സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതി വിഭവങ്ങൾ-സംരക്ഷിക്കാം

പ്രകൃതി വിഭവങ്ങൾ-സംരക്ഷിക്കാം

പ്രകൃതി വിഭവങ്ങൾ-കാക്കാം കണ്ണിലുണ്ണിപോലെ
സബർമതി ആശ്രമത്തിൽ ധ്യാനത്തിന് തയ്യാറെടുക്കുകയായിരുന്നു ഗാന്ധിജി. അപ്പോഴാണ് ആശ്രമത്തിലെ ഒരു അന്തേവാസി സബർമതിനദിയിൽ നിന്നും ആവശ്യത്തിലധികം വെള്ളം എടുക്കുന്നത് കണ്ടത്. അയാളെ അടുത്തുവിളിച്ച ഗാന്ധിജി, അധികമായി എടുത്ത ജലം നദിയിലേക്ക് തിരികെ ഒഴിക്കാൻ നിർദ്ദേശിച്ചു. പ്രകൃതി വിഭവങ്ങൾ പാഴാക്കി കളയരുത് എന്ന നിർബന്ധമാണ് അദ്ദേഹത്തിനെ അതിന് പ്രേരിപ്പിച്ചത്. ഒരമ്മ കുഞ്ഞിനെ പരിപാലിക്കുന്നതുപോലെ ആവശ്യമുള്ളവയെല്ലാം നൽകിയാണ് പ്രകൃതി നമ്മെ സംരക്ഷിക്കുന്നത്. അവളുടെ മടിയിൽ വളരുന്ന നാം നമ്മുടെ അമ്മയായ അവളെ സംരക്ഷിക്കുക തന്നെ വേണം. നഷ്ടപ്പെടുത്തിയാൽ ഒരിക്കലും തിരികെ കിട്ടാത്ത സമ്പത്തിന്റെ കലവറയാണവൾ. അമൂല്യനിധിയാണ്.

പരിസ്ഥിതിയിലെ ചില വിശേഷങ്ങൾ
  ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. പരിസ്ഥിതി എന്ന മഹാത്ഭുതത്തെ രണ്ടായി തിരിക്കാം.   എല്ലാ സസ്യ, ജന്തുജാലങ്ങളും അടങ്ങിയ ജൈവപരിസ്ഥിതിയാണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തേത് ഭൂമിയുടെ പൊക്കം, ചെരിവ്, പ്രകാശം, സമ്മർദ്ദം, കാലാവസ്ഥ തുടങ്ങിയ അജൈവ പരിസ്ഥിതി. ഇവയുടെ സുഗമമായ പ്രവർത്തനത്തെയും അതിന് സഹായിക്കുന്ന ഘടങ്ങളേയും അവയിലുൾപ്പെട്ട സസ്യജന്തുജാലങ്ങളുടെ പരസ്പരബന്ധത്തെയുമാണ് പൊതുവെ 'അവാസവ്യവസ്ഥ' എന്നുപറയുന്നത്. കുളം, തടാകം, നദി, കടൽ, വനം തുടങ്ങിയവയെല്ലാം സ്വതന്ത്രമായ അവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങളാണ്. എല്ലാ അവാസവ്യവസ്ഥയിലും പല ഭക്ഷ്യശൃംഖലകൾ ഉണ്ടാകും. സസ്യങ്ങളിൽ നിന്നാണ് എല്ലാ ഭക്ഷ്യശൃംഖലയും തുടങ്ങുന്നത്. ഉദാഹരണത്തിന് കരയിലെ ഒരു ഭക്ഷ്യശൃംഖല നോക്കാം. പുല്ല് തിന്നുന്ന പുൽച്ചാടി, പുൽച്ചാടിയെ തിന്നുന്ന തവള, തവളയെ തിന്നുന്ന പാമ്പ്, പാമ്പിനെ തിന്നുന്ന പരുന്ത്. ഇങ്ങനെ പലപല ജീവികൾ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നതിന്റെ ഫലമായാണ് പരിസ്ഥിതിയിൽ സന്തുലിതാവസ്ഥ അഥവാ ബാലൻസ് ഉണ്ടാവുന്നത്.

പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയുടെ ജീവനാഡിയാണ് ജൈവവൈവിധ്യം. ഏറെ ജൈവവൈവിധ്യമുള്ള ഒരു പ്രദേശത്ത് സാധാരണയായി ഒരു സസ്യ, ജന്തു ജാതിക്കും പരിസ്ഥിതിയുടെ സന്തുലിതാഅവസ്ഥ തെറ്റിക്കുന്ന രീതിയിൽ വംശവർധന നടത്താൻ സാധിക്കില്ല. ഇത് ഉറപ്പാക്കാനുള്ള സംവിധാനം പ്രകൃതിയിലുണ്ട്. എന്നാൽ ജൈവവ്യവസ്ഥയിൽ ഒരു ജീവിയുടെ എണ്ണം മാത്രം ക്രമാതീതമായി വർധിച്ചാൽ അത് ഗുരുതരമായ പരിസ്ഥിതിപ്രശ്നം ഉണ്ടാക്കുന്നു. അവിടുത്തെ ജൈവവൈവിധ്യം കുറയാനും അത് കാരണമാകും. ഇങ്ങനെ പ്രകൃതിയുടെ സകലകണക്കുക്കൂട്ടലുകളും തെറ്റിച്ചു പെരുകിയ ജീവിയാണ് മനുഷ്യൻ. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യരുടെ എണ്ണം വളരെ ഏറെ വർധിച്ചു. ഇതിന്റെ ഫലമായി മലിനീകരണം ഉൾപ്പെടെയുള്ള പലവിധ പരിസ്ഥിതിപ്രശ്നങ്ങൾ ലോകത്തുണ്ടായി പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനമാർഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണെന്ന് ഇന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സസ്യജന്തുജാലങ്ങളെ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ സംരക്ഷിക്കുന്ന നാഷണൽ പാർക്കുകളും വന്യജീവിസങ്കേതങ്ങളും ബയോസ്ഫിയർ റിസർവുകളും ഒക്കെ വിവിധ ലോകരാജ്യങ്ങളിൽ രൂപംകൊണ്ടത്. ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മയ്ക്കായി ജൈവവൈവിധ്യം സംരക്ഷിക്കാൻ ആഗോളതലത്തിൽ രൂപംകൊടുത്ത കരാറാണ് 'കൺവെൻഷൻ ഓൺ ബയോളോജിക്കൽ ഡൈവേഴ്സിറ്റി'. 1993ൽ നിലവിൽ വന്ന ഈ കരാറിൽ ഇന്ത്യ അടക്കം 170ൽ ഏറെ രാജ്യങ്ങൾ ഒപ്പ് വച്ചിട്ടുണ്ട്. ഈ കരാറിനെ പിൻന്താങ്ങാനായി ബിയോളോജിക്കൽ ഡൈവേഴ്സിറ്റി ആക്ട് എന്ന ഒരു കേന്ദ്ര നിയമം ഇന്ത്യൻ സർക്കാർ 2002ൽ പാസാക്കിയിട്ടുണ്ട്.

പരിസ്ഥിതിയെകൊന്നൊടുക്കുന്നവർ
 മനുഷ്യപുരോഗതിയുടെ എല്ലാഘട്ടങ്ങളിലും നമ്മുക്ക് തണലായി നിന്നത് വനങ്ങളാണല്ലോ. എന്നാൽ, കാലമേറെച്ചെന്നപ്പോൾ കാടുകട്ടുമുടിക്കുന്നതായി പുരോഗതിയുടെ ലക്ഷണം. നാട് നാടായിരിക്കണമെങ്കിൽ കാട് കൂടിയേതീരു. കാടില്ലെങ്കിൽ നാടിനോ മനുഷ്യനോ നിലനിൽപ്പില്ല. ഈ സത്യം മനസിലാക്കാത്ത ഒരേയൊരു ജീവിയെ ഇന്ന് പ്രകൃതിയിലുള്ളൂ -മനുഷ്യൻ!  ഓരോ ദിവസവും 350 ചതുരശ്രകിലോമീറ്റർ വനമാണ് മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ കാലാവസ്ഥ മാറ്റങ്ങളും വനങ്ങളെ തുടച്ചുനീക്കുന്നു. ശുദ്ധജലവും മഴയും കുറയുന്നതും ചൂട് കൂടുന്നതും വനവിഭവങ്ങൾ നഷ്ടപ്പെടുന്നതും ഒക്കെ വനനശീകരണത്തിന്റെ അനന്തരഫലങ്ങളാണ്.

