സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെട്ട മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വളവനാട് പെരുന്തുരുത്തുകരി എന്ന പ്രദേശത്താണ് (ചേർത്തല – ആലപ്പുഴ ദേശീയപാതയിൽ കഞ്ഞിക്കുഴിക്കും കലവൂരിനും മധ്യേ വളവനാട് ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് റോഡിന് കിഴക്കുവശത്ത് വേമ്പനാട് കായലിന് പടിഞ്ഞാറ് വശം) പെരുന്തുരുത്ത് ജ്ഞാനോദയം അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ക്രൂരമായ ദിവാൻ ഭരണത്തിനെതിരെ തൊഴിലാളിവർഗ്ഗം നയിച്ച ഐതിഹാസിക വിപ്ലവസമരത്തിന്റെ (പുന്നപ്ര – വയലാർ സമരം) ഒരേട് നടന്ന മാരാരിക്കുളം എന്ന പ്രദേശത്തിനും ദിവാന്റെ പട്ടാളക്കാർ താമസിച്ചിരുന്ന ക്യാമ്പിനും (ഇന്നത്തെ കലവൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) മധ്യേയാണ് സ്ക്കൂൾ നിലനിൽക്കുന്നത്. കാർഷിക – കയർ - മത്സ്യ മേഖലയിൽ തൊഴിലെടുക്കുന്ന വിവിധജനങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശം. കലാ- കായിക – സാംസ്ക്കാരിക രംഗങ്ങളിൽ പ്രശസ്തിയുടെ ഔന്നത്യത്തിലെത്തിയ ധാരാളം മഹദ്‍വ്യക്തികൾക്ക് ജന്മം നൽകിയ നാട്.

ആലപ്പുഴ ജില്ലയിലെ മികച്ച എയ്ഡഡ് പ്രൈമറി സ്ക്കൂളുകളിൽ ഒന്നായ പെരുന്തുരുത്ത് ജ്ഞാനോദയം അപ്പർ പ്രൈമറി സ്ക്കൂൾ 1930 ലാണ് സ്ഥാപിതമായത്. ആലപ്പുഴ നഗരത്തിൽ നിന്ന് ഏതാണ്ട് 10 കിലോമീറ്റർ വടക്കുമാറി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വളവനാട് പ്രദേശത്തെ പെരുന്തുരുത്തുകരി എന്ന സ്ഥലത്താണ്. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഗ്രാമവാസികളിലെ വിവിധ മതസ്ഥരായ ജനങ്ങൾ മുഖ്യമായും തൊഴിലെടുത്തിരുന്നത് കയർ - കാർഷിക – മത്സ്യ മേഖലകളിലായിരുന്നു.

വിദ്യാലയത്തിന്റെ തുടക്കം

പെരുന്തുരുത്ത് ദേശവാസികളിൽ അക്ഷരജ്ഞാനം പകർന്ന് നല്കുന്നതിനായി യശശരീരനായ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് തന്റെ വീട്ടിൽ നിന്ന് തടിയും ഓലയും മറ്റ് അനുബന്ധ സാധനങ്ങളും തലച്ചുമടായി കൊണ്ട് വന്ന് പെരുന്തുരുത്ത് കരിയിലെ സ്വന്തം പേരിലുള്ള ഒരു ഏക്കർ മൂന്ന് സെന്റ് സ്ഥലത്ത് സ്ഥാപിച്ചതാണ് പെരുന്തുരുത്ത് ജ്ഞാനോദയം അപ്പർ പ്രൈമറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപകനായ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് അറിയപ്പെട്ടിരുന്നത് രാമൻ വാധ്യാർ എന്നാണ്. രാമൻ വാധ്യാർ എന്ന ഇലഞ്ഞിക്കൽ രാമക്കുറുപ്പ് ആണ് പ്രധമാധ്യാപകന്റെ ചുമതല വഹിച്ചിരുന്നത്. ആദ്യ കാലങ്ങളിൽ പഠിപ്പിക്കുന്നതിന് പ്രാദേശികമായ അദ്ധ്യാപകരെ കിട്ടാനില്ലാത്തതിനാൽ അന്യദേശക്കാരായ അദ്ധ്യാപകരെയാണ് നിയമിച്ചിരുന്നത്. കാലാന്തരത്തിൽ ഈ വിദ്യാലയത്തിലെ ലോവർ പ്രൈമറി സ്ക്കൂൾ‍ വിഭാഗം കെട്ടിടങ്ങളും 30 സെന്റ് സ്ഥലവും ഉൾപ്പെടെ സർക്കാറിന് വിട്ടുനല്കി. അത് ഇന്നറിയപ്പെടുന്നത് ഗവ. പെരുന്തുരുത്ത് ജ്ഞാനോദയം ലോവർ പ്രൈമറി സ്ക്കൂൾ കലവൂർ (ഗവ. പി ജെ എൽ പി എസ്, കലവൂർ) എന്നാണ്. ഒരേ കോമ്പൗണ്ടിൽ തന്നെയാണ് സർക്കാർ വിദ്യാലയവും എയ്ഡഡ് വിദ്യാലയവും സ്ഥിതി ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക് , മണ്ണഞ്ചേരി എന്നി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള സാധാരണക്കാരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുവാനായി എത്തിച്ചേരുന്നത്.

കേരളത്തിന്റെ പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ യശശരീരനായ എസ് എൽ പുരം സദാനന്ദൻ, ഇന്ത്യൻ വോളിബോളിന്റെ അഭിമാനതാരമായിരുന്ന യശശരീരനായ ഉദയകുമാർ , ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ മാലൂർ ശ്രീധരൻ, മുൻ നിയമസഭാ സെക്രട്ടറി ശ്രി ബാബുപ്രകാശ്, ഇപ്റ്റ ദേശിയ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ, പ്രമുഖ ഗാന്ധിയൻ ശ്രി രവി പാലത്തിങ്കൽ , യശശരീരനായ പി സി വർഗീസ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരും ശ്രേഷ്ഠരും ആദരണിയരുമായ ഒട്ടനവധി വ്യക്തികൾ നമ്മുടെ വിദ്യാലയത്തിന്റെ മുത്തുകളൂം മാണിക്യങ്ങളുമാണ്.

2015 ൽ വിദ്യാലയവും അത് പ്രവർത്തിക്കുന്ന 73 സെന്റ് സ്ഥലവും ഉൾപ്പെടെ വളവനാട് കേന്ദ്രമാക്കി ശ്രീ പ്രകാശ് സ്വാമിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലക്ഷ്മിനാരായണ ക്ഷേത്രം എഡ്യൂക്കേഷൻ ട്രസ്റ്റ് ഏറ്റെടുത്ത് നവീകരിക്കുകയും സ്ക്കൂളിനോട് ചേർന്ന് കിടന്നിരുന്ന 41 സെന്റ് സ്ഥലം കൂടി വാങ്ങിച്ചു. ഇപ്പോൾ സ്ക്കൂളിന് ആകെ 1 ഏക്കർ 14 സെന്റ് സ്ഥലം ഉണ്ട്.