മഴ പെയ്ത് കവിഞ്ഞ് പുഴകൾ രാവിൽ
മലയാളനാട്ടിൽ പ്രളയമായി
മലപോലെ വന്നു തകർത്തു എല്ലാ
മരവും പറിച്ചെറിഞ്ഞു.
അനുവാദമില്ലാതകത്തു വന്നു
ആരെയും പേടിയില്ലായിരുന്നു.
വീടും അതിലെ സാധനങ്ങളും
ചെളിയിൽ പുതഞ്ഞു
പക്ഷി-മൃഗാദികളും പാത്രങ്ങളും
പുരയും കൃഷിയും ഒലിച്ചു പോയി
തീരത്തെ മുക്കിക്കളഞ്ഞു വീണ്ടും
തീരാ പകപോലെ നടന്നടുത്തു.
ഒരു ജീവിതം കൊണ്ട് തീർത്തല്ലോ
ഒരു രാത്രിയിൽ ചെളിക്കോലയായി
മരണം കവർന്ന കുരുന്നു മക്കൾ
മലയാള മണ്ണിന്റെ നെഞ്ച് വിരിച്ചു.
കൂടപ്പിറപ്പുകൾക്കായി മൊത്തം
കേരളം കൈ കോർത്ത് കൂടെ നിന്നു
കരയുടെ രോദനം കേട്ടറിഞ്ഞു.
കടലിന്റെ മക്കൾ കുതിച്ചു വന്നു.
കൊന്നും കൊലവിളിച്ചും നടന്നോർ
കണ്ണീരിൻ വില കണ്ടറിഞ്ഞു
കൊണ്ടു കൊടുത്തും കഴിഞ്ഞ കാലം
കണ്ടു മലയാള നാടു വീണ്ടും
മാഞ്ഞു പോയി ജാതിവ്യത്യാസമെല്ലാം
മത വേർതിരിവുകൾ മായയായി.
മരണം മനസിൽ മുളച്ച നേരം
മനുഷ്യരൊക്കെ ഒന്നായി മാറി
കാലം പഠിപ്പിച്ച പാഠങ്ങളെ
കേരളനാട് മറക്കില്ല.
നേടും തിരിച്ചെടുക്കും സർവ്വതും
നമ്മൾ പടുത്തുയർത്തും നാടും.
ഒന്നായി നിൽക്കാം ഒരൊറ്റ ശരീരമായി
ഒരു നവകേരളം വാർത്തെടുക്കാം
നാളെ സ്മരിക്കട്ടെ കേരളം
നാടിൻ അതിജീവന ചരിത്രം.