ്ങനെയുണ്ടായിരുന്നു മക്കളെ പരീക്ഷ. നന്നായിരുന്നു അമ്മെ രണ്ടുപേരും മറുപടി നൽകി. രണ്ടുപേരും ചായകുടിച്ച് പഠിക്കാനിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പൗലോസ് പണി കഴിഞ്ഞു വന്നു. അപ്പച്ചൻ വരുന്നത് കണ്ടു അന്ന ചേട്ടനോട് പറഞ്ഞു. ചേട്ടാ വാ അപ്പച്ചൻ വന്നു. രണ്ടുപേരും അപ്പച്ചന്റെഅടുത്തേക്ക ചെന്നു . മക്കളെ ഇന്ന് കിട്ടിയ കൂലി കൊണ്ട് അത്യാവശ്യം വീട്ടുസാധനങ്ങൾ വാങ്ങാൻ മാത്രമേ സാധിച്ചുള്ളൂ. നക്ഷത്രം വാങ്ങാനുള്ള പൈസ തികയില്ല. രണ്ടുപേരുടെയും മുഖം വാടി. രണ്ടുപേരും ദുഃഖിച്ചു മുറിയിലേക്ക് കയറിപ്പോയി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി നാളെ ക്രിസ്മസ് പരീക്ഷ തീരുകയാണ് അന്ന പറഞ്ഞു. ടോം പറഞ്ഞു ,അന്നമോളെ നമ്മുടെ അപ്പച്ചന് വളരെ കുറച്ചു കൂലിയെ ലഭിക്കുന്നുള്ളൂ അതുകൊണ്ട് ഇനി നമുക്ക് നക്ഷത്രം വാങ്ങാൻ അപ്പച്ചനോട് പൈസ ചോദിക്കേണ്ട. നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് മറക്കാം. അല്പം വിഷമത്തോടെ കൂടി അന്ന സമ്മതിച്ചു തലയാട്ടി. സ്കൂളിലേക്ക് പോകുന്ന എല്ലാ ദിവസങ്ങളിലും ടോമും,അന്നയും കടയിലെ എല്ലാ നക്ഷത്രങ്ങളും നോക്കുമായിരുന്നു. ഇന്നും അവർ നക്ഷത്രങ്ങളെ നോക്കി . രണ്ടുപേരും പരീക്ഷയെഴുതി സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി. രാത്രിയായി പൗലോസ് പണി കഴിഞ്ഞു വന്നു കുട്ടികളെ വിളിച്ചു. ടോമെ അന്നേ കുറച്ചു പൈസ ഉണ്ട് അതുകൊണ്ട് നിങ്ങൾ നക്ഷത്രം വായിക്കോ. സന്തോഷത്തോടെ അവർ ആ പൈസ വാങ്ങി. പിറ്റേദിവസം രാവിലെ സ്കൂളിലേക്ക് പോയി. സ്കൂളിലേക്ക് പോകുന്ന വഴിയിൽ തങ്ങൾ വാങ്ങാൻ പോകുന്ന നക്ഷത്രത്തെ കുറിച്ച് അതിന്റെ നിറത്തെ കുറിച്ചും ഒക്കെ ആയിരുന്നു അവർ സംസാരിച്ചിരുന്നത്. അങ്ങനെ കടയുടെ മുന്നിൽ എത്തി. ഏതു നക്ഷത്രം വാങ്ങണം എന്ന് അറിയാൻ അവർ കടയിൽ കയറി നോക്കി. ചേട്ടാ ഇതു മതി അന്ന വിളിച്ചുപറഞ്ഞു. ശരി മോളെ നമുക്ക് പരീക്ഷ കഴിഞ്ഞു വന്നിട്ട് ഇത് വാങ്ങാം. അങ്ങനെ അവർ സ്കൂളിലേക്ക് നടന്നു. വഴിയരികിൽ ഒരു വൃദ്ധ സ്ത്രീ ഇരിക്കുന്നു. വിശപ്പുകൊണ്ട് അവർ വാവിട്ടു നിലവിളിച്ചു, പിന്നെ കീറിയ വസ്ത്രങ്ങൾ, ആളുകൾ എറിഞ്ഞു കൊടുക്കുന്ന പൈസ അവർ പെറുക്കി എടുക്കാൻ ശ്രമിക്കുന്നു. ടോമും അന്നയും അടുത്തെത്തിയപ്പോൾ അവർ അവരെ നോക്കി കരഞ്ഞു. അത് അവർക്കും വിഷമമായി . പരീക്ഷ എഴുതുന്ന സമയത്തും അവർ ആ വൃദ്ധ അമ്മുമ്മയെക്കുറിച്ച് ആയിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്. പരീക്ഷ കഴിഞ്ഞ് ഇറങ്ങി ടോം അന്നയോട് പറഞ്ഞു, മോളെ നമ്മുടെ അപ്പച്ചന് കൂലി കുറച്ചാണ് കിട്ടുന്നതെങ്കിലും ഇതുവരെ പട്ടണി കിടക്കേണ്ട അവസ്ഥ നമുക്ക് വന്നിട്ടില്ല. എന്നാൽ ആ അമ്മൂമ്മയ്ക്ക് ഒന്നും ഇല്ല. നല്ല വസ്ത്രമോ ഭക്ഷണമോ എന്തിന് കിടക്കാൻ ഒരു വീടോ ആ അമ്മൂമ്മയ്ക്ക് ഇല്ല. