വിദ്യാരംഗം കലാസാഹിത്യ വേദി

'സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാവണം സമഗ്രവിദ്യാഭ്യാസം' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാർത്ഥകമാക്കാൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സജീവമായ ഒരു സർഗ്ഗ കൂട്ടായ്‍മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ വിവിധ കഴിവുകളെ ഉത്തേജിപ്പിക്കാനും, പ്രോൽസാഹിപ്പിക്കാനും, അംഗീകരിക്കാനുമുള്ള ഒരു വേദിയായി കഴിഞ്ഞ 18 വർഷത്തോളമായി സ്‍കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് ജില്ലാ അസിസ്‍റ്റന്റ് കോ ഓഡിനേറ്ററായ ശ്രീ. വി.എം അഷ്‌റഫ് മാസ്റ്ററുടെ നിർദ്ദേശങ്ങളനുസരിച്ച്, മലയാളം അദ്ധ്യാപിക ടി. ഹാജറ ടീച്ചറാണ് ഇപ്പോൾ സ്‍കൂളിലെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ക്ലാസ്‍സ്, സ്‍കൂൾ തലങ്ങളിൽ വൈവിദ്ധ്യമാർന്നതും, തനിമയുള്ളതുമായ ഇടപെടലുകൾ നടത്തി, സർഗ്‍ഗാത്മക രചനയിലും, സംഗീതം, സാഹിത്യം, ചിത്രം തുടങ്ങിയ വിവധ കലകളിലുമുള്ള താത്പര്യവും, ജൻമസിദ്ധമായ കഴിവുകളും കണ്ടെത്തി പരിപോഷിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. മാതൃഭാഷയോടുള്ള സ്‍നേഹവും മതിപ്പും വളർത്താനും വായനാ സംസ്‍കാരം പ്രോൽസാഹിപ്പിക്കാനും സർഗവേദി പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിലെ സർഗ്ഗോൽസവ ശില്പശാലകളിലും, മറ്റ് കലോൽസവങ്ങളിലും വിദ്യാരംഗം സാഹിത്യവേദി അംഗങ്ങൾ മികച്ച പ്രകടനം കാഴ്‍ച വെക്കാറുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ വായനാമൽസരത്തിൽ സംസ്ഥാന തലത്തിൽ അമൃതബാബു, നേടിയ ഒന്നാം സ്ഥാനം സ്‍കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രബന്ധ രചനയിലും, ഉപന്യാസ രചനാ മൽസരത്തിലും, നാടൻപാട്ടിലും, സംസ്ഥാനതല മൽസരങ്ങളിൽ മാറ്റുരച്ച പ്രതിഭകൾ കുറെയേറെയുണ്ട്. കൊറോണ എന്ന മഹാമാരി നമ്മുടെ സർഗാത്മക താളങ്ങളെ വീട്ടിനുള്ളിലേക്ക് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെങ്കിലും പൂർവ്വാധികം ശക്തിയോടെ ഓൺ ലൈനിലൂടെ വിദ്യാരംഗം അതിന്റെ തേരോട്ടം നടത്തിയത് അഭിമാനപൂർവ്വം സ്‍മരിക്കുന്നു. ഒരു അധ്യയനവർഷത്തിന്റെ ആദി മദ്ധ്യാന്തം കുട്ടികളുടെ മനസ്‍സിനെ സർഗാത്മകമായി നിലനിർത്താൻ ഇപ്പോൾ സ്‍കൂളിലെ 240 ഓളം കരുത്തുറ്റ അംഗങ്ങളുള്ള ഈ സർഗവേദിക്ക് കഴിയുന്നുണ്ട്. പൊയ്‍കാഴ്‍ചകളും, പൊയ്‍മുഖങ്ങളും അരങ്ങു തകർക്കുന്ന വർത്തമാനകാലത്ത് മാനവികതയുടെ അർത്ഥതലങ്ങൾ സ്വാംശീകരിക്കാൻ കഴിഞ്ഞാൽ അതായിരിക്കും വിദ്യാരംഗത്തിന്റെ നിറവ്.

2022-2023 അധ്യയന വർഷ പ്രവർത്തനങ്ങൾ:

ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു. സ്‍കൂൾ ഭാരവാഹികളെ തെരഞ്ഞെടുത്ത് വിവിധ പരിപാടികൾ ആസൂത്രണം ചെയ്]തു. വായനാദിനത്തിൽ കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, 'വായനാവസന്തം 'പരിപാടിക്ക് തുടക്കം കുറിച്ചു. ആഴ്‍ചയിൽ ഒരുപുസ്‍തകം എന്ന രീതിയിൽ വായിച്ച് വായനാകുറിപ്പ് അവതരിപ്പിച്ചുവരുന്നു. ബഷീർ ദിനവുമായി ബന്ധപ്പെട്ട് വേറിട്ട പ്രവർത്തങ്ങളാണ് നടപ്പിലാക്കിയത്. സാഹിത്യാഭിരുചി വളർത്താനും വൈക്കം മുഹമ്മദ്‌ ബഷീറിനെ കൂടുതലറിയാനും നടത്തിയ 'അക്ഷരയാത്ര 'കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു നവ്യാനുഭവമായിരുന്നു. ബഷീർ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച വൈലാലിലെ വീട് സന്ദർശിക്കുകയും ബഷീറിന്റെ കഥാലോകം അടുത്തറിയുകയും ചെയ്തു. "കവിയോടൊപ്പം ഇത്തിരി നേരം' എന്ന പരിപാടിയുടെ ഭാഗമായി സാഹിത്യ കാരനായ കെ. പി രാമാനുണ്ണിയുടെ വീട് സന്ദർശിച്ചു. കലാഭിരുചി വളർത്താൻ ക്ലാസ്‍സുകളിൽ സാഹിത്യപരിപാടികൾ നടന്നുവരുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ലൈബ്രറിയിൽ ഒരുമിച്ചിരുന്ന് പുസ്‍തക ചർച്ച നടത്തിവരുന്നു.