തിരുമൂലപുരത്തിന്റെ ഇന്നലെകൾ...കെ പി വർഗീസ് പൂർവ്വവിദ്യാർത്ഥി

തിരുമൂലപുരത്തിന്റെ ഇന്നലെകൾ... കെ പി വർഗീസ് ബഥേൽ

തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു. 1950 - 60 കാലഘട്ടത്തിലാണ് ഞാൻ തിരുമൂലപുരം എന്ന പ്രദേശവുമായി വിദ്യാഭ്യാസത്തിനു മറ്റുമായി ബന്ധപ്പെടുന്നത്.

തിരുവതാംകൂറിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ധാരാളം തോടുകളും നീർച്ചാലുകളും വയലേലകളുമെല്ലാമുള്ള വളരെ ഫലഭൂയിഷ്ഠമായ പ്രദേശമാണ് ഇവിടം. ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. വിവിധ ജാതി മതസ്ഥർആണെങ്കിലും മനുഷ്യർ വളരെ സ്നേഹത്തിലും സഹകരണത്തിലും സൗമ്യതയോടെ ജീവിച്ചുപോന്നിരുന്നു. അന്നത്തെ പ്രധാനപ്പെട്ട കൃഷി കരിമ്പ് ആയിരുന്നു. പുളികീഴിലുള്ള പമ്പാഷുഗർ ഫാക്ടറിക്ക് വേണ്ടിയാണ് കരിമ്പ് കൃഷി ചെയ്തിരുന്നത്. മറ്റു പ്രധാനപ്പെട്ട കൃഷികൾ നെല്ല്, കപ്പ, വാഴ, തെങ്ങ് കശുമാവ്, പച്ചക്കറികൾ എന്നിവ കൂടാതെ പ്ലാവും മാവുമെല്ലാമുണ്ടായിരുന്നു. റബ്ബർ കൃഷി പ്രചാരത്തിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ. ഗതാഗതസൗകര്യം ആദ്യം നന്നേ കുറവായിരുന്നു. എം സി റോഡ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വീതി വളരെ കുറവായിരുന്നു. ദിവസത്തിൽ വല്ലപ്പോഴും കെ എസ് ആർ ടി സി ബസ് കാണും. അത് പഴയ മോഡലിൽ ബോണറ്റ് മുന്നോട്ടുന്തിയവയായിരുന്നു. മുൻവശത്തു ലിവർ ഇട്ടു കറക്കി ആണ് ബസ്സുകൾ സ്റ്റാർട്ട് ചെയ്തിരുന്നത്. കാറുകൾ വളരെ അപൂർവമായിരുന്നു. ചിലർ റിക്ഷാവണ്ടി യാത്രക്ക് ഉപയോഗിച്ചിരുന്നു. മനുഷ്യർ വലിക്കുന്നതും സൈക്കിൾ പോലെ ചവിട്ടി ഓടിക്കുന്നതുമായ റിക്ഷാവണ്ടികൾ സാധാരണമായിരുന്നു. ചരക്കുനീക്കത്തിനും മറ്റും കാളവണ്ടികൾ ആണ് ഉപയോഗിച്ചിരുന്നത്. ചരക്കുകളും മറ്റും നിറച്ച കാളവണ്ടികൾ നിരനിരയായി പോകുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ഹസ്വദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിന് ഉന്തുവണ്ടികളാണ് ഉപയോഗിച്ചിരുന്നത്.

ഈ ഗ്രാമത്തിൽ തിരുമൂലവിലാസം യു പി സ്കൂളിന്റെ മുൻവശത്തായി റോഡിനിരുവശവും നാമമാത്രമായ വ്യാപാര സ്ഥാപനങ്ങളെ അന്നുണ്ടായിരുന്നുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കട ഉമ്മച്ചൻ എന്നയാളിന്റെ സ്റ്റേഷനറി കടയായിരുന്നു. ഞങ്ങൾ സ്കൂൾ കുട്ടികൾ ഉമ്മച്ചന്റെ കടയിൽനിന്നാണ് പഠനോപകരണങ്ങൾ വാങ്ങിയിരുന്നത്. മിക്കപ്പോഴും കടയിൽ കയറി പേനയിൽ മഷി നിറക്കുമായിരുന്നു. അന്ന് ഫൗണ്ടൻ പേന പ്രചാരത്തിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ. അതിനുമുൻപ് നിബുകൊണ്ടുള്ള സ്റ്റീൽ പെൻ മഷിയിൽ മുക്കി ആണ് എഴുതിയിരുന്നത്. പിന്നീടാണ് ഇന്നത്തെ രീതിയിലുള്ള ബോൾപെൻ സർവ്വസാധാരണമായത്. തിരുമൂലപുരത്ത് കുഞ്ഞുകുട്ടി എന്നയാൾ ഒരു ജൗളിക്കട നടത്തിയിരുന്നു. ഗോപാലപ്പണിക്കരുടെ ചായക്കട, കോടിയടിയിൽ അനുജന്റെ ടെയ‍്‍ലറിങ്ങ് ഷോപ്പ്, അണ്ണന്റെ ഡിസ്പെൻസറി, കുന്നത്തറക്കാരുടെ മുറുക്കാൻകടയും സൈക്കിൾഷോപ്പും പടിഞ്ഞാറെ അറ്റത്തായി ഒരു കള്ളുഷാപ്പും പ്രവർത്തിച്ചിരുന്നു. വ്യാപാരശാലകളുടെ മുൻവശത്തായി നിരനിരയായി ബദാംമരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. കുട്ടികൾ ബദാംകായ്‌‍കൾ ശേഖരിച്ച് തല്ലിപ്പൊട്ടിച്ച് തിന്നുന്നത് ഇപ്പോഴും ഓർക്കുന്നു.

എടുത്തുപറയേണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇവിടെ പ്രവർത്തിച്ചുവന്നിരുന്ന മഹാത്മാഗാന്ധിസ്മാരക വായനശാല. അന്നത്തെക്കാലത്ത് ഞങ്ങൾ കുട്ടികൾക്ക് വായനശാലകൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. വർത്തമാനപത്രങ്ങൾ വായിക്കുവാനും, മെമ്പർഷിപ്പുള്ളവർക്ക് പുസ്തകങ്ങളെടുത്ത് വീട്ടിൽകൊണ്ടുപോയി വായിക്കുവാനും അവസരം കിട്ടി. ഞാൻ 8ാം ക്ലാസിൽ പഠിച്ചിരുന്ന കാലത്താണ് അവിടെ മെമ്പർഷിപ്പ് എടുത്തത്. അതുവഴി ലോകപ്രശസ്തരായ എഴുത്തുകാരുടെ നോവലുകൾ വായിക്കുവാൻ സാധിച്ചു. വായനശാലയുടെ മറ്റൊരു പ്രത്യേകത അവിടെ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു എന്നതാണ്. അന്നത്തെക്കാലത്ത് വീടുകളിൽ റേഡിയോ എന്നുപറയുന്നത് ഒരപൂർവ്വവസ്തുവായിരുന്നു പ്രത്യേകിച്ചും സാധാരണക്കാരുടെ ഇടയിൽ. വായനശാലയിൽ പോയിരുന്ന് ആകാശവാണിയുടെ വാർത്തകളും മറ്റും കേൾക്കുക ഞങ്ങൾക്ക് ഒരു പതിവായിരുന്നു. കുന്നത്തറക്കാരുടെ സൈക്കിൾ ഷോപ്പിൽ നിന്നും സൈക്കിൾ വാടകയ്ക്കെടുത്താണ് കുട്ടികളായ ഞങ്ങൾ സൈക്കിളിങ് പഠിച്ചത്. അന്ന് സാധാരണക്കാരന്റെ വാഹനമായിരുന്നു സൈക്കിൾ. തിരുമൂലപുരം കാളച്ചന്ത വളരെ പ്രശസ്തമായിരുന്നു. മാസത്തിലൊരിക്കൽ നടക്കുന്ന കാളചന്തയിൽ നാടിന്റെ നാനാഭാഗത്തുനിന്നും കന്നുകാലികളെ വാങ്ങാനും വിൽക്കുവാനും ആളുകൾ എത്തുമായിരുന്നു. വെള്ളിആഴ്ചകളിലും ചൊവ്വാഴ്ചകളിലും തിരുമൂലപുരത്ത് ചന്തകൾ കൂടുമായിരുന്നു. പ്രധാനമായും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും പുറമേ എല്ലാത്തരം സാധനങ്ങളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ ധാരാളം എത്തിയിരുന്നു. ഒരു ഉത്സവം പോലെ ആയിരുന്നു അന്നത്തെ ചന്തകൾ.

