പുത്തനങ്ങാടിയുടെ ചരിത്രം പുത്തനങ്ങാടിയിലെ കുടുംബങ്ങൾ പണ്ടുമുതലേ ഏകോദര സഹോദരങ്ങളെപ്പോലെയാണ് ജീവിച്ചിരുന്നത്. ഏതൊരുവീട്ടിലേയും കാര്യങ്ങളിൽ ആധികാരികമായി ഇടപെടുന്നതിനും പ്രവർത്തിക്കുന്നതിനും അങ്ങാടി പ്രമാ​ണികഴ്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

     80 വർഷം മുൻപു വരെ ആണുങ്ങൾ മേൽമുണ്ടും പുളിയിലക്കര നേര്യത് അല്ലെങ്കിൽ തോർത്തു മുണ്ടു  ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. പൊതു സദസ്സുകളിൽ വരുമ്പോൾ ചിലർ മുണ്ടിനും ഷർട്ടിനും പുറമേ കോട്ടും തലപ്പാവും നേര്യതും ധരിക്കുമായിരുന്നു. അദ്ധ്യാപകർ കോട്ടും ടൈയും ഉപയോഗിക്കുമായിരുന്നു  സ്ത്രീകൾ കൈത്തണ്ട വരെ ഇറക്കമുള്ള ചട്ടയും പുടവയുമാണ് ധരിച്ചിരുന്നത്. 1930 ന് ശേഷം മാത്രമാണ് സ്ത്രീകൾ സാരി ഉടുക്കാൻ തുടങ്ങിയത്. 

ഗാർഹിക ജീവിതം

 അങ്ങാടിയിലുള്ള മിക്ക വീട്ടുകാർക്കും ധാരാളം പറമ്പും വയലുകളും സ്വന്തമായുണ്ടായിരുന്നു. ഫലവൃക്ഷങ്ങൾ നട്ടു വളർത്തിയും കൃഷി ചെയ്തും ആടുമാടുകൾ കോഴി, താറാവ് ഇവ വളർത്തിയും ഓരോ വീട്ടുകാരും ഭക്ഷമകാര്യങ്ങളിൽ സ്വയം പര്യാപ്തത നേടിയിരുന്നു. ചാണകവും ചാരവും ശേഖരിച്ച് വളമായി ഉപയോഗിക്കും. കെട്ടുറപ്പുള്ള കന്നുകാലിക്കൂടുകൾ പണിത് പശുക്കളെ വളർത്തിയിരുന്നു. ചുരുക്കി പറ‍ഞ്ഞാൽ ഗാർഹിക കാര്യങ്ങൾ നന്നായി ആസൂത്രണം ചെയ്ത് പരിശ്രമശീലരായി ആളുകൾ ജീവിച്ചു പോന്നു. കൊയ്ത്തുകഴിഞ്ഞ് നെല്ല് അറയിലാക്കി,വൈക്കോൽ തുറുവിട്ട്, കൽഭരണിയിൽ മാങ്ങായും ഉപ്പിലിട്ട് കഴിഞ്ഞാൽ ആ വർഷത്തെ ജോലി പകുതി തീർന്നെന്നാണ് വയ്പ്. സ്ത്രീകളും രാപ്പകലെന്യെ ജോലി ചെയ്തിരുന്നു. പക്ഷേ സ്ത്രീ സ്വാതന്ത്ര്യം നന്നേ കുറവായിരുന്നു.


"https://schoolwiki.in/index.php?title=പുത്തനങ്ങാടി&oldid=403197" എന്ന താളിൽനിന്ന് ശേഖരിച്ചത്