ഫോർട്ട് ബോയിസ് എച്ച്. എസ്./അക്ഷരവൃക്ഷം/ഉയരെ
ഉയരെ
അടുത്തിടെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നതുമായ ഒരു മലയാള സിനിമയെ കുറിച്ചാണ് എഴുതുന്നത്. നമ്മുടെ സമൂഹത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള
ഒരു വിഷയം ആണ് സ്ത്രീകൾക്ക് നേരയുള്ള ആസിഡാക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചത് മൂലം നരാധമന്മാരുടെ രോഷാഗ്നിയിൽ സ്വന്തം മുഖവും ശരീരവും ജീവിതവും എരിഞ്ഞടങ്ങിയ എത്രയോ പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്. ഈ വിഷയത്തോട് ചേർത്ത് വായിക്കാവുന്ന ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഉയരെ എന്ന ചിത്രം
പല്ലവി എന്ന പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ഉയരെ. പുതുമുഖസംവിധായകനായ മനു അശോകനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നായികാ കഥാപാത്രമായ പല്ലവിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത നടി പാർവതിയാണ്. പാർവതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
കുട്ടിക്കാലം മുതൽ പൈലറ്റ് ആകണം എന്നതായിരുന്നു പല്ലവിയുടെ സ്വപ്നം. ആ സ്വപ്ന ത്തിലേക്കുള്ള വഴിയിൽ വച്ച് അവളുടെ കാമുകൻ അവൾക്ക് നേരെ ആസിഡ് ഒഴിക്കുകയാണ്. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മരണത്തെക്കാൾ വലിയ വേദനയാണിത് നല്കുന്നത്. ഇതു മൂലം അവൾ ആഗ്രഹിച്ച ജോലി അവൾക്ക് നഷ്ടപ്പെടുന്നു. സമൂഹം അവളെ അവഗണിക്കുന്നു. പരിഹാസങ്ങൾ വേട്ടയാടുന്നു. അതെല്ലാം അതിജീവിച്ച് അവൾ മുന്നോട്ടു വന്ന് സ്വപ്നങ്ങൾ പൂർത്തിയാക്കി ജീവിതവിജയം നേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ആനുകാലിക പ്രസക്തി ഉള്ള ഈ ചിത്രത്തിൽ ഒരു പൈലറ്റിന്റെ ജീവിതവും വിമാന നിയ ന്ത്രണത്തിൽ ഉള്ള സാങ്കേതികവശങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീം വിജയിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം കഥാഗതിക്ക് അനുസരിച്ച് ചിട്ട പ്പെടുത്തിയിരിക്കുന്നു. ജീവിതഗന്ധിയായ ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേകിച്ച് പല്ലവി എന്ന കഥാപാത്രം ഒരു നോവായി ഒരു പ്രചോദനമായി മനസ്സിൽ തങ്ങി നിൽക്കുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |