ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പ്രകൃതി തൻ ജീവൻ
പ്രകൃതി തൻ ജീവൻ
ഒരിടത്ത് ഒരു ചെറിയ കുടിലിൽ രാമു എന്ന പാവപ്പെട്ട കർഷകൻ താമസിച്ചിരുന്നു. വളരെ സത്യസന്ധനും ദയാലുവുമായിരുന്നു അയാൾ. കൃഷി ചെയ്തു ലഭിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും രാമു ചന്തയിൽ പോയി വിൽക്കുമായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് രാമു ദിവസം തള്ളി നീക്കുന്നത്. പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കും. ഇതുമാത്രമല്ല, ആരും ചെയ്യാൻ ഇഷ്ടപ്പെടാത്ത ജോലി, ചെയ്യാനാണ് അയാൾക്കിഷ്ടം. പ്രകൃതിയേയും പരിസ്ഥിതിയേയും സ്നേഹിക്കുന്ന രാമുവിനു ധാരാളം കൃഷിയിടങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം മദ്ധ്യത്തായി ഒരു മുത്തശ്ശിമാവും ആപ്പിൾ മരവും പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു. ആപ്പിൾ മരത്തിൽ നിന്നും ലഭിക്കുന്ന ആപ്പിൾ ഭക്ഷിക്കാനും ബാക്കിയുള്ളവ വിൽക്കുകയും ചെയ്തു. കാലങ്ങൾ കടന്നു പോയി രാമുവും വളർന്നു. അങ്ങനെയിരിക്കെ ആപ്പിൾ മരവും വലുതായി ആപ്പിളുകളൊന്നും ഇപ്പോൾ ലഭിക്കുന്നില്ല. മുത്തശ്ശിമാവിന്റെയും ആപ്പിൾമരത്തിന്റെയും ഇലകൾ കൃഷിയിടത്തിലേക്ക് പൊഴിയുന്ന കാരണം , രാമു മരങ്ങൾ വെട്ടാൻ തീരുമാനിച്ചു. ആ ദിവസം വൈകീട്ട് രാമു പുഴക്കടവിലേക്കു പോയി. പണി ചെയ്ത ക്ഷീണത്താൽ രാമു കുറച്ചു നേരം അവിടെ വിശ്രമിച്ചു. "ഈ മരങ്ങൾ വെട്ടി അതിന്റെ തടികൊണ്ട് മനോഹരമായ ഒരു കട്ടിലുണ്ടാക്കണം. ബാക്കി വരുന്ന തടി ചന്തയിൽ കൊണ്ടുപോയി വിൽക്കാം." രാമു ചിന്തിച്ചു. രാമു കുളിച്ചതിനു ശേഷം വീട്ടിലേക്കു തിരിച്ചു പോയി. പിറ്റേ ദിവസം തന്നെ രാമു ആപ്പിൾ മരവും, മുത്തശ്ശിമാവും വെട്ടാൻ കോടാലിയുമെടുത്ത് മുമ്പോട്ടു നടന്നു. നല്ല വെയിലുണ്ടായിരുന്നതിനാൽ രാമു മരത്തിന്റെ ചുവട്ടിലിരുന്നു . എന്നിട്ട് മുകളിലേക്ക് നോക്കി. അപ്പോഴാണ് ഒരു കാക്ക അവിടെ കൂടുണ്ടാക്കുന്നത് രാമു കണ്ടത്. മുത്തശ്ശി മാവിന്റെ ചില്ലയിലായിരുന്നു കാക്കയുടെ കൂട്. പുല്ലും, പഞ്ഞിയും മറ്റും കൊണ്ടുണ്ടാക്കിയ കൂട്. നല്ല ചേലായിരുന്നു. രാമുവിനു പക്ഷികളെ വളരെയിഷ്ടമാണ്. അല്പസമയത്തിനു ശേഷം രാമു വീണ്ടും മരം വെട്ടാൻ തീരുമാനിച്ച് കോടാലിയെടുത്തു. അപ്പോഴാണ് രാമു അവിടെയൊരു തേനീച്ച കൂട് കണ്ടത്. രാമു ആ തേൻ ഒന്നു നൂണഞ്ഞു. എന്നിട്ട് പണ്ടു താൻ ഊഞ്ഞാലാടിക്കളിച്ച മരച്ചില്ലകളും, തത്തിക്കളിച്ച ഇരിപ്പിടങ്ങളും , വിശപ്പടക്കാൻ ഉപയോഗിച്ച ആപ്പിളുകളും ഒരു നിമിഷം ഓർത്തു . അപ്പോഴും രാവുവിന്റെ മനസ്സിൽ മനോഹരമായ കട്ടിലായിരുന്നു. രാമു തലയുയർത്തി മുകളിലേക്കു നോക്കി. ധാരാളം പക്ഷികൾ ആ മരങ്ങളിൽ കൂടുക്കൂട്ടിയിരുന്നു. പക്ഷികളുടെ മാത്രമല്ല , അണ്ണാന്റെയും വണ്ടുകളുടേയും വാസന്ഥലമായിരുന്നു ആപ്പിൾ മരവും മുത്തശ്ശിമാവും. രാമു ഒരു പ്രകൃതി സ്നേഹിയുമായിരുന്നു. "എല്ലാ ജീവജാലങ്ങളുടേയും വാസസ്ഥലമായ ഈ മരങ്ങൾ താൻ വെട്ടിയാൽ ഇവ എവിടെയാണ് താമസിക്കുക." രാമു ചിന്തിച്ചു. രാമു കോടാലിയുമായി വീട്ടിലേക്കു പോയി. എന്നിട്ട് കുറച്ചു വിത്തുകളെടുത്ത് തിരിച്ചു വന്നു. വിത്തുകളെല്ലാം വിതറി കുറച്ചു വെള്ളവും നനച്ചു . ആ സമയം എല്ലാ പക്ഷികളും രാമുവിനെ നോക്കി പുഞ്ചിരിച്ചു. ചരിസ്ഥിതിയെ സ്നേഹിച്ചും പരിപാലിച്ചും ജീവിക്കുന്ന രാമു കുറച്ചു തൈകളും വച്ചു പിടിപ്പിച്ചു. അപ്പോൾ ആകാശമെല്ലാം കറുത്തിരുണ്ട് അന്ധകാരത്തിലായി എങ്ങും ശാന്തതപരത്തി മഴ പെയ്യാൻ തുടങ്ങി. രാമുവിനു വളരെയധികം സന്തോഷമായി. എല്ലാ ജീവികളും അതാത് മാളങ്ങളിൽ കയറിയിരുന്നു. രാമു തന്റെ കുടിലിലേക്കു തിരിച്ചുപോയി. എല്ലാവരും ആ മഴയെ സന്തോഷത്തോടെ വരവേറ്റു. ആ മഴ രാമുവിനു വളരെ കുളിർമയേകിയ ഒന്നായിരുന്നു. രാമു " ഇനി ഒരു മരവും വെട്ടില്ലാ" എന്ന് പ്രതിഞ്ജയെടുത്തു. രാമുവിനെ പോലെ നമുക്കും പരിസ്ഥിതിയെ സ്നേഹിക്കാം. പരിസരം വർണ്ണാഭമാക്കാം. ഇനിയും തൈകൾ നടാം. പാറി പറക്കുന്ന പൂമ്പാറ്റയേപ്പോലെ പറന്നുയരാം. പുതിയൊരു ലോകത്തെ പടുത്തുയർത്താം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |