പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ പ്രകൃതിമനോഹരമായ ചെറു ഗ്രാമമാണ് ചിറ്റിലഞ്ചേരി . സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം  ചെയ്യുവാൻ അടുത്തെങ്ങും ഒരു  വിദ്യാഭ്യാസ സ്ഥാപനവും  ഇല്ലായിരുന്നു.  എന്നാൽ ഇതിന് ഒരു പരിഹാരം കാണാൻ  ശ്രീ പതിയിൽ കേശവൻനായർ  ചിറ്റിലംചേരിയുടെ ഹൃദയഭാഗത്ത് തന്നെ ഒരു ചെറിയ കെട്ടിടത്തിൽ  എഴുത്തുപള്ളിക്കൂടം തുടങ്ങി .1893 ൽ തുടങ്ങിയ ഈ എഴുത്തുപള്ളിക്കൂടത്തിൽ 27 വിദ്യാർഥികൾ ഉണ്ടായിരുന്നു .

     

1903 ൽഇതിനെ  ഒരു അംഗീകൃത വിദ്യാലയം ആക്കി . അന്ന്  നാല്  അധ്യാപകരും ഒന്നുമുതൽ നാലുവരെ നാല് ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത് . പതിയിൽ കേശവൻനായർ  ഇഹലോകവാസം വെടിഞ്ഞതിനെ തുടർന്ന് 1940 മുതൽ മേതിൽ സേതുമാധവൻ നായർ ഈ വിദ്യാലയത്തിൻ്റെ സാരഥ്യം ഏറ്റെടുത്തു . 1952 ൽ ചിന്നൻ മാഷ് എന്ന പേരിൽ എല്ലാവരാലും അറിയപ്പെടുന്ന ശ്രീ സേതുമാധവൻ നായർ  ഈ സ്ഥാപനത്തെ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തി  . 1955  ഇ എസ് എൽ സി എന്ന പരീക്ഷാ സമ്പ്രദായം ഏർപ്പെടുത്തി.

       

ഇന്ത്യൻ ഹൈക്കമ്മീഷണർ ആയിരുന്ന സി.പി. രവീന്ദ്രനാഥ് ,മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് എം. എൻ .കൃഷ്ണൻ തുടങ്ങി പല ബഹുമുഖ പ്രതിഭകളെയും ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്.

       

ഈ വിദ്യാലയത്തിൻ്റെ മാനേജർ കൂടിയായിരുന്ന പ്രധാന അധ്യാപകൻ  ശ്രീ സേതു മാധവൻ നായരുടെ നിര്യാണത്തെ തുടർന്ന് ശ്രീമതി പതിയിൽ മദനകല്യാണിയമ്മ മാനേജരുടെ ചുമതല ഏറ്റെടുത്തു. ഇതേ സമയം, 1968ൽ  ശ്രീ. രാമൻ കുട്ടി മാസ്റ്റർ പ്രധാനാധ്യാപകനാകുകയും അദ്ദേഹം 1986 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. തുടർന്ന് വാസുദേവൻ മാസ്റ്ററും വളരെ ചുരുങ്ങിയ കാലംകല്യാണിക്കുട്ടി ടീച്ചറും  സ്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.

1990 മുതൽ 2002 വരെ പി മുരളീധരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിച്ചത്. ഈ കാലയളവിൽ സ്കൂളിന് അത്ഭുത പൂർവ്വമായ വളർച്ചയുണ്ടായി. 33 ഡിവിഷനുകളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു .1993 ൽ ഈ സ്കൂളിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചു. ചിറ്റിലഞ്ചേരിയിലെ പൗരാവലി ഈ ആഘോഷത്തെ നാടിൻ്റെ തന്നെ ഉത്സവമാക്കി മാറ്റി. സാംസ്കാരിക നായകന്മാരും മന്ത്രിമാർ, എം.പി മാർ തുടങ്ങിയവരാലും സമ്പന്നമാക്കപ്പെട്ട ആഘോഷം മൂന്ന് ദിവസം നീണ്ടുനിന്നു.

