കോവിഡ് പ്രതിരോധം ശുചിത്വം പ്രധാനം

ലോകമാസകലം ഒട്ടേറെ മനുഷ്യ ജീവനുകൾ അപഹരിച്ച് കോവിഡ്-19 എന്ന മഹാമാരി മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ!ലോകത്താകെ ഇതിനോടകം 22 ലക്ഷത്തോളം ആളുകൾക്ക് വൈറസ് ബാധിക്കുകയും ഒന്നര ലക്ഷത്തിലധികമാളുകൾക്ക് ജീവഹാനി നേരിടുകയും ചെയ്തിരിക്കുന്നു. അമേരിക്കയിൽ മാത്രം ആറര ലക്ഷത്തിലധികമാളുകൾക്ക് രോഗം പിടിപെടുകയും, മുപ്പത്തയ്യായിരത്തോളമാളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും വൈറസ് ബാധിച്ചവരുടേയും മരണപ്പെട്ടവരുടെയും എണ്ണം വർദ്ധിച്ചുവരികയാണ്.

ലോകത്താകെ നാശം വിതച്ച് ഈ മഹാമാരി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ നാം ഓരോരുത്തരും നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്.

ജീവിതത്തിൽ വ്യക്തിശുചിത്വം നിലനിർത്തുകയാണ് ഇത്തരം വൈറസുകളേയും രോഗങ്ങളേയും ഇല്ലായ്മ ചെയ്യാൻ നാം ചെയ്യേണ്ടത്. ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് നല്ലപോലെ കഴുകി വൃത്തിയാക്കണം. 20 സെക്കന്റിലധികം കൈ മുഴുവനും സോപ്പും വെള്ളവും എത്തുന്ന രൂപത്തിൽ കൈ കഴുകാൻ ശ്രദ്ധിക്കുക.

അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മുഖാഭരണം(മാസ്ക്) ധരിക്കുക. ഒരു പ്രാവശ്യം പുറത്തിറങ്ങുമ്പോൾ ധരിച്ച വസ്ത്രം അലക്കി വൃത്തിയാക്കാതെ പിന്നീട് ധരിക്കരുത്. ധരിച്ച് വൃത്തിയാക്കാത്ത വസ്ത്രം മുറിയിൽ കൂട്ടിയിടുന്നതും ഒഴിവാക്കണം.

ചുമയോ തുമ്മലോ ഉണ്ടെങ്കിൽ തൂവാല ഉപയോഗിക്കാൻ മറക്കരുത്. ഒരു കാരണവശാലും പുറത്തേക്ക് തുമ്മുകയോ ചുമക്കുകയോ ചെയ്യരുത്. ശുചിമുറിയിൽ പോയതിന് ശേഷവും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിന് മുമ്പും കൈകൾ നന്നായി കഴുകി വൃത്തിയാക്കുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും നന്നായി ശുചിത്വം പാലിക്കുക. ഇതുപോലെ നിത്യ ജീവിതത്തിൽ നല്ല ശ്രദ്ധയും ശുചിത്വവുമുണ്ടെങ്കിൽ ഇത്തരം രോഗങ്ങളെയും വൈറസുകളെയും നമുക്ക് മാറ്റിനിർത്താൻ കഴിയും. കൊറോണക്കാലം കഴിഞ്ഞാലും ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയണം.

ഫാത്തിമ റന സി. കെ
4 യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം