നടുവിൽ എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു.
വനവും വന്യമൃഗങ്ങളും കൊണ്ട് സമൃദ്ധമായ ഒറ്റപ്പെട്ടു കിടക്കുന്ന അവികസിത പ്രദേശമായ നാടുവിലിൽ അക്ഷരകൈത്തിരി കൊളുത്തിവെക്കാൻ ആ പുണ്യാത്മാവ് മുന്നോട്ട് വന്നത് പിന്നീട് എത്രയോ തലമുറകൾക്കു അനുഗ്രഹമായി. ആദ്യം പുല്ലു മേഞ്ഞ കെട്ടിടത്തിലും 1945 മുതൽ ഓടിട്ട ഒരു ഹാളിലുമായി പ്രവർത്തിച്ച സ്‌കൂൾ ഇന്ന് ഇരുനില കെട്ടിടം ഉൾപ്പെടെ മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു.
മറ്റു പല സ്‌കൂളുകളോടും കിടപിടിക്കത്തക്ക ഭൗതിക സൗകര്യങ്ങളും മികച്ച അധ്യാപകരും ഈ സ്‌കൂളിനെ ആകർഷകമാക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിന് അവധി ദിവസങ്ങളിലടക്കം പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. സൗജന്യവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ വിശ്വാസം സ്‌കൂളിന് നേടാൻ ഇതിനകം സാധിച്ചിട്ടുണ്ട്. അംഗനവാടി മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ തൊട്ടടുത്ത കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ കുട്ടികൾക്ക് ഒരിക്കലും അപരിചിതത്വം അനുഭവപ്പെടുന്നില്ല. ഇക്കാരണങ്ങളാൽ ജില്ലയിലെ ഏറ്ററ്വും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ പി സ്‌കൂളുകളിൽ ഒന്നാണ് നടുവിൽ എൽ പി സ്‌കൂൾ.
ജാതി-മത ഭിന്നതകൾ മുളയിലേ വളർത്തുന്ന ചെലവേറിയ അൺ-എയ്ഡഡ് സ്‌കൂളുകളുടെ സ്ഥാനത്ത് സാമ്പത്തികമായും സാമൂഹ്യമായും സാഹോദര്യവും സഹിഷ്ണുതയും വളർത്താൻ പൊതുവിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിദ്യാര്തഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതുജനങ്ങളുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നമ്മുടെ സ്‌കൂൾ മികവിന്റെ പാതയിൽ ഇനിയും ബഹുദൂരം മുന്നോട്ടു പോകുക തന്നെ ചെയ്യും