ഭൗതികസൗകര്യങ്ങൾ

 
 

ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. സൌകര്യപ്രദവും ടൈൽസ് പാകിയതുമാണ് ക്ലാസ്സ് മുറികൾ. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.


ഐ.ടി. ലാബ്

 
 


ഇന്നത്തെ വിദ്യാഭ്യാസത്തിൽ വിവരസാങ്കേതിക വിദ്യക്ക് വലിയപങ്കുണ്ട്.ക്ലാസ്സ് മുറികളിൽ ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ഇതിനായി ആവശ്യമുണ്ട്.

2018-2019 ലെ സർക്കാർ ബജറ്റിൽ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി KITE വിതരണം ചെയ്ത 14 ലാപ് ടോപ്പുകളും  5പ്രൊജക്ടറുകളും ഇവിടെയുണ്ട്.

ലാപ് ടോപ്പുകളും പ്രൊജക്ടറുകളും സൂക്ഷിക്കുന്നതിനായി വൃത്തിയുള്ളതും പൊടികടക്കാത്തതുമായ ഒരു ഐ.ടി.ലാബ് മാനേജർ നിർമ്മിച്ചുതരികയുണ്ടായി. മലപ്പുറം ജില്ലയ്ക്കുതന്നെ മാതൃകയായ രീതിയിലുള്ള ഒരു ലാബാണ് ഇത്. പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യ വഴി നൽകാൻ ലാബ് പ്രയോജനപ്പെടുന്നു.

ലൈബ്രറി

 


നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഇവിടെയുണ്ട്

കഥ , ചെറുകഥ, നോവൽ,  ആത്മകഥ , കവിത തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് . എൽപി വിഭാഗം കുട്ടികൾക്ക് കുട്ടികവിതകൾ, ചിത്രകഥകൾ , ചെറുകഥകൾ എന്നിവയാണ് നലകുന്നത്.

 

ക്ലാസ്സ് ടീച്ചർ മുഖേനയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറുന്നത്.  എല്ലാ ആഴ്ചയിലും കുട്ടികളുടെ എണ്ണം അനുസരിച്ച് പുസ്തകങ്ങൾ ക്ലാസ്സുകളിലേക്ക് നൽകും. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ തയ്യാറാക്കും. കുട്ടികൾക്ക് സ്കൂളിൽ ഇരുന്നു വായിക്കാനുള്ള ലൈബ്രറി ഹാൾ ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് വായിക്കാൻ പുസ്തകങ്ങൾ കൊടുത്തുവിടാറുണ്ട്.  സ്കൂൾ ലൈബ്രറിക്കുപുറമെ ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ ക്ലാസ്സിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ കുട്ടികൾ നൽകിവരുന്നുണ്ട്.



ലബോറട്ടറി

 
 

ശാസ്ത്ര പഠനം രസാവാഹവും ഫലപ്രദവുമാകണമെങ്കിൽ അത് നേരനുഭവങ്ങളിലൂടെ നേടുന്നതാകണം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന സത്യങ്ങളാണ് ശാസ്ത്ര ലോകത്തെ അലങ്കരിക്കുന്നത്. അത് കൊണ്ട് ശാസ്ത്ര പഠനത്തിൽ ലബോറട്ടറികളുടെ പങ്ക് വലുതാണ് എൽ.പി/യു.പി തലത്തിലെ ശാസ്ത്ര പഠനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുമടങ്ങിയ സുസജ്ജമായ ഒരു ലാബ് ഇവിടെയുണ്ട്.

പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്നവരോ പ്രത്യേക പരിഗണന അർഹിക്കുന്നവരോ ആയ കുട്ടികൾ പോലും ശാസ്ത്ര പിരീഡുകളിൽ താല്പര്യത്തോടെ കാണുന്നതിൽ പരീക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്.

വർഷാരംഭത്തിൽ ലാബ് ഉപകരണങ്ങൾ തരം തിരിച്ചു വയ്ക്കുകയും പാഠഭാഗങ്ങൾക്കനുസൃതമായി സൂക്ഷിക്കുകയും ചെയ്യുന്നു.


സ്കൂൾ ഫണ്ട്,സർക്കാ‍ർ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്കുപുറമേപ്രാദേശികമായി സംഘടിപ്പിക്കാവുന്ന ഉപകരണങ്ങളും ലാബിലുണ്ട്.

പാഠഭാഗത്തിലെ ഉള്ളടക്കത്തിനനുസരിച്ച് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ ശാസ്ത്രമൂലകളും ഒരുക്കിയിരിക്കുന്നു.


സ്കൂൾ ബസ്സ്

 

വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം  സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്.

 

കളിസ്ഥലം

 

അക്കാദമിക  പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം

 



പാചകപ്പുര

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് എല്ലാദിവസവും ഭക്ഷണം നല്കുന്നുണ്ട്. ഇതോടൊപ്പം മുട്ട, പഴം, പാൽ എന്നിവയും നൽകിവരുന്നു. . ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കിങ് ഗാസ് സൌകര്യമുള്ള ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ പാത്രങ്ങളും വിളമ്പുന്നത്തിനുള്ള പാത്രങ്ങളും ഉണ്ട്. കുട്ടികൾക്ക് മഴയും വെയിലും തട്ടാതെ സൌകര്യപൂർവ്വം ഭക്ഷണം വാങ്ങുന്നതിനായി മേൽക്കൂരയോടുകൂടിയ ഒരു ഹാൾ നിർമ്മിച്ചിരിക്കുന്നു.

ശുചിമുറികൾ

ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്.

മിയാവാക്കി വനം

പ്രകൃതിയെ ചേർത്തു പിടിച്ചാൽ മാത്രമേ ഭൂമിയിൽ നിലനിൽപ്പുള്ളൂ എന്ന സത്യത്തെ ജീവിതത്തിൽ പകർത്താനുള്ള അവസരം സ്കൂളിൽത്തന്നെ ഒരുക്കിയിരിക്കുകയാണ് മിയാവാക്കി വനവൽക്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്കൂൾ കോമ്പൌണ്ടിൽ പച്ചവിരിച്ചു നിൽക്കുന്ന മിയാവാക്കി വനം സ്കൂൾ സൌന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

കേന്ദ്ര സർക്കാറിന്റെ സഹായത്തോെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മിയാവാക്കിക്ക് നമ്മുടെ കോമ്പൌണ്ടിൽ സ്ഥലമൊരുക്കിയതോടെ വിദ്യാലയാന്തരീക്ഷം തന്നെ പച്ചപിടിച്ചു