കടൽ കാണാൻ ...

അമ്മാളുവിന്റെ കൂട്ടുകാരനാണ് മൈലോ. അമ്മാളു എവിടെ പോയാലും മൈലോയും കൂടെ പോക്കും .

ഒരു ദിവസം രണ്ടു പേരും കടലു കാണാൻ പോയി. അവിടെ അവർ കണ്ടത് നീല ഉടുപ്പിട്ട് പുഞ്ചിരി തൂകി ഇളകി കളിക്കുന്ന കടലിനേയും തങ്ങൾക്ക് ഉന്മേഷം നൽകുന്ന സൂര്യനേയും ആർത്തുല്ലസിക്കുന്ന ബാലകരേയുമാണ്. ഇതൊക്കെ കണ്ടപ്പോൾ അമ്മാളുവിന് കടലിൽ കളിക്കാൻ അതിയായ ആഗ്രഹം തോന്നി. പക്ഷെ അപ്പോഴും മൈലോ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു -" നിനക്ക് നീന്താൻ അറിയില്ല ,നീ സൂക്ഷിച്ച് കളിക്കണം".

കുറച്ചു നേരം കഴിഞ്ഞപ്പോൾ അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് രുചിയുള്ള മിഠായികൾ അവരെ നോക്കി ചിരിക്കുന്നതു പോലെ തോന്നി. അത് കണ്ടപ്പോൾ അവരുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറി. കടയിൽ നിന്നും മിഠായിയും ഐസ്ക്രീമും വാങ്ങി കഴിച്ചു .അവർ പന്ത് കളിക്കാൻ തുടങ്ങി .കുറെ കളിച്ചപ്പോൾ ആ പന്ത് വെള്ളത്തിൽ വീണ് തിരമാലകൾ തട്ടിക്കളിക്കാൻ തുടങ്ങി. അതെടുക്കാനായി തുനിഞ്ഞ അമ്മാളുവിനെ മൈലോ വീണ്ടും ഓർമ്മിപ്പിച്ചു " അമ്മാളൂ നീന്താൻ ...."

പക്ഷെ അവളത് ചെവിക്കൊണ്ടില്ല ... ചിരിച്ചു കൊണ്ടവൾ പന്തെടുക്കാനായി തിരമാലകളുടെ മടിത്തട്ടിലേക്കിറങ്ങി. ആഞ്ഞടിച്ച തിരമാലകളിൽ അവൾ ആടി ഉലഞ്ഞു .... മുങ്ങിപ്പൊങ്ങി ...

എല്ലാവരും നിസ്സഹായരായി നോക്കി നിൽക്കേ മൈലോ ധൈര്യപൂർവ്വം കടലിലേക്ക് എടുത്തു ചാടി .. അമ്മാളുവിന്റെ മുടിക്കെട്ടിൽ കടിച്ച് പിടിച്ച് താൻ വെറുമൊരു നായയാണെന്ന് പോലും ഓർക്കാതെ തിരമാലകളെ തോൽപ്പിച്ച് കരയ്ക്കടുത്തു. തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ മൈലോ യുടെ പ്രവർത്തിയെ എല്ലാവരും പ്രശംസിച്ചു .മനുഷ്യന്മാരേക്കാൾ സ്നേഹവും വിശ്വാസവും ജന്തുക്കൾക്കുണ്ടെന്ന് തിരിച്ചറിഞ്ഞ അമ്മാളു പിന്നീടൊരിക്കലും മൈലോ യെ വിട്ടുപിരിഞ്ഞിട്ടില്ല ....

പ്രണവ് എ
3 A യു.ജെ.ബി.എസ്_കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