ജൈവവൈവിധ്യം എന്ന അനുഗ്രഹം
  നിലം പറ്റി വളരുന്ന കുഞ്ഞു ചെടികൾ മുതൽ മാനംമുട്ടേ വളരുന്ന വന്മരങ്ങൾ വരെയും, വെറും കണ്ണുകൊണ്ട് കാണാനാവാത്ത സൂക്ഷ്മജീവികൾ തൊട്ട്  കണ്ണുനിറയെ കാണാവുന്ന വമ്പൻ ജന്തുക്കൾ വരെയും നിറഞ്ഞ മഹാത്ഭുതമാണ് നമ്മുടെ പ്രപഞ്ചം. ഈ ജീവജാലങ്ങളുടെ എല്ലാം ആകെത്തുകയാണ് ലോകത്തിന്റെ ജൈവ വൈവിദ്ധ്യം. കൂടുതൽ വിശാലമായ അർത്ഥത്തിൽ ഭൂമിയിലെ വ്യത്യസ്തങ്ങളായ ജീവജാതികളും അവ ഉൾകൊള്ളുന്ന ജനിതക ഘടകങ്ങളും അവ വസിക്കുന്ന ആവാസവ്യവസ്ഥയും ചേരുന്നതിനാണ് 'ജൈവവൈവിധ്യം' എന്നുപറയുന്നത്. കോടാനുകോടി വർഷത്തെ പരിണാമപ്രക്രിയയുടെ ഫലമായാണ് ഇന്ന് നാം കാണുന്ന ജൈവവൈവിധ്യം രൂപപ്പെട്ടത്. ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഭാരതം. ഏറ്റവും ജൈവവൈവിധ്യമാർന്ന 12 രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. ലോകത്തിലെ ആകെ ജൈവവൈവിധ്യത്തിന്റെ ഏതാണ്ട് 8 ശതമാനം ഭാരതത്തിലാണ്. അരലക്ഷത്തോളം വന്യസസ്യജാതികളും തൊണ്ണൂറ്റാറായിരത്തോളം മൃഗവംശങ്ങളും നമ്മുക്കുണ്ട്. ഹിമാലയം മുതൽ പശ്ചിമഘട്ടം വരെയുള്ള വൈവിധ്യമേറിയ ആവാസവ്യവസ്ഥകളും മഴ ധാരാളമായി ലഭിക്കുന്നലഭിക്കുന്ന കാലാവസ്ഥയുമൊക്ക ഭാരതത്തിലെ ജൈവവൈവിധ്യം സമ്പന്നമാക്കുന്നു.

അന്തരീക്ഷമലിനീകരണം
വായു, ആഹാരം, പാർപ്പിടം എന്നിവയാണല്ലോ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ. ഇവയിലേറ്റവും പ്രധാനം വായുതന്നെ. കാരണം, മറ്റെന്തില്ലെങ്കിലും വായുവില്ലെങ്കിൽ നമ്മുക്ക് ഏറെനേരം പിടിച്ചുനിൽക്കാനാവില്ല. ഇതറിഞ്ഞിട്ടും മനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ മലിനമാക്കുന്നത് വായു അഥവാ അന്തരീക്ഷം തന്നെയാണ്. ചീഞ്ഞ മാലിന്യങ്ങൾ, വാഹനങ്ങളും വ്യവസായശാലകളും പുറത്തേക്ക് തള്ളുന്ന പുക, വിഷവാതകങ്ങൾ, കീടനാശിനികൾ എന്നിങ്ങനെ അന്തരീക്ഷത്തെ മലിനമാക്കുന്ന വസ്തുക്കൾ ഏറെയാണ്. പല മഹാനഗരങ്ങളും അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണിന്ന്. മലിനവായു ശ്വസിക്കുന്നത് കാൻസർ അടക്കമുള്ള പല മാരകരോഗങ്ങൾക്കും കാരണമാകുന്നു. എന്നിട്ടും അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറക്കാൻ നാം തയ്യാറാവുന്നില്ല.

പൊള്ളുന്ന ഭൂമി
    ആഗോളതാപനം! കാലങ്ങളായി നിരന്തരം ചൂടുപിടിച്ച ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ് ഈ വാക്ക്. കൊടുംവേനലിൽ പുഴകൾ വറ്റിവരളുമ്പോഴും  സൂര്യാഘാതം മനുഷ്യരെയും മൃഗങ്ങളെയും പൊള്ളലേൽപ്പിക്കുമ്പോഴും നമ്മൾ ആഗോളതാപനത്തെ കുറ്റം പറയുന്നു. സൂര്യനില്നിന്നു വരുന്ന ചൂട് പിടിച്ചു നിർത്തുന്ന വാതകങ്ങളായ 'ഗ്രീൻ ഹൗസ് വാതകങ്ങൾ' അന്തരീക്ഷത്തിൽ വർധിക്കുന്നതാണ് ഭൂമി ഇങ്ങനെ ചൂടുപിടിക്കുന്നതിനു കാരണം. ഇവയിൽ ഏറ്റവും പ്രധാന വാതകമാണ് കാർബൺഡൈയോക്സൈഡ്. കാർബൺമോണോക്സയിഡ് .  വനങ്ങൾ വെട്ടി നശിപ്പിച്ചതും, കൽക്കരി ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗവുമാണ് ഈ അവസ്ഥയിലേക്ക് ഭൂമിയെ എത്തിച്ചത്. അന്തരീക്ഷത്തിലെ കാർബൺ ഡിയോക്സൈഡിന്റെ അളവ് കുറക്കുകയാണു ആഗോളതാപനം കുറക്കാനുള്ള വഴി.

