സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ വില്ലേജിൽ മയ്യിൽ അംശം പെരുമാച്ചേരി ദേശത്ത് 1902ൽ‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാർന്ന പെരുമാച്ചേരിയിൽ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂൾ എന്നറിയപ്പെടുന്നു. ടി.പി.ചന്തുനമ്പ്യാർ,കെ.എം.കമ്മാരൻനായർ,കുന്നത്ത് രാമൻനായർ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിൻറെ ഭാഗമായി 1898-99 കാലഘട്ടത്തിൽ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ൽ‌ അംഗീകാരം നേടുകയും ചെയ്തു. കമ്മാരൻ മാസ്റ്റർ,രാമൻ മാസ്റ്റർ,ചന്തു മാസ്റ്റർ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നൽകാൻ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മൽ കണ്ണൻ മാസ്റ്റർ പ്രത്യേക ബഹുമതിക്ക് അർഹനാണ്.ഒന്നര ഏക്കർ സ്ഥലത്ത് റെൻഡ് ബിൽഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.

കുന്നത്ത് രാമൻ മാസ്റ്റർ,അനുജൻ കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ,അനുജൻ കുന്നത്ത് കണ്ണൻ മാസ്റ്റർ,കെ.എം.കമ്മാരൻ മാസ്റ്ററുടെ മകൻ കെ.വി.ചന്തുക്കുട്ടി മാസ്റ്റർ,കുന്നത്ത് രാമൻ മാസ്റ്ററുടെ മകൻ പി.കണ്ണൻ നായർ എന്ന കുഞ്ഞമ്പു മാസ്റ്റർ,ശ്രീ സി.ഒ.കണ്ണൻ നായർ,മീത്തലെ ബാപ്രകുന്നുമ്മൽ കുഞ്ഞമ്പു മാസ്റ്റർ,കെ.എം.കമ്മാരൻ മാസ്റ്ററുടെ മകൻ,ശ്രീ കെ.വി.ഗോപാലൻ മാസ്റ്റർ,ശ്രീ എം.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥൻമാരാണ് എന്ന് എടുത്ത് പറയട്ടെ. എം.എൽ.എ.ആയിരുന്ന ഇ.പി.കൃഷ്ണൻ നമ്പ്യാർ ഈ സ്ഥാപനത്തിൽ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ൽഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.

കുന്നത്ത് വീട്ടിൽ രാമൻ നായർ,ചന്തു മാസ്റ്റർ,കുഞ്ഞമ്മൻ മാസ്റ്റർ,കെ.കൃഷ്ണൻ മാസ്റ്റർ,കെ.വി.പത്മനാഭൻ മാസ്റ്റർ,എം.മുഹമ്മദ്‌കുഞ്ഞി മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടു.സ്കൂളിലെ ആദ്യ വിദ്യാർത്ഥി അനന്തൻ എന്ന ആൺകുട്ടിയാണ്.പെൺകുട്ടികളിൽ പൈതൽ കുട്ടി.ആദ്യ അദ്ധ്യാപികയായി ചേർന്നത് ശ്രീമതി കെ.ദാക്ഷായണി അമ്മയാണ്.1956വരെ ലോവർ പ്രൈമറിയായി നടത്തി വന്ന സ്കൂൾ ഇ.പി.കൃഷ്ണൻ നമ്പ്യാർ(എം.എൽ.എ),ടി.സി.നാരായണൻ നമ്പ്യാർ(എം.എൽ.എ)എന്നിവരുടെ പരിശ്രമഫലമായാണ് 1957ൽ‌ അപ്ഗ്രേഡ് ചെയ്ത് കിട്ടിയത്.ഇപ്പോൾ രണ്ട് കെട്ടിടങ്ങളിലായി ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.