ശ്രീ മുരളീധരൻ മാസ്റ്ററുടെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹത്തിന് സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്നു.1993 ലെ സംസ്ഥാന അവാർഡും 1999 ലെ ദേശീയ അവാർഡും ഈ സ്കൂളിൻ്റെ മികവിനെ ഉയർത്തിക്കാട്ടുന്നതായിരുന്നു. ഒരു ഇംഗ്ലീഷ് മീഡിയത്തിൻ്റെ ആവശ്യകത രക്ഷിതാക്കൾ ഉന്നയിച്ചതിനെ തുടർന്ന് 1993 ൽ ഇംഗ്ലിഷ് മീഡിയം ആരംഭിച്ചു.

ശ്രീ മുരളീധരൻ മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി കല്യാണം ടീച്ചർ പ്രധാന അധ്യാപികയായി .ടീച്ചറിനു ശേഷം പ്രധാന അധ്യാപകനായി 2004ൽ കെ.സി ബാബു ദാസ് മാസ്റ്റർ  ആ സ്ഥാനം ഏറ്റെടുത്തു . ശ്രീമതി പതിയിൽ മദനകല്യാണി അമ്മയുടെ നിര്യാണത്തെ തുടർന്ന് പതിയിൽ മുരളീധരൻ മാസ്റ്റർ മാനേജറായി ചുമതലയേൽക്കുകയും അദ്ദേഹത്തിനു ശേഷം പതിയിൽ രുഗ്മിണിയമ്മ മാനേജറുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2019 ൽ ഈ സരസ്വതി ക്ഷേത്രത്തിൻ്റെ 125 ആം പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചു. ഈ വിദ്യാലയത്തിൽ നിന്ന് പിരിഞ്ഞു പോയ പോയ എല്ലാ അധ്യാപകരേയും ആദരിച്ചുകൊണ്ട് നടത്തിയ 'ഗുരുവന്ദനം' എന്ന പരിപാടി അന്ന് ശ്രദ്ധേയമായിരുന്നു.

ഈ കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭൗതികസാഹചര്യം മറ്റ് ഏതൊരു യുപി സ്കൂളിനെക്കാളും മികച്ചതാണെന്ന് കാണുവാൻ കഴിയും .ഹൈടെക് ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ പരിശീലനം,  സ്മാർട്ട് ക്ലാസു റൂമുകൾ, വാഹനം മുതലായവ ഈ സ്കൂളിൻറെ ഭൗതികസാഹചര്യത്തെ എടുത്തുക്കാട്ടുന്നു.

2020 ൽ കെ സി ബാബു ദാസ് മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി സരസ്വതി ടീച്ചർ പ്രധാന അധ്യാപികയായി. ഈ ഘട്ടത്തിൽ ലോകം മുഴുവൻ കീഴടക്കിയ കോവിഡ് എന്ന മഹാമാരി മൂലം സ്കൂൾ തുറന്നുള്ള അധ്യയനം സാധിച്ചില്ലെങ്കിലും ഓൺലൈനിലൂടെ ഓരോ അധ്യാപകരും കുട്ടികളിലേക്ക് എത്തി. അതിലൂടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു . സരസ്വതി ടീച്ചർക്ക് ശേഷം ശ്രീമതി ആഷ ടീച്ചർ 2021 മുതൽ പ്രധാന അധ്യാപികയായി തുടരുന്നു. നിലവിൽ എൽ.കെ.ജി. മുതൽ ഏഴാം തരം വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 669 വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.

128 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പുത്തൻ ആശയങ്ങളെയും നൂതന സാങ്കേതിക വിദ്യകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികളെ അറിവും കഴിവും ലക്ഷ്യബോധവും ഉള്ളവരാക്കി തീർക്കാൻ പ്രയത്നിക്കുന്നുണ്ട്.ഈ പ്രവർത്തനത്തിൽ മാനേജ്മെൻ്റുംഅധ്യാപകരും രക്ഷകർത്താക്കളും കൂട്ടായി നേതൃത്വം നൽകി വരുന്നു .ഇപ്പോഴും ഈ വിദ്യാലയം വളർച്ചയുടെ പടവുകളിലാണ്.