സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാൾവഴികളിലൂടെ.........

ഭാരതത്തിന്റെ ആദ്ധ്യാത്മിക ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന ഒരു തീർത്ഥഭൂമിയാണ് മീനച്ചിൽ. ആദ്ധ്യാത്മിക ആദ്ധ്യാത്മികേതര രംഗങ്ങളിൽ മികച്ച പ്രതിഭകൾക്ക് ജനനം നല്കിയ ഊഷരഭൂമി. എ.ഡി. 820 മുതൽ മൂന്നു പതിറ്റാണ്ടുകാലം പ്രാബല്യത്തിലിരുന്ന ഒരു സാമ്രാജ്യമാണ് കുലശേഖര സാമ്രാജ്യം. ഈ സാമാജ്യത്തിന്റെ അധിപനായിരുന്ന കുലശേഖരവർമ്മ തന്റെ സാമ്രാജ്യത്തെ ഭരണ സൗകര്യാർത്ഥം പതിമൂന്നു ഭാഗങ്ങളായി തിരിച്ചു. അതിൽ ഒന്നായ "വെമ്പലനാട്' വിഭജിച്ചുണ്ടായ രാജ്യമാണ് വടക്കുംകൂർ.എന്നാൽ കുലശേഖര സാമ്രാജ്യം നാമാവശേഷമായിതോടെ മീനച്ചിൽ താലൂക്കിന്റെ കിഴക്കുഭാഗം പൂഞ്ഞാർ രാജ്യവും വടക്കുംഭാഗം വടക്കുംകൂർ രാജ്യവും തെക്കുംഭാഗം തെക്കുംകൂർ രാജ്യവുമായിത്തീർന്നു. കടുത്തുരുത്തിയുടെ കീഴിൽ വടക്കും കൂർ രാജ്യത്തിൽ പെട്ട പ്രദേശങ്ങളായിരുന്നു നമ്മുടെ സമീപപ്രദേശങ്ങളായ ആണ്ടൂർ, പാലക്കാട്ടുമല എന്ന പ്രദേശങ്ങൾ. വടക്കുംകൂർ രാജാക്കന്മാരുടെ മന്ത്രിമാരായിരുന്നു വാക്കയിൽ കൈമൾമാർ. പര്യായമംഗലത്ത് തുമ്പയിൽ കൈമൾമാർ എന്നറിയപ്പെട്ടിരുന്ന വാക്കയിൽ പല ശാഖകളായി പിരിയുകയും അവരിൽ ഒരു വിഭാഗം വള്ളിച്ചിറയിൽ വള്ളിയിൽ കുടുംബത്തിൽ താമസിച്ചുവരികയും ചെയ്തതായി കരുതപ്പെടുന്നു. ശിവ പുത്രനായ സുബ്രഹ്മണ്യന്റെ ഭാര്യയായ ശ്രീ വള്ളിയിൽനിന്നും വള്ളിയിൽ കുടുംബവും അങ്ങനെ വള്ളിച്ചിറയും ഉണ്ടായതായി കരുതുന്നു. ചെറുകര സ്കൂൾ ഇരിക്കുന്ന വളളിച്ചിറ പ്രദേശം അങ്ങനെ മീനച്ചിൽ പ്രദേശത്തിന്റെ കീഴിൽ വരികയും, സാമന്തപദവിയിൽ ഇരുന്നു കൊണ്ട് ഈ പ്രദേശത്തിന്റെ ഭരണം അന്ന് നടത്തിയിരുന്നത് മീനച്ചിൽ കർത്താക്കന്മാർ ആയിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നു.

1915 മുതൽ ഇവിടെ ഒരു എൽ.പി.സ്കൂൾ പ്രവർത്തിച്ചുവന്നിരുന്നു. 1925-ൽ നടത്തിയ ആധാരത്തിൽ ഒന്നാം പേരുകാരനായ 72 വയസ്സുള്ള കൊച്ചുപിള്ള കൈമളിന്റെ കാലത്ത് പൈങ്ങളം സ്കൂൾ കോട്ടയം രൂപതയ്ക്ക് കൈമാറിയതായി പറയപ്പെടുന്നു. കാലങ്ങളോളം ഈ നാട്ടിലെ നാനാജാതി മതസ്തർക്ക് അക്ഷരവെളിച്ചം പകർന്നുകൊടുത്ത ഈ വിദ്യാലയം 1953-ൽ ബഹു.അയത്തിൽ മത്തായി അച്ചൻ വികാരിയായിരിക്കേ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.

പൂർവികരുടെ ത്യാഗപൂർണ്ണമായ നിരവധി സംഭാവനകളുടെ ഫലമാണ് ഇന്നു സ്കൂൾ അനുഭവിക്കുന്ന സൗകര്യങ്ങൾ. തങ്ങളുടെ ചോര വിയർപ്പാക്കി, സ്കൂളിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിക്കുവേണ്ടി അധ്വാനിക്കുകയും അതിന്റെ ദീപശിഖ കൈമാറി സ്കൂളിനെ അണയാതെ പിൻതലമുറക്ക് സമർപ്പിച്ച പൂർവ്വികരെ നന്ദിയോടെ സ്മരിക്കുന്നു....