മാറ്റി നിർത്താൻ പാടില്ലാത്ത ഒരു വ്യക്തിയായിരുന്നു തിരുമുലവിലാസം സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഫിലിപ്പ് സാർ. പീടികകെട്ടിടത്തിലെ ഒരു മുറിയിൽ തന്നെയാണ് സാർ താമസിച്ചിരുന്നത് . ഒരു പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനും ആയിരുന്നു അദ്ദേഹം. മതപരമായ എല്ലാ കാര്യങ്ങളിലും മുൻകൈ എടുത്തിരുന്നു. അതോടൊപ്പം തന്നെ രോഗചികിത്സയും പാമ്പു വിഷത്തിനുള്ള ചികിത്സയും സാറിനുണ്ടായിരുന്നു. പീടികകെട്ടിടങ്ങൾക്ക് പിറകുവശം മുകളിലായി ഒരു മാർത്തോമാപള്ളി, ഇരുവെള്ളിപ്രയ്ക്ക് പോകുന്ന ഭാഗത്ത് സുബ്രഹ്മണ്യഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരുമ്പലം (മുരുകന്റെ അമ്പലം) അതിനും കിഴക്കായി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി, ഇരുവെള്ളിപ്രയിൽ മലങ്കര കത്തോലിക്കാപള്ളി എന്നീ ആരാധനാലയങ്ങൾ ഉണ്ടായിരുന്നു.

അന്ന്പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളുകൾ തിരുമുലവിലാസം യു പി സ്കൂൾ, ബാലികാമഠം ഹൈസ്കൂൾ, എസ് എൻ വി സംസ്കൃത ഹൈസ്കൂൾ, കെ പി എം എസ് വക ഒരു എൽ പി സ്കൂൾ, ഇരുവെള്ളിപ്ര സെൻറ് തോമസ് ഹൈസ്കൂൾ എന്നിവയും ജംഗ്ഷനിൽ ഒരു രണ്ടു നില കെട്ടിടത്തിന്റെ മുകളിലായി ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് ക്ലാസും നടത്തിയിരുന്നു. തിരുമുലവിലാസം യു പി സ്കൂളിനോടനുബന്ധിച്ച് സന്യാസിനികൾ പെൺകുട്ടികൾക്കായി ഒരു ബോർഡിങ്ങും, ബാലികാമഠത്തിൽ പെൺകുട്ടികൾക്കായി മറ്റൊരു ബോർഡിങ്ങും പ്രവർത്തിച്ചിരുന്നു. പ്രശസ്ത സിനിമാ നടനായ എം ജി സോമൻ, അറിയപ്പെടുന്ന പത്രപ്രവർത്തകനും ലേഖകനുമായിരുന്ന തിരുമൂലപുരം ജോയി, കവി തിരുമൂലപുരം നാരായണൻ, കഥാപ്രസംഗകനായ കെ ജി കേശവപണിക്കർ ഇവരൊക്കെ സമകാലീനരും തിരുമൂലപുരം ഗ്രാമത്തിന്റെ യശസുയർത്തിയവരുമായിരുന്നു.