കർഷകസമരം എന്നത് നമ്മുടെ പ്രദേശത്ത് ബാധിച്ചതായി അറിവില്ല.എങ്കിലും ഏന്തീ കണ്ണോത്ത് കൃഷ്ണൻ മാസ്റ്റർ,കാത്യാരത്ത് കുഞ്ഞാരൻ മാസ്റ്റർ മാസ്റ്റർ എന്നിവർക്ക് കർഷക പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയ പ്രവർത്തനം സ്കൂളിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ് നാട്ടുകാരിൽ ഭൂരിഭാഗവും.ദാരിദ്ര്യവും പട്ടിണിയും കളിയാടിയ കാലത്ത് എത്രയോ കുട്ടികളുടെ പഠനം ഏറ്റെടുത്ത് ഉടുക്കാനും,പുസ്തകം വാങ്ങിക്കൊടുത്ത് പഠിപ്പിക്കുന്നതിൽ അന്നത്തെ അദ്ധ്യാപകരായ ചന്തുക്കുട്ടി മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ,കണ്ണൻ മാസ്റ്റർ,ഗോപാലൻ മാസ്റ്റർ എന്നിവരുടെ കാര്യക്ഷമമായ പ്രവർത്തനം സ്കൂളിൻറെ പുരോഗതിയെ സഹായിച്ചു.പഠനത്തിൽ‌ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കുഞ്ഞമ്പു മാസ്റ്ററുടെ വീട്ടിൽ താമസിപ്പിച്ചു പഠിപ്പിച്ച് വിജയം നേടിയ സംഭവങ്ങളുമുണ്ട്.ഈ അനുഭവങ്ങൾ ഓർത്തുകൊണ്ട് ശ്രീ കെ.രാഘവൻ(വില്ലേജ് ഓഫീസർ)ഏഴാം ക്ലാസ്സിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് കിട്ടുന്ന കുട്ടിക്കുള്ള എൻഡോവ്മെൻറ് ഏർപ്പെടുത്തി.

അദ്ധ്യാപികമാരുടെ രംഗപ്രവേശനത്തോടെ പെൺകുട്ടികളുടെ അഡ്മിഷൻ കൂടിവന്നു.1914 ഫിബ്രവരിയിൽ മമ്മദ് കുഞ്ഞി മാവിലക്കോട്ട് ആണ് ആദ്യമായി ചേർന്ന മുസ്ലീം ആൺകുട്ടി.1954ൽ‌ ആണ് മുസ്ലീം പെൺകുട്ടി ചേരുന്നത്.കനിക്കുണ്ടിൽ ആയിസ്സ.

പഠനത്തിലും പാഠ്യേതരത്തിലും പേരും പ്രശസ്തിയും നേടിയ വിദ്യാലയമാണ് ഇത്. കോൽക്കളി,പൂരക്കളി.നാടകം,നൃത്തം എന്നിവ പരിശീലിപ്പിക്കുന്നതിൽ അദ്ധ്യാപകർ ശ്രദ്ധാലുക്കളായിരുന്നു.കുട്ടികൾക്കുള്ള കഴിവുകൾ,സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുള്ള വേദികൾ അന്നും ഇന്നും നിലനിന്നുപോരുന്നു.യു.എസ്.എസ്,സംസ്കൃതം സ്കോളർഷിപ്പ്‌,സുഗമ ഹിന്ദി പരീക്ഷയിൽ റാങ്ക്,അഖിലേന്ത്യാടിസ്ഥാനത്തിൽ ശാസ്ത്രപ്രദർശനം,സംസ്ഥാനതല കരകൌശലപ്രദർശനത്തിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു.സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത ഈ വർഷവും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന റവന്യു ജില്ലാകലോൽസവത്തിൽ സംസ്കൃതം നാടകത്തിന് ഒന്നാം സ്ഥാനവും, ഈ വർഷം നടന്ന റവന്യു ജില്ലാകലോൽസവത്തിൽ സംസ്കൃതം പദ്യോച്ചാരണത്തിൽ നന്ദന.സി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും,സംസ്കൃതം നാടകത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട് എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്.