സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/രേണുവിന്റെ ചിരി

രേണുവിന്റെ ചിരി

ആകശത്തിലെ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങുന്ന രേണുകയുടെ ജീവിതത്തിലേക്ക് ഒരു മിന്നായം പോലെ കടന്നു പോയ നിമിഷങ്ങൾ. ജീവിത്തിന്റെ മധുരം അറിയാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞു പക്ഷിയെപ്പോലെ ചിറകുകൾ നിവർത്തി പറക്കാൻ തുടങ്ങുന്ന സമയം. തേനിന്റെ രുചിയറിയുവാൻ മോഹിക്കുന്ന പൂമ്പാറ്റയുടെ ആവേശം അവളിൽ നിലകൊള്ളുന്നുണ്ടായിരുന്നു. കൂട്ടുകാരോടൊപ്പം പട്ടങ്ങൾ പറത്തി കളിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി അവശേഷിച്ചിരുന്നു. പകലിന്റെ സൗന്ദര്യം നേരിട്ട് അനുഭവിച്ച ബാലിക. തന്റെ ബാല്യത്തിലും ഭാവിയിലും സന്തോഷം കണ്ടെത്തുന്നവൾ. പക്ഷെ, ഇതുവരെ അവശേഷിച്ചിരുന്ന പുഞ്ചിരിക്ക് ഇന്ന് മനസ്സറിഞ്ഞ് ആഘോഷിക്കാൻ കഴിയാതായിരിക്കുന്നു. പട്ടുപോലെ മൃദുലമായ ആ ചെറിയ കവളിൽ കാട്ടരുവിപോലെ ഒഴുകുന്ന കണ്ണീർ പ്രത്യക്ഷപ്പെട്ടു. ആരേയും ആകർഷിക്കാൻ കഴിയുന്ന കണ്ണുകൾ കത്തിജ്ജ്വലിക്കുന്ന സൂര്യനെപ്പോലെ ആയിത്തീർന്നു. സന്തോഷത്തിന്റെ ദിനങ്ങൾക്ക് തകർച്ച ഏറ്റിരിക്കുന്നു. രാപ്പകൽ തിരിച്ചറിയാൻ കഴിയാതെ കടന്നു പോവുന്ന നെടുവീർപ്പിന്റെ നിമിഷങ്ങൾ. എന്നത്തെയും പോലെ ആയിരുന്നില്ല അന്ന് അവൾ. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ദിനം. കളിക്കാൻ ചെന്ന രേണു ഉച്ചവെയിലിന്റെ ചൂടിൽ കുഴഞ്ഞു വിണു. പിന്നീട് കുറച്ചു കാലത്തേക്ക് അവളുടെ മുഖ്യ ശത്രു പനിയും ചുമയുമായി മാറി. തന്റെ ജീവിതം ഇനി മുന്നോട്ടു പോവില്ല എന്നായപ്പോൾ അവളും അതിനോട് പതുക്കെ കീഴടങ്ങുവാൻ തുടങ്ങി. തന്റെ ഏക പുത്രിയെ ആ അവസ്ഥയിൽ കണ്ട് നെഞ്ചുപൊട്ടി കരഞ്ഞിരുന്നു അവളുടെ അമ്മ. കാര്യങ്ങൾ കൈവിട്ടു പോകുവാൻ തുടങ്ങിയപ്പോൾ എടുത്ത് ഓടിയിരുന്നു തന്റെ മകളെ നാട്ടിലുള്ള ആശുപത്രികളിൽ. ആളുകൾക്ക് ഒരു കാഴ്ച വസ്തുവായി മാറിയിരുന്നു അവൾ. ആരെയും ഭയപ്പെടുന്ന ആ നോട്ടം അവൾ അറിഞ്ഞിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്നും വന്ന അമ്മയ്ക്ക് തന്റെ കണ്ണുനീർ പിടിച്ചുവയ്ക്കാൻ സാധിച്ചില്ല. സ്വന്തം മകളെ നെഞ്ചോടു ചേർത്തു പിടിച്ച് മനസ്സുരുകി ആശുപത്രിയുടെ കോണിലിരുന്ന് പെയ്തിട്ടും പെയ്തിട്ടും തീരാത്ത മഴപോലെ ആ അമ്മ കരഞ്ഞു. തന്റെ കകൈകളിൽ നിന്നും മകളെ അവർ കൊണ്ടുപോയി. പിന്നീടുള്ള നാളുകൾ അവൾക്കും അമ്മയ്ക്കും നരകതുല്ല്യമായിരുന്നു. തന്റെ മകളെ ഒരു നോക്കു കാണുവാൻ പോലും സാധിക്കാതെ കണ്ണുനീർ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുപോലെ അമ്മയുടെ കണ്ണുകളിൽ വന്നു നിറഞ്ഞു. അമ്മയുടെ അരികിൽ നിന്നും അവളെ അവർ കൊണ്ടുപോയത് മരണത്തെപ്പോലും പേടിപ്പിക്കുന്ന മുറിയിലേക്കായിരുന്നു. തന്റെ ദേഹം മുഴുവൻ പുലിയുടെ പുറത്തെ പുള്ളികൾ പോലുള്ള വസ്തുക്കൾ കൊണ്ട് ഒട്ടിച്ചു വച്ചിരുന്നു. അമ്മയെ കാണുവാൻ കഴിയാത്ത സങ്കടത്തിൽ ഇഞ്ചക്ഷന്റെ വേദന അവൾ അറിഞ്ഞില്ല. തന്റെ ചുണ്ടും മൂക്കും ഏതോ ഒരു സാധനം വച്ച് പൊതിഞ്ഞതിനാൽ മനസ്സറിഞ്ഞ് കരയാൻ അവൾക്ക് സാധിച്ചില്ല. എന്നാലും മനസ്സിന്റെ ദുഖം അവളുടെ കണ്ണുകൾക്ക് നിയന്ത്രിക്കാനായില്ല. നീച്ചാലുപോലെ കണ്ണുനീർ അവളുടെ കവിളുകളിലൂടെ ഒഴുകിയിരുന്നു. കോരിപ്പെയ്യുന്ന തോരാമഴയിൽ വന്നും പോയും കളിക്കുന്ന വൈദ്യുതിയെപ്പോലെ ഡോക്ടറും നഴ്‌സും അവളെ ശുശ്രൂഷിക്കാൻ വന്നിരുന്നു. തന്റെ അമ്മയെ ഒരു നോക്ക് കാണുവാൻ അവൾ വരുന്നവരോട് കരഞ്ഞ് അപേക്ഷിച്ചരുന്നു. ശൂന്യാകാശത്തിൽ സന്ദർശനത്തിന് പോകുന്നവരുടെ വസ്ത്രമായിരുന്നു അവർ ധരിച്ചിരുന്നത്. അവൾക്ക് രാവും പകലും ഒരുപോലെ ആയിമാറി. ഒറ്റപ്പെട്ട അവസ്ഥയിൽ തന്റെ കൂടെയുണ്ടായിരുന്നത് ഓർമ്മകൾ മാത്രം. ഭൂമിയുടെ ചലനങ്ങൾപോലും തിരിച്ചറിയാൻ കഴിയുന്ന ശാന്തത. ഇടയക്ക് അവൾക്ക് നൽകിയിരുന്ന ഓരോ ഡോസിലും അവൾ മയങ്ങി. നീണ്ട ഇരുപത്തിയെട്ടു ദിവസങ്ങൾ അവൾ തള്ളി നീക്കി. ഓരോ ദിവസവും കടന്നുപോയത് അവൾ അറിഞ്ഞു. മരണത്തിൽ നിന്ന് എഴുന്നേറ്റ് വന്നപോലെ തിരിച്ചുവന്ന അവൾ ജീവൻ മരണ പോരാട്ടത്തിന് ശേഷം അമ്മയെ കണ്ടപ്പോൾ അവൾക്ക് കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നു. അവളെ അവസാനമായി കണ്ട ദിവസത്തെപ്പോലെ അന്നു കണ്ടപ്പോൾ അമ്മ ഓടിചെന്ന് അവളെ നെഞ്ചോടു ചേർത്തു പിടിച്ചു. പക്ഷേ, അന്ന് ആ അമ്മയുടെ കണ്ണിൽ ആനന്ദത്തിന്റേയും നന്ദിയുടേയും കണ്ണുനീരായിരുന്നു. തന്റെ പഴയ ജീവിതത്തിലേക്ക് അവൾ പതുക്കെ തിരിച്ചു വന്നു. പൊട്ടിയ കെട്ടുകൾ അവൾ പതുക്കെ കൂട്ടിക്കെട്ടി. കാലങ്ങൾ കടന്നു പോയി. എപ്പോഴോ ഒരിക്കൽ അമ്മയോട് എന്തിനാണ് അന്ന് ആശുപത്രിയിൽ കിടന്നതെന്ന് അവൾ ചോദിച്ചിരുന്നു. മനുഷ്യന്റെ ജീവനെടുക്കുന്ന മാരക രോഗമായ കോറോണയെയാണ് താൻ അതിജീവിച്ചതെന്ന് അറിഞ്ഞപ്പോൾ അവൾ ആശ്ചര്യപ്പെട്ടു. കടന്നുപോയ ദിനങ്ങൾ ഓരോ നിമിഷവും അവളുടെ കൺമുൻപിലൂടെ ഒരു മിന്നായം പോലെ വന്നു മാഞ്ഞു. പ്രഭാത സൂര്യനെകണ്ട് ആകശത്തേക്ക് നോക്കി നിന്നു. മുൻപ് മാഞ്ഞുപോയ ആ പുഞ്ചിരി അന്ന് തിരിച്ചുവന്നു.

പീലി പാമ്പള്ളി
8 A സെന്റ് ജോസഫ് സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കഥ