സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്.വട്ടക്കണ്ടി ഗോപാലനെഴുത്തച്ഛനായിരുന്നു ആദ്യാക്ഷരം കുറിച്ചു കൊടുത്തത്. വിദ്യാലയരൂപീകരണത്തിനുള്ള നീക്കങ്ങൾക്ക് ശക്തിപകർന്നത് തൃക്കുറ്റിശ്ശേരി സ്വദേശിയായ ശങ്കുണ്ണി നമ്പീശനായിരുന്നു.വാടകയില്ലാതെ വിദ്യാലയം നടത്താം എന്ന ഉറപ്പിന്മേൽ 1957ൽ തൽസ്ഥാനത്ത് ഏകാധ്യാപക സർക്കാർ വിദ്യാലയം അനുവദിക്കപ്പെട്ടു.ആദ്യഗുരുനാഥൻ പനായി സ്വദേശിയായ രാഘവൻ മാസ്റ്റർ ആയിരുന്നു.ഔദ്യോഗിക രേഖകൾ പ്രകാരം ഇ.വി ഹരിദാസൻ ഇടവലത്ത് ആണ് ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി.പ്രഥമ ബാച്ചിൽ 44 വിദ്യാർത്ഥികൾ പ്രവേശനം നേടി.തുടർന്ന് 4 വരെ ക്ലാസുകൾ അനുവദിക്കപ്പെട്ടെങ്കിലും “സിംഗിൾ സ്ക്കൂൾ” എന്ന പേരിലാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്.പിൽക്കാലത്ത് സ്ഥലമുടമ എടവലത്ത് ചാത്തുക്കുട്ടി ഇന്നത്തെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം വിലയ്ക്കു വാങ്ങി സ്ക്കൂളിനു സംഭാവന ചെയ്തു. അതേവർഷം കോട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയത്തിന് രണ്ടു മുറി കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.അതിനുശേഷം 1999 ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് ഭാഗമായി രണ്ടു മുറി കോൺക്രീറ്റ് കെട്ടിടവും ലഭിച്ചു. വാകയാട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന ചേനാടത്ത് കരുണാകരൻ മാസ്റ്റർ തന്റെ ഭാര്യ ശോഭന ടീച്ചറുടെ പാവനസ്മരണയ്ക്ക് മൂന്ന് സെന്റ് സ്ഥലവും കിണറും ഈ വിദ്യാലയത്തിനു സംഭാവന നൽകി. പഞ്ചായത്തിനെയും, എസ് എസ് എ യുടെയും വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ചുറ്റുമതിൽ, ടോയ്‌ലറ്റുകൾ,വാട്ടർ ടാപ്പ് എന്നിവ സ്ഥാപിച്ചു.2016 ൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ക്ലാസ് മുറികൾ ടൈൽ പാകി. ക്ലാസ്മുറികൾ വൈദ്യുതികരിച്ചിട്ടുണ്ട്.എം പി ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങുകയും, എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ബോർഡ് സ്ഥാപിക്കുകയും, സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈജ്ഞാനിക ഗ്രന്ഥങ്ങളും ബാലസാഹിത്യകൃതികളും ഉൾക്കൊള്ളുന്ന ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്.പോഷകസമൃദ്ധമായ ഉച്ച ഭക്ഷണവും ഇടനേര ഭക്ഷണവും നൽകുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. സാധാരണക്കാരും ഇടത്തരക്കാരുമായ പ്രദേശവാസികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം. ഇവിടെ പഠിച്ചുപോയ അനേകം വ്യക്തികൾ ഔദ്യോഗിക രംഗത്തും സാമൂഹ്യസാംസ്കാരിക രംഗത്തും കാർഷിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഉണ്ടായിരുന്നു . എന്നാൽ കാലക്രമത്തിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഒരുഘട്ടത്തിൽ കുട്ടികളുടെ എണ്ണം 12 വരെ ആയി. അധ്യാപകരുടെയും നാട്ടുകാരുടെയും ഇടപെടലുകളുടെ ഫലമായി നില മെച്ചപ്പെട്ടു. ശേഷം നിരവധി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കുട്ടികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. എന്നാൽ പൊതു വിദ്യാഭ്യാസ ശാക്തീകരണം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി എന്നോണം നില മെച്ചപ്പെട്ടു 2021-22 അധ്യയന വർഷം 111 കുട്ടികളും പ്രധാന അധ്യാപിക അടക്കം നാല് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും ജോലി ചെയ്തു വരുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നുണ്ട്.