ഗ്രന്ഥശാല

ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ ആയിരുന്ന കാലഘട്ടത്തിൽ എ വി നാരായണൻ സാറായിരുന്നു സ്കൂൾ ഗ്രന്ഥശാലയ്ക്ക് തുടക്കമിട്ടത്. പിന്നീട് വിശ്വനാഥൻ സാറിന്റെ കാലഘട്ടത്തിലാണ് ഗ്രന്ഥശാലയുടെ പുനരുദ്ധാരണം നടന്നത്. അതിനുശേഷം ഗ്രന്ഥശാലയുടെ പൂർണമായ ചുമതല രവി സാറിന് ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലയ്ക്ക് പുതിയ  രൂപവും ഭാവവും നൽകുകയുണ്ടായി. ഓരോ വിഭാഗങ്ങളിലായി പുസ്തകങ്ങളെ തരംതിരിച്ച് , വളരെ ഭംഗിയായി രവി സാർ  അതിന്റെ മേൽനോട്ടം നിർവഹിച്ചിരുന്നു. അദ്ദേഹം  വിരമിച്ചതിനുശേഷം  സ്കൂളിലെ ഇപ്പോഴത്തെ സംസ്കൃത അധ്യാപകനായ രഞ്ജൻബാലു സാർ ഗ്രന്ഥശാലയുടെ നടത്തിപ്പ് ഏറ്റെടുത്തു. അദ്ദേഹവും വളരെ കൃത്യതയോടെ പുസ്തകങ്ങൾ വിതരണം  ചെയ്തുവരുന്നു. നോവൽ, ചെറുകഥ, കവിത, നാടകം,  സഞ്ചാരസാഹിത്യം, ജീവചരിത്രം, ആത്മകഥ തുടങ്ങിയ വിഭാഗങ്ങളിലുള്ള ധാരാളം പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. സർവ്വവിജ്ഞാനകോശത്തിന്റെ എല്ലാ വാല്യവും നിരവധി ശാസ്ത്രപുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ഇവിടെയുണ്ട്'.  ശബ്ദതാരാവലി, പുരാണിക് എൻസൈക്ലോപീഡിയ, ഐതിഹ്യമാല തുടങ്ങി റഫറൻസ്ഗ്രന്ഥങ്ങളുടെ ഒരു വിഭാഗവും ഇവിടെയുണ്ട്. ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങൾ  ഗ്രന്ഥശാലയിൽ ഉണ്ട്.

     പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള  'വായനയുടെ വസന്തം' എന്ന പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാലകളെ ശാക്തീകരിച്ചതോടനുബന്ധിച്ച് 500 പുസ്തകങ്ങൾ 2020 അവസാനം  ഗ്രന്ഥശാലയ്ക്ക് ലഭിക്കു കയുണ്ടായി. ഒക്കൽ സഹകരണബാങ്കുമായി സഹകരിച്ച് എല്ലാവർഷവും കലൂരിൽ വച്ച് നടക്കുന്ന മാതൃഭൂമി 'കൃതി പുസ്തകോത്സവ'ത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ പങ്കെടുപ്പിക്കുകയും 250 രൂപയുടെ പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകുകയും ചെയ്തുവരുന്നു. കൂടാതെ,  കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്  'ഗ്രന്ഥശാലയ്ക്കൊരു   പുസ്തകം' കുട്ടികൾ സ്പോൺസർ ചെയ്യാറുണ്ട്. അങ്ങനെ, തികഞ്ഞ കൃത്യതയോടേയും അച്ചടക്കത്തോടേയും ഗ്രന്ഥശാലാപുസ്തകങ്ങൾ   കുട്ടികളുടെ കൈകളിൽ എത്തിക്കുകയും വായനയ്ക്കു ശേഷം തിരികെ ശേഖരിക്കുകയും ചെയ്തുവരുന്നു. കുട്ടികളുടെ മാനസീകവും ബൗദ്ധീകവുമായ വളർച്ചയിൽ ഗ്രന്ഥശാലയ്ക്കുള്ള പങ്ക്  എടുത്തുപറയേണ്ടതു തന്നെ.

 
ഗ്രന്ഥശാലയിലെ ഒരു അ‌ലമാര