സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ പൈതൃക മടിത്തട്ടിൽ, 77 വർഷത്തെ പാരമ്പര്യം വിളംബരം ചെയ്തുകൊണ്ട്, ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ഹൈസ്കൂൾ ഇന്നും ദീപ്തശോഭയോടെ നിലകൊള്ളുന്നു. വിദ്യയുടെ തനിമ കെടാതെ ജ്വലിക്കുന്ന ഇവിടം, അഞ്ഞൂറിലധികം വിദ്യാർത്ഥികളുടെ പഠനസ്പന്ദനങ്ങൾ നിറയുന്ന വിജ്ഞാനശൃംഖമാണ്. പോർച്ചുഗീസ് പാരമ്പര്യം പേറുന്ന ഇന്ത്യക്കാരെന്ന് അറിയപ്പെടുന്ന ആംഗ്ലോ-ഇന്ത്യൻ വിഭാഗം, കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ നിരവധിയാണ്. മുക്കാൽ നൂറ്റാണ്ട് മുൻപ് സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ കൊച്ചിയിൽ, മൂലകുഴി എന്ന കടലോര ഗ്രാമത്തിൽ, നാട്ടുകാർക്ക് പ്രീയപ്പെട്ടവരും സമൂഹത്തിൽ ആദരണീയരുമായിരുന്ന ഫ്രാൻസിസ് ലൂയിസ് റോഡ്രിഗസും ബെർണാഡ് ഡിക്കോത്തോയും തങ്ങളുടെ പിതൃസ്വത്തായ സ്ഥലം, 1926ൽ അന്നത്തെ 'അവർ ലേ‍ഡി ഓഫ് ലൊരേറ്റോ' എന്ന ക്രിസ്ത്യൻ പള്ളിക്ക് നൽകുകയുണ്ടായി. 'പള്ളിയോടൊപ്പം പള്ളിക്കൂടവും' എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്ന അക്കാലത്തെ വികാരമുൾക്കൊണ്ട്, ലൊരേറ്റോ പള്ളി പ്രസ്തുത സ്ഥലം ഒരു വിദ്യാലയ നിർമ്മിതിക്കായി നീക്കിവച്ചു.


ഏതാനും വർഷത്തെ കാത്തിരിപ്പിന്റെയും പരിശ്രമങ്ങളുടെയും ഉപോത്പന്നമായി, 1945 ‍ഡിസംബർ 26ന് ശ്രീ. ബർത്തലോമിയോ ഒലിവേര എന്ന പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ, ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ലൊരേറ്റൊ പള്ളിയുടെ മേൽനോട്ടത്തിൻകീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. വളരെ ചുരുങ്ങിയ കാലപരിധിക്കുള്ളിൽ തന്നെ പ്രവർത്തനമികവുകൊണ്ടും ശൈലികൊണ്ടും പശ്ചിമകൊച്ചിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ലൊരേറ്റൊ സ്കൂൾ ആലേഖനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം സർക്കാർ പിന്തുണയോടു കൂടി വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചു. മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമായി ഉപജീവനം നടത്തിയിരുന്ന മൂലംകുഴിയിലെയും സമീപപ്രദേശങ്ങളിലെയും ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മക്കൾക്ക്, പഠനച്ചെലവ് ഒട്ടുംതന്നെ ഇല്ലാതെ ആശ്രയിക്കാവുന്ന വിദ്യാഭ്യാസ സ്ഥാപനമായി ലൊരേറ്റോ സ്കൂൾ പരിവർത്തനം ചെയ്യപ്പെട്ടു. 1958ൽ അപ്പർ പ്രൈമറി തലത്തിലേക്കും ദശാബ്ദങ്ങൾക്കുശേഷം 2001ൽ ഹൈസ്കൂൾ തലത്തിലേക്കും കേരള സർക്കാർ ഉയർത്തിയ ഈ വിദ്യാലയത്തിന്റെ പ്രവർത്തനമികവിന് നാടും സമൂഹവും നേ‍ർസാക്ഷികളാണ്. വർഷങ്ങളുടെ പ്രവർത്തന സപര്യയിലുടനീളം നിരവധി പ്രതിഭകളെ വാർത്തെടുത്ത, എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായ 100% വിജയങ്ങളോടെ പഠന-പാഠ്യേതര രംഗങ്ങളിൽ നേട്ടങ്ങളുടെ പടവുകളോരോന്നായി കയറുന്ന ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി 2020 മുതൽ പ്രാധാനാദ്ധ്യാപികയായി തുടരുന്ന ശ്രീമതി. പ്രിയദർശിനി ടീച്ചറാണ്.