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നിലവിളിക്കുന്ന അവരുടെ മുൻപിൽകൂടി നക്ഷത്രവും വാങ്ങി പോകുന്നത് ശരിയാണെന്ന് മോൾക്ക് തോന്നുന്നുണ്ടോ . ഇല്ല ചേട്ടാ അത് ശരിയല്ല. അതുകൊണ്ട് നമുക്ക് ഈ കാശ് അമ്മൂമ്മയ്ക്ക് കൊടുത്തേക്കാം. അമ്മ എപ്പോഴും പറയാറില്ലേ ക്രിസ്തുമസിന് ഉണ്ണീശോയ്ക്ക് സമ്മാനം കൊടുക്കണം എന്ന്. നമ്മളുടെ ഈ പ്രവൃത്തി കണ്ട് ഉണ്ണീശോ സന്തോഷിക്കട്ടെ. അതുകൊണ്ട് ഈ കാശ് നമുക്ക് അമ്മൂമ്മയ്ക്ക് കൊടുത്തേക്കാം നക്ഷത്ര ആഗ്രഹങ്ങൾ ഒക്കെ മറന്ന് ചേട്ടനും അനുജത്തിയും കൂടി ആ കാശിന് ഭക്ഷണം വാങ്ങി അമ്മൂമ്മയ്ക്ക് കൊടുത്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ കുട്ടികളെ നോക്കി കണ്ണീരോടെ പുഞ്ചിരിച്ചു. രണ്ടുപേരും ബാക്കിവന്ന പൈസയ്ക്ക് മെഴുകുതിരി വാങ്ങി ഉണ്ണിയേശുവിന്റെ മുൻപിൽ കത്തിച്ച് വീട്ടിലേക്ക് മടങ്ങി. നക്ഷത്രം കാണുവാൻ ഉമ്മറത്ത് അവരെ കാത്തിരിക്കുകയായിരുന്നു അമ്മയും അപ്പച്ചനും. അമ്മ അവരോടു ചോദിച്ചു, നക്ഷത്രം എവിടെ മക്കളെ . നടന്ന കാര്യങ്ങളെല്ലാം അവർ അപ്പച്ചനോടും അമ്മയോടും പറഞ്ഞു. അതു കേട്ട് പൗലോസ് പറഞ്ഞു. മക്കളെ ഇല്ലായ്മയിലും മറ്റുള്ളവരെ സഹായിക്കാൻ കാണിച്ച നിങ്ങളുടെ മനസ്സ് ഉണ്ണിയേശു കാണാതിരിക്കില്ല. അങ്ങനെ ക്രിസ്മസിനെ തലേദിവസം ആയി. എല്ലാവീടുകളിലും പുൽക്കൂടും നക്ഷത്രവും ലൈറ്റുകളും തിളങ്ങുന്ന കാഴ്ച അവർ ഉമ്മറത്തിരുന്ന് കണ്ടു. കുറച്ചുകഴിഞ്ഞ് അവർ അകത്തേക്ക് കയറിപ്പോയി. പണി കഴിഞ്ഞെത്തിയ പൗലോസ് മക്കളെയും ഭാര്യയെയും വിളിച്ചു. അന്നേ, ടോമെ, റാണി, ഇങ്ങോട്ടൊന്നു വന്നേ. ദേ ഇതൊന്നു നോക്കിയേ, ഈ നക്ഷത്രവും ലൈറ്റുകളും പുൽക്കൂട് സാധനങ്ങളും നിങ്ങൾക്ക് ഇഷ്ടമായോ. ഹായ് എന്തു ഭംഗിയാണ് കാണാൻ ഭാര്യയും മക്കളും പറഞ്ഞു. കുട്ടികൾ ചോദിച്ചു അപ്പച്ചാ ഇതൊക്കെ വാങ്ങാനുള്ള കാശ് എവിടുന്ന് കിട്ടി. അതൊക്കെ പിന്നെ പറയാം ഇപ്പോൾ നമുക്ക് ഈ പുൽക്കൂട് ലൈറ്റുകളും നക്ഷത്രവും ഒക്കെ ഒരുക്കാം. എല്ലാമൊരുക്കി അവർ അകത്തേക്ക് കയറി. അമ്മ പുറത്തേക്ക് വന്നു പറഞ്ഞു . നല്ല ഭംഗിയുണ്ട് കാണാൻ ഇനി പറ പൗലോച്ചാ ഇതൊക്കെ വാങ്ങാനുള്ള കാശ് എവിടുന്നാ കിട്ടിയത്. റാണി, നാളെ ക്രിസ്തുമസ് ആയതുകൊണ്ട് എൻറെ മുതലാളി കുറച്ച് അധികം കാശ് കൂട്ടി തന്നു. ആ കാശിനാ ഇതൊക്കെ വാങ്ങിയത്. ഞാൻ പറഞ്ഞില്ലേ മക്കളേ ഇല്ലായ്മയിലും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് ഉണ്ണിയേശു കാണാതിരിക്കില്ലെന്ന്. ശരിയാണ് അപ്പച്ചാ. രണ്ടുപേരും പുറത്തേക്കിറങ്ങി ഉമ്മറത്തിരുന്ന് ചുറ്റും നോക്കി. മറ്റുവീടുകളിലെപ്പോലെ തങ്ങളുടെ വീട്ടിലും പുൽക്കൂടും നക്ഷത്രം ലൈറ്റുകളും തിളങ്ങുന്ന കാഴ്ച അവർ സന്തോഷത്തോടെ നോക്കിക്കണ്ടു. അവരുടെ സന്തോഷം കണ്ടു പൗലോസിനും റാണിക്കും സമാധാനമായി. ടോമും അന്നയും പുൽകൂട്ടിലെ ഉണ്ണിയേശുവിനെ നോക്കി പുഞ്ചിരിച്ചു. അവരുടെ സന്തോഷം കണ്ടു ആകാശത്തിലെ നക്ഷത്രങ്ങൾ അവരെ നോക്കി കണ്ണുചിമ്മി പുഞ്ചിരിച്ചു.
സാനിയ ഫിലോമിന
10 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