ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്നത്തെ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ളാക്കാട്ടൂർ മൂരിപ്പാറ വീട്ടിലെ ഒരു കാരണവർ പുലിയുറുമ്പു പുരയിടത്തിൽ സംഭാവനയായി നൽകിയ സ്ഥലത്ത് ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. അവിടെ പഠിച്ചിരുന്നവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. ളാക്കാട്ടൂരിൽ ഒരു ആൺപള്ളിക്കൂടം കൂടി ആവശ്യമാണെന്ന് കൊറ്റമംഗലത്ത് ശ്രീ. ഗോവിന്ദപ്പിള്ള ആവശ്യപ്പെടുകയും അതിനു വേണ്ടി ഇപ്പോഴത്തെ സ്കൂൾ പുരയിടത്തിന് കിഴക്കു വശമുള്ള കുന്നിൻ മുകളിലെ വട്ടമല പുരയിടത്തിൽ 1/2 ഏക്കർ സ്ഥലം സംഭാവനയായി നൽകുകയും 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള മലയാളം പ്രൈമറി സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ ആൺ പള്ളിക്കൂടത്തിന്റെ ആരംഭത്തോടെ പുലിയുറുമ്പിൽ പ്രവർത്തിച്ചിരുന്ന പെൺപള്ളിക്കൂടത്തിന്റെ പ്രവർത്തനം നിന്നു പോവുകയും ആ കെട്ടിടം പങ്ങട പ്രൈമറി സ്കൂളിന് വേണ്ടി പൊളിച്ചു കൊടുക്കുകയും ചെയ്തു എന്നാണറിവ്. വട്ടമല പുരയിടത്തിൽ ഇപ്പോഴത്തെ സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ട് 125 വർഷത്തിൽ അധികമായിട്ടുണ്ട്.
വട്ടമല പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ കെട്ടിടത്തിന് ബലക്ഷയം വന്നപ്പോൾ ളാക്കാട്ടൂർ 231-ാം നമ്പർ NSS കരയോഗത്തിന്റെ ഭജന മഠത്തിലേയ്ക്ക് താൽക്കാലികമായി സ്കൂൾ പ്രവർത്തനം മാറ്റി. ഭജനമഠത്തിൽ സ്‌ഥല സൗകര്യക്കുറവ് പരിഹരിക്കുവാൻ നാട്ടുകാർ താൽക്കാലിക ഷെഡ് നിർമ്മിച്ചു കൊടുത്തു. ഏതാണ്ട് 10 വർഷത്തോളം ഭജനമഠത്തിൽ സ്കൂൾ നടത്തി. ഈ കാലഘട്ടത്തിൽ കൊറ്റമംഗലത്ത് ഗോവിന്ദപ്പിള്ളയുടെ പുത്രനായ ആശാരിപ്പറമ്പിൽ ശ്രീ. ഗോപാല പിള്ള വട്ടമല പുരയിടത്തിലെ സ്ഥലത്തിനു പകരം ളാക്കാട്ടൂർ കവല - മണ്ണനാൽ തോട് റോഡരികിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് 1/2 ഏക്കർ സ്ഥലം നൽകുകയും സർക്കാരിൽ സ്വാധീനം ചെലുത്തി അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, പള്ളിയമ്പിൽ ശ്രീ. മത്തായി എന്ന കോൺട്രാക്ടർ ഇന്നു കാണുന്ന 100' x 18' കെട്ടിടം സർക്കാർ ചിലവിൽ പണിയിച്ച് ഭജന മഠത്തിൽ നിന്ന് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു ഏതാണ്ട് 45 വർഷം മുമ്പ്.
കൂരോപ്പട പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണിത്. കൂരോപ്പട പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ശ്രീ. മലമേൽ രാമൻ നായരും ആദ്യകാല പഞ്ചായത്ത് മെമ്പർമാരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്നു. വെള്ളൂർ വെട്ടിപ്പറമ്പിൽ ശ്രീ. പാച്ചു പിള്ള , നീലം പേരൂർ രാമൻ നായർ, അരീപ്പറമ്പ് രാമവാര്യർ , കുമാരനല്ലൂർ ചക്രപാണി വാര്യർ, കായംകുളം പത്മനാഭപിള്ള, നീണ്ടൂർ ശ്രീമതി. ജാനകിയമ്മ, ഏറ്റുമാനൂർ ശ്രീ.എൻ. കേശവപിള്ള, കോത്തല M.P. കേശവൻ നായർ , പാമ്പാടി കൊട്ടാടിക്കൽ ശ്രീ. നാരായണപിള്ള, ളാക്കാട്ടൂർ വയലിൽ ശ്രീ. വി. കെ. രാമൻ നായർ , അരീപ്പറമ്പ് മറ്റത്തിൽ ശ്രീ. M.T തോമസ് , വെള്ളൂർ അച്ചാമ്മ വറുഗീസ് , ളാക്കാട്ടൂർ മണിക്കോയിക്കൽ ശ്രീ. M.K ഗോപാലകൃഷ്ണൻ നായർ, അരീപ്പറമ്പ് ശ്രീ. K.M ഫീലിപ്പോസ് എന്നീ പ്രധാനധ്യാപകരുടെ കാലത്താണ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറിയ പങ്കും നടന്നിട്ടുള്ളത്.