ജലമലിനീകരണം
മൂന്നിൽ രണ്ടുഭാഗം ജലം നിറഞ്ഞ ഗ്രഹമാണ് ഭൂമി. എന്നാൽ 680 കോടിയിൽപരം വരുന്ന മനുഷ്യർക്കും എല്ലാംകൂടി അവകാശപ്പെട്ട ശുദ്ധജലത്തിന്റെ അളവുകേട്ടാൽ ഞെട്ടും. വെറും രണ്ടു ശതമാനം!മഞ്ഞുമലകളിലും മറ്റും ഉറഞ്ഞുകൂടിയിരിക്കുന്ന ജലം മാറ്റിനിർത്തിയാൽ വെറും ഒരു ശതമാനത്തിൽ താഴെ കുടിവെള്ളം മാത്രമേ നമ്മുക്കുള്ളൂ. വ്യവസായശാലകളിലെ മാലിന്യങ്ങൾ നദികളെ മലിനമാക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. കീടനാശിനികളും നഗരങ്ങളിലെയും മറ്റും ഓടയിൽ നിന്നുവരുന്ന മലിനജലവുമെല്ലാം ജലമലിനീകരണത്തിന് ആക്കം കൂട്ടുന്നു.

പരിസ്ഥിതി ദുരന്തങ്ങൾ
  പരിസ്ഥിതിക്ക് സാരമായ നാശം വരുത്തിയ ഒട്ടേറെ ദുരന്തങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായി പ്രധാനപ്പെട്ടവ ഇതാ 

മിനമാതാ ദുരന്തം
1950-കളിൽ ജപ്പാനിലെ മിനമാതയിലെ പൂച്ചകൾ വിചിത്രമായി വിറച്ചു തുള്ളാനും വീണ് മരിക്കാനും തുടങ്ങി. 'ഡാൻസിങ് ക്യാറ്റ്‌ ഫീവർ ' എന്നായിരുന്നു ഇത് അറിയപ്പെട്ടത്. പതിയെ ഇതേ ലക്ഷണങ്ങൾ മനുഷ്യരിലും കണ്ടുതുടങ്ങി. ജപ്പാന്റെ ചരിത്രത്തിലെ ഭീകരമായൊരു ദുരന്തത്തിന്റെ തുടക്കമായിരുന്നു അത്. 'മിനമാതാ രോഗം 'എന്ന് അതറിയപ്പെട്ടു. 

 

ഭോപ്പാൽ ദുരന്തം
ലോകത്തിലെ വ്യാവസായിക ദുരന്തങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭീകരം എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഭോപ്പാൽ വാതക ദുരന്തം. മധ്യപ്രദേശിലെ ഭോപ്പാലിൽ 1984ഡിസംബർ രണ്ടാം തീയതി ആണ് മാനവരാശിയെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. 

ചെർണോബിലും ആണവദുരന്തങ്ങളും
ഉക്രൈനിലെ ചെർണോബിൽ ആണവോർജ നിർമാണശാലയിൽ 1986 ഏപ്രിൽ 26- ന് ഉണ്ടായ ആണവ ദുരന്തം എന്ന് അറിയപ്പെടുന്നത്. ആണവനിലയത്തിൽ ഉണ്ടായ  പൊട്ടിത്തെറിയെ തുടർന്ന് റേഡിയോ ആക്റ്റീവ് കണികകൾ അന്തരീക്ഷത്തിൽ വ്യാപിച്ചു. പടിഞ്ഞാറൻ റഷ്യയും യൂറോപ്പും ആയിരുന്നു ദുരന്തത്തിന്റെ രൂക്ഷ ഫലങ്ങൾ അനുഭവിച്ചത്. ഇന്നും അനേകം പേർ ഈ ദുരന്തത്തിന്റെ ഫലമായി കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് അടിമകളാണ്.

പരിസ്ഥിതി സംഘടനകൾ
  പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി സംഘടനകൾ രൂപം കൊണ്ടിട്ടുണ്ട്. അതിൽ ലോക പ്രശസ്തമായ ചില പരിസ്ഥിതി സംഘടനകൾ ചുവടെ ചേർക്കുന്നു.

ഐപിസിസി
ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമും വേൾഡ് മീറ്റിയറോളജിക്കൽ  ഓർഗനൈസേഷനും ചേർന്നതാണ് ഇന്റർ ഗവെൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്‌ എന്ന  ഐപിസിസി. ആഗോള കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചു നിഷ്പക്ഷമായ പഠന റിപോർട്ടുകൾ പ്രസിദ്ധീകരിക്കുകയാണ് ഐപിസിസിയുടെ പ്രധാന  ദൗത്യം. 

ഗ്രീൻ പീസ്
  1970-കളിൽ നെതെർലാൻഡ്‌സിലെ ആസ്റ്റർ ടാം ആസ്ഥാനമായി ആരംഭിച്ച പരിസ്ഥിതി സംഘടനയാണു ഗ്രീൻ പീസ്.  വന നശീകരം ആഗോള താപനം തുടങ്ങിയ പരിസ്ഥിതി വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്ന ഈ സംഘടനയിൽ 28 ലക്ഷത്തിലധികം അഗങ്ങളുണ്ട്.  രാജ്യാന്തര സമുദ്ര കാര്യ സംഘടന, വേൾഡ് വൈഡ് ഫണ്ട്‌ ഫോർ നേച്ചർ, രാജ്യാന്തര തിമിംഗല വേട്ട നിയന്ത്രണ കമ്മിഷൻ, സംയോജിത പർവത വികസന കേന്ദ്രം, ഐയൂ സിഎൻ, എന്നിങ്ങനെ മറ്റു പരിസ്ഥിതി സംഘടനകളും  പ്രവർത്തനത്തിലുണ്ട്. ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു
  "നിങ്ങളുടെ ഭൂമിക്ക് നിങ്ങളെ ആവശ്യമുണ്ട് ". നാം പരിസ്ഥിതി ദിനം ആചരിച്ചപ്പോൾ ഐക്യരാഷ്ട്രസഭ മൂന്നോട്ടുവെച്ച  വിഷയം ഇതാണ്. അതിവേഗത്തിൽ വാഹനം ഓടിക്കുമ്പോൾ വാഹനത്തിലെ ഇന്ധനം വേഗത്തിൽ കത്തി തീരുന്നതുപോലെ പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗം പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്നു.
  "ആളുക്കൊരുമരംവെക്കവേണം 
വീട്ടുക്കൊരു മരം വെക്കവേണം 
ഊരുക്കൊരു മരം വെക്കവേണം 
നമ്മ നാട്ടുക്കൊരു മരം വെക്കവേണം "
  ഭൂമിയുടെ നിലനിൽപ് മനുഷ്യന്റെ മണ്ണുമായുള്ള പൊക്കിൾക്കൊടി ബന്ധം മുറിയുന്നതുവരെ മാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് മരങ്ങൾ നട്ടുവളർത്തേണ്ട പ്രസക്തി മനസിലാക്കേണ്ടത്. എല്ലായിടത്തും മരങ്ങൾ വച്ചു പിടിപ്പിച്ചു ഭൂമിയുടെ മണ്മറഞ്ഞു പോയ ഹരിത ഭംഗി കൺനിറയെ പുന:സൃഷ്ടിക്കാനുള്ള സംഘാതമായ സദുദ്യമമാണ് നമ്മുക്കുള്ളത്.  ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു എന്ന  ഒ.എൻ.വി ദർശനത്തിന് കർമ്മഭാഷ്യം ചമക്കുകയാണ് വളരുന്ന തലമുറയായ നമ്മുടെ ദൗത്യം.  "ദശ കൂപ സമാവാപി 
ദശവാപി സമോഹ്യത 
ദശഹ്യത സമപുത്രോ 
ദശപുത്ര സമദ്രുമ:"
പത്തു കുളത്തിനു തുല്യമാണ് ഒരു നദി. പത്തു നദികൾക്കു തുല്യമാണ് സമുദ്രം. പത്തുസമുദ്രത്തിന് തുല്യമാണ് ഒരു പുത്രൻ. പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മരം. നാം ആളുക്കൊരു മരം വച്ചാൽ മാത്രം പോരാ, അതിനെ നനച്ചു പരിപാലിക്കണം. അങ്ങനെ, ശുദ്ധീകരിക്കപ്പെട്ട വായുവും പ്രകൃതിയും സമ്മാനിക്കുന്ന മരങ്ങളുടെ സേവനത്തെ നമ്മുക്ക് പുന:സ്മരിക്കാം.

മെറിൻ മരിയ ദേവസ്യ
8 ഡി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം