സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1936  ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിതമായി. ഇവിടെ 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം ആരംഭിച്ചു.   കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിനു കീഴിൽ സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദസ്വാമികൾ 1937 മെയ് 2നു  സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945ൽ ഹൈസ്കൂളും, 1950ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി. കാലടി പ്രദേശത്തിന്റെ 5-6 കിലോമീറ്റർ ചുറ്റളവിൽ താമസിച്ചിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ടവരും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരുമായിരുന്നു. സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന അവർക്ക് ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുവാനും അങ്ങനെ ഉയർന്ന നിലയിലേക്ക് എത്തിച്ചേരുവാനും സാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിനു കീഴിൽ ഒരു ട്രൈബൽ ഹോസ്റ്റൽ പ്രവർത്തിച്ചു വരുന്നു. ആദിവാസി മേഖലകളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ച് ഉന്നത നിലയിലെത്തിയിട്ടുണ്ട് എന്ന കാര്യവും സന്തോഷത്തിന് വകനൽകുന്നു.