മുക്കുവൻ പറഞ്ഞ സത്യം
വളരെ കാലങ്ങൾക്കു മുമ്പ് ഒരു രാജ്യം ഉണ്ടായിരുന്നു .സുന്ദരമായ മണി മാളികകളും ഗോപുരങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു ആ രാജ്യം. സുന്ദരമായ ഉദ്യാനങ്ങളും അതിസുന്ദരമായ വനങ്ങളും മനോഹരങ്ങളായ തടാകങ്ങളും കുളങ്ങളും എല്ലാം കൊണ്ട് വളരെ മനോഹരമായിരുന്നു ആ രാജ്യം.നാടുകളിൽ ആണെങ്കിൽ ദാരിദ്ര്യം എന്തെന്ന് അറിയാത്ത മനുഷ്യൻ വളരെ സന്തോഷത്തോടെ ജീവിച്ചു പോന്നു.
എന്നാൽ അവിടെ എല്ലാം അന്ധവിശ്വാസങ്ങൾ ഒട്ടനവധി ഉണ്ടായിരുന്നു.രാജ്യത്തിലെ ഒരു നാട്ടിൽ ഉണ്ടായിരുന്നവർ വിശ്വസിച്ചിരുന്നത് അവിടെ വെള്ളം ദുരുപയോഗം ചെയ്താൽ ഭൂമീദേവി കോപിച്ച് വെള്ളം ഇല്ലാതാകുമെന്ന് ആയിരുന്നു. അതിനാൽ തന്നെ അവർ കൃഷിക്കും പാചകത്തിനും മാത്രമായി വെള്ളം ഉപയോഗിച്ചുപോന്നു .കാണാൻ ശുചിത്വം ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമായിരുന്നു അവർ സ്നാനം ചെയ്തിരുന്നത്. അങ്ങനെയൊക്കെ ആയിരുന്നു സ്ഥിതി എങ്കിലും ആ രാജ്യം സ്വർഗ്ഗത്തെ വെല്ലുന്നതായിരുന്നു. അതുകൊണ്ടുതന്നെ അവിടെ വരുവാനും വന്നു താമസിക്കുവാനും എല്ലാവരും അതിയായി ആഗ്രഹിച്ചിരുന്നു .ഈ രാജ്യം ഭരിച്ചിരുന്നത് ഒരു നീതിമാനും സത്യ നിഷ്ഠ ഉള്ളവനുമായ ഒരു രാജാവായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അവിടെയുള്ള ഒരു നാട്ടിൽ ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു . എല്ലാവരും ആ മഹാമാരിയാൽ വലഞ്ഞു . വൈദ്യൻമാർക്ക് ഇത് എന്ത് വ്യാധി ആണെന്ന് കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഏതു ഗ്രന്ഥത്തിലാണ് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്നും അവർക്ക് കണ്ടെത്താനായില്ല. രാജാവിനെ ഈ സ്ഥിതി അസ്വസ്ഥനാക്കി . അദ്ദേഹം തന്നെ ഇതിനൊരു പ്രതിവിധി കണ്ടെത്താൻ തീരുമാനിച്ചു. ഒരു യുവ ബ്രാഹ്മണ സന്യാസിയുടെ രൂപത്തിൽ രാജാവ് നാട്ടിലൂടെ സഞ്ചരിച്ചു. പ്രച്ഛന്ന വേഷ ധാരിയായ രാജാവിനെ തിരിച്ചറിയാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല .അവിടെ അദ്ദേഹം കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു . രോഗം ബാധിച്ചവരെ കണ്ടാൽ ആരും അറയ്ക്കും . രോഗം ബാധിച്ച ഒരുപാട് ആൾക്കാർ കാലപുരി പ്രാപിക്കുകയും ചെയ്തു. ഒരുപാട് തിരഞ്ഞിട്ടും എങ്ങനെയാണ് ഈ രോഗം ഉണ്ടായത് എന്ന് അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല .അങ്ങനെ അദ്ദേഹം വിഷണ്ണനായി ഒരു ആൽമരച്ചുവട്ടിൽ ഇരുപ്പായി.
കുറെ കഴിഞ്ഞപ്പോൾ ഒരു മുക്കുവൻ അതുവഴി വന്നു .യുവ ബ്രാഹ്മണസന്യാസിയെ കണ്ട മുക്കുവൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു" അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠ അങ്ങ് എന്താണ് ഇങ്ങനെ വിഷണ്ണനായി ആൽത്തറയിൽ ഇരിക്കുന്നത്", അതിനു മറുപടിയായി താൻ വന്നത് എന്തിനാണെന്നും വിഷമകാരണം എന്താണെന്നും അദ്ദേഹം അറിയിച്ചു .ഇതിന് പ്രതിവിധി കണ്ടില്ലെങ്കിൽ ആ രാജ്യം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ മുഴുവൻ മറുപടി തികച്ചും ശാന്തമായിരുന്നു .ഇതൊരു വലിയ പ്രശ്നമല്ല ,ഞങ്ങളുടെ നാടുമായി അതിർത്തി പങ്കിടുന്ന ഒരു നാടാണിത് .എന്നാൽ ഞങ്ങൾ അവരെ പോലെ അല്ല . ഞങ്ങളുമായി അവർ നിത്യേന സമ്പർക്കം പുലർത്തുന്നുണ്ടെങ്കിലും ഞങ്ങൾക്ക് ആ രോഗം പിടിപെട്ടില്ല ,കാരണം ഞങ്ങൾ മുക്കുവന്മാർ ആണെങ്കിലും വൃത്തിയായിരിക്കാൻ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട് . രോഗം വരാതിരിക്കാൻ ശുചിത്വം അത്യാവശ്യമാണ് .ഈ തത്വം അവർ മറന്നുകളഞ്ഞു. അന്ധവിശ്വാസങ്ങളിൽ മുങ്ങിത്താണു കിടക്കുന്ന അവർ സത്യം എന്താണെന്നും മിഥ്യ എന്താണെന്നും മനസ്സിലാകുന്നില്ല. അവർ ശുചിത്വം പാലിക്കുകയാണെങ്കിൽ ഈ വ്യാധി തനിയെ പൊയ്ക്കൊള്ളും. ഇത് പറഞ്ഞതിനുശേഷം മുഴുവൻ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി .
ആ മുക്കുവൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് രാജാവ് അവിടെ തന്നെ കുറെ നേരം ഇരുന്നു. അതിനുശേഷം അദ്ദേഹം അത്യന്തം സന്തോഷവാനായി കൊട്ടാരത്തിലേക്ക് മടങ്ങി. കൊട്ടാരത്തിൽ എത്തിയ ഉടനെ തന്നെ മുക്കുവൻ പറഞ്ഞ തത്വം രാജ്യമെമ്പാടും പ്രചരിപ്പിച്ചു. വൃത്തിയോടെ ജീവിക്കുവാൻ അങ്ങനെ അവർ പരിശീലിക്കുകയും പതിയെ രോഗം അവരെ വിട്ടു പോവുകയും ചെയ്തു .പിന്നീട് ആ രാജ്യവാസികൾ വളരെ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ
|