ടൈംടേബിൾ.
"രണ്ടാളും കൂടി എന്താ ഒരു ഗൂഢാലോചന?" അച്ഛന്റെ ചോദ്യം കേട്ട് അനുവും  അഖിലും തലതിരിച്ചു നോക്കി. അമ്മയും ഒപ്പമുണ്ട്. "ഞങ്ങൾ ഒരു ടൈം ടേബിൾ " ഉണ്ടാക്കുകയാണച്ഛാ " ഏഴാം ക്ലാസ്സുകാരി അനുപറഞ്ഞു." ടൈംടേബിളോ അതും സ്കൂൾ അടച്ചപ്പോൾ "- രാഘവൻ അതിശയത്തോടെ ചോദിച്ചു.            " അവധിക്കാലം എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യണമെന്നാണച്ഛാ ടീച്ചർ പറഞ്ഞത് " നാലാം ക്ലാസ്സുകാരൻ അഖിൽ പറഞ്ഞു. "ഓ..! എന്തേലും ചെയ്യ്." ജാനു താല്പര്യമില്ലാതെ പറഞ്ഞു.

അമ്മ പറഞ്ഞൊഴിയാൻ നോക്കേണ്ട. ഞങ്ങൾ ഉണ്ടാക്കിയ ടൈംടേബിൾ നിങ്ങൾക്കും കൂടിയുള്ളതാണ്." "എന്താടീ, ഞങ്ങൾ ഇനി പഠിക്കാൻ പോവ്വാണോ?" ജാനുവിന് അനുവിന്റെ വാക്കുകൾ രസിച്ച മട്ടില്ല. " നീ പറ മോളേ., ഞങ്ങൾ എന്താ ചെയ്യേണ്ടത്? അനുവിനും അഖിലിനും സന്തോഷായി. അമ്മയുടെ കാര്യം ഇനി സാരമില്ല. "നീ ടൈം ടേബിൾ വായിക്കെടാ " അനു അനുജനെ പ്രോത്സാഹിപ്പിച്ചു. 9.00- am - ഫീൽഡ് ട്രിപ്പ് 9.30. നിരീക്ഷണം 10.00. ശേഖരണം 11.00 .അഭിമുഖം 3.00pm.- 5.00. pm - പ്രവർത്തനം.ഒരാഴ്ചത്തെ ടൈം ടേബിളാണിത്.- അനുപറഞ്ഞു.

രാഘവനും ജാനുവും പരസ്പരം നോക്കി. ഒന്നും മനസ്സിലാവുന്നില്ലല്ലോ... "Lock downൽ ഫീൽഡ് ട്രിപ്പോ? രാഘവനൊരു സംശയം. "ചേച്ചി ഒരു വിശദീകരണം കൊടുത്തേര് - പാവങ്ങൾക്കൊന്നും മനസ്സിലായില്ല. കണ്ണു മിഴിച്ചുള്ള നില്പു കണ്ടില്ലേ?" കിട്ടിയ അവസരം അഖിലും മുതലക്കി. പഠിത്ത കാര്യം പറഞ്ഞ് എപ്പോഴും തങ്ങളോട് വഴക്കടിക്കുന്നതല്ലേ. "അച്ഛാ, ഫീൽഡ് ട്രിപ്പ് നമ്മുടെ പറമ്പിലേക്കാ.വളപ്പിലുള്ള ചെടികളെ നിരീക്ഷിക്കണം. ഏതെല്ലാം പച്ചക്കറികൾ നടാൻ കഴിയുമെന്നും അവ എവിടെയൊക്കെയെന്നും രേഖപ്പെടുത്തണം." ശേഖരണമോ "? അമ്മ ഇടയിൽക്കയറി. "പറയാം .. പറമ്പിൽ നടുവാനുള്ള വിത്തുകളും തണ്ടുകളുമൊക്കെ ശേഖരിക്കലാണ്".അഖിലിനും രസം കയറി.അതു മാത്രം പോരാ. ചാണകം ,എല്ലുപൊടി, കുമ്മായം, വേപ്പിൻ പിണ്ണാക്ക്യവയും ശേഖരിക്കണം. "അഭിമുഖം" എന്നൊക്കെ പറഞ്ഞല്ലോ.. അതെന്താ? അമ്മ വിടുന്ന മട്ടില്ല. " മുത്തശ്ശനോട് ചോദിച്ച് നമുക്ക് കുറച്ച് കൃഷി അറിവുകൾ പഠിക്കണം. സ്കൂളിൽ നിന്നും പഠിച്ചവഞങ്ങളും പറയാം. നിങ്ങൾക്കറിയാവുന്നവ നിങ്ങളും പറയണം അനുപറഞ്ഞു .

"ശരി.. ശരി... എനിക്കിപ്പോൾ നന്നായി മനസ്സിലായിമോളേ "രാഘവൻ പറഞ്ഞു. " എങ്കിൽ 3 മണി മുതലുള്ള പ്രവർത്തനം എന്താന്ന് അച്ഛൻ പറയൂ "അഖിൽ വിടുന്ന മട്ടില്ല. "ഞാൻ പറയാ ടാ, പറമ്പിൽ നിലമൊരുക്കി തടമെടുത്ത് വിത്തും തൈകളുമൊക്കെ നടുന്ന കാര്യല്ലേ?" അമ്മയുടെ ഉത്തരം കേട്ട് എല്ലാരും അതിശയിച്ചു.അനുവും അഖിലും സന്തോഷം കൊണ്ട് തുള്ളിച്ചാടി . "ഫീൽഡ് ട്രിപ്പ് ആരംഭിച്ചാലോ?" അനുവിന്റെ ചോദ്യം കേട്ട അഖിൽ അകത്തേക്കോടിപ്പോയി ഒരു സ്റ്റീൽ പാത്രവും സ്പൂണുമായി വന്നു. '"ഇതെന്തിനാടാ " അനുവിന് ഒന്നും മനസ്സിലായില്ല. " ബെല്ലടിക്കേണ്ടേ ചേച്ചീ...?".. അഖിൽ നീട്ടി ബെല്ലടിച്ചു. പൊട്ടിച്ചിരിച്ചു കൊണ്ട് എല്ലാവരും ഫീൽഡ് ട്രിപ്പിനിറങ്ങി.

എബിൻ ലൈജു
4 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