മടക്കയാത്ര

മുത്തശ്ശന്റടുത്തേക്ക് ഓടി വന്ന് ബാലുമോൻ ചോദിച്ചു:

"മുത്തശ്ശാ.... മുത്തശ്ശാ.... മഴ എന്നാൽ എന്താണ്?".

8 വയസ്സുകാരനായ ആ നിഷ്കളങ്ക ബാലന്റെ ചോദ്യം കേട്ട് മുത്തശ്ശൻ പുഞ്ചിരിച്ചു. മുത്തശ്ശൻ തന്റെ ചെറുപ്പകാലത്തിലേക്ക് ഊളിയിട്ടിറങ്ങി. ചെറുപ്പകാലത്ത് ഓട് ഇട്ട വീട്ടിൽ കഴിഞ്ഞതും, മഴ വരുമ്പോൾ ഓട് ചോരുന്നതു കൊണ്ട് പാത്രം വെച്ചതും, മഴവെള്ളച്ചാലിൽ കടലാസുതോണി ഒഴുക്കി കളിച്ചതും, മഴയത്ത് കളിച്ചപ്പോൾ അമ്മ വഴക്ക് പറഞ്ഞതും അങ്ങനെ പല പല കാര്യങ്ങൾ മുത്തശ്ശന്റെ മനസ്സിലേക്ക് അലയടിച്ചെത്തി.എന്നാൽ ഇപ്പോഴത്തെ തന്റെ കൊച്ചുമകന്റെ അവസ്ഥ മഴയെ അറിയാത്ത മഴയെ കാണാൻ പോലും പറ്റാത്ത തരത്തിലാണ്.ഈ ഗൾഫ് നാടുകളിൽ മഴ വളരെ കുറവാണ്. ഉണ്ടെങ്കിൽ തന്നെ ഈ കോൺക്രീറ്റ് കാടുകൾക്കിടയിൽ നിന്ന് എങ്ങനെ ആസ്വദിക്കാനാണ്. തന്റെ കുട്ടിക്കാലവും ഇപ്പോഴത്തെ കുട്ടിക്കാലവും തമ്മിൽ എന്തൊരു വ്യത്യാസമാണ്. കുട്ടികൾക്ക് തന്റെ മാതാപിതാക്കളെ കാണാൻ പോലും സാധിക്കില്ല. രാവിലെ കുട്ടി ഉണരുന്നതിന് മുൻപു തന്നെ അവർ ജോലിക്കുപോകും.വൈകിട്ടെത്തുമ്പോഴേക്കും കുട്ടി ഉറക്കത്തിലുമായിരിക്കും. എന്തൊരു ദയനീയാവസ്ഥ അല്ലേ?.കുട്ടിക്കും മാറ്റമില്ല. ഉറങ്ങി എഴുന്നേറ്റാൽ പഠനത്തിന്റെ മതിൽ കെട്ടുകൾക്കുള്ളിലേക്കുള്ള യാത്രയാണ്. തന്റെ അനുജന്റെ മകന്റെ മകനാണ് ഈ ബാലുമോൻ. തന്റെ അനുജൻ ചെറുപ്പത്തിലെ ഈ ഗൾഫ് നാട്ടിൽ വന്ന് ബിസിനസ് ചെയ്ത് ഇവിടെ താമസമാക്കി. മകനും ആ വഴി തുടർന്നു.പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ ഒരപകടത്തിൽ അനുജനും ഭാര്യയും മരിച്ചു പോയി.

നാട്ടിലുള്ള മൂന്ന് നാല് ഏക്കർ സ്ഥലവും നോക്കി കഴിഞ്ഞിരുന്ന തനിക്ക് കുട്ടികളില്ലാത്ത വിഷമം വളരെ വലുതായിരുന്നു.അങ്ങനെയാണ് ഇവന്റെ നിർബന്ധപ്രകാരം നാട്ടിലുള്ളതെല്ലാം ഉപേക്ഷിച്ച് ഇവിടെ ഇവന്റെയൊപ്പം താമസമായത്.നാട്ടിൻപുറത്തു നിന്നും എത്ര വ്യത്യസ്തമാണ് ഈ നഗരജീവിതം. പഠനത്തിൽ മിടുക്കനായിരുന്ന ബാലുമോൻ എന്നും തന്റെ അരികിൽ ഇരിക്കാൻ കുറച്ച് സമയം ചെലവഴിക്കുമായിരുന്നു. നാട്ടിൻപുറത്തെ കാടുകളും പുഴകളും അരുവികളും തോടുകളും ഒക്കെ അവന്റെ ഓരോ ദിവസത്തെയും വിഷയങ്ങളായിരുന്നു.പണ്ട് നമുക്ക് ആവശ്യമായ പച്ചക്കികൾ, ധാന്യങ്ങൾ എന്നിവയെല്ലാം സ്വന്തമായി കൃഷി ചെയ്ത് ഭൂമിയിലിറങ്ങി മണ്ണിനോട് ഇട ചേർന്ന് അദ്ധ്വാനിച്ച് ഉൽപാദിപ്പിച്ചിരുന്നു.എന്നാൽ ഇന്ന് എവിടെ നിന്നോ വിഷം തെളിച്ച് കയറ്റി വരുന്ന പച്ചക്കറികളാണ് നാം നിത്യേന ഉപയോഗിക്കുന്നത്. പണ്ട് രോഗങ്ങൾ വളരെ കുറവാണ്. എന്നാൽ ഇന്ന് പണ്ട് കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങൾ സാർവത്രികമായിരിക്കുന്നു. ഇങ്ങനെ പലതും അവരുടെ ഓരോ ദിവസത്തെയും ചർച്ചാ വിഷയങ്ങളായി മാറി.ബാലുമോന് പ്രകൃതിയുമായിട്ടുള്ള ബന്ധത്തെ കൂടുതൽ കൂടുതൽ ഊഷ്മളമാക്കാൻ ഇത് കാരണമായി. മുത്തശ്ശന്റെ പ്രകൃതി സ്നേഹവും നാട്ടിൻ പുറത്തെ വിശേഷങ്ങളും ഒക്കെ കേട്ടും പഠിച്ചും ആണ് അവൻ വളർന്ന് വലിയ നിലയിലെത്തിയത്.തന്റെ ജോലിത്തിരക്കിനിടയിലും മുത്തശ്ശൻ തന്റെ പേരിൽ എഴുതി വെച്ചിട്ടുള്ള നാട്ടിൻ പുറത്തെ മൂന്ന് നാല് ഏക്കർ സ്ഥലം അവൻ കാണുമായിരുന്നു. ഒടുവിൽ നാട്ടിലേക്ക് വരാൻ തന്നെ അവൻ തീരുമാനിച്ചു.ഗൾഫിലെ ബിസിനസ് എല്ലാം അനുജനെ ഏൽപ്പിച്ച് ബാലുമോനെന്ന ബാലചന്ദ്രൻ നാട്ടിലെത്തി. തന്റെ കാടുപിടിച്ച ഏക്കറുകണക്കിന് സ്ഥലം അവൻ നോക്കിക്കണ്ടു.

താൻ ഇനി നാട്ടിൽ തന്നെ താമസമാക്കുകയാണെന്ന് പറഞ്ഞതു കേട്ട് പലരും അവിടെയെത്തി പലതും പറഞ്ഞു. വലിയ മരങ്ങൾ മിറ്റ് കുറെ പണമുണ്ടാക്കാമെന്നും, ജെ.സി.ബി ഉപയോഗിച്ച് ഇതെല്ലാം തട്ടി നിരത്തി വലിയ ഒരു കോൺക്രീറ്റ് മാളിക ഉണ്ടാക്കാമെന്നുമൊക്കെ.പക്ഷെ ഇതിനൊന്നും അവൻ ചെവികൊടുത്തില്ല. ആ കാനനഭംഗി നഷ്ടപ്പെടാതെ മോശമായ മരമെല്ലാം മാറ്റി പുതിയത് വെച്ചു പിടിപ്പിച്ചും അവൻ അത് ഒരു നല്ല പൂങ്കാവനമാക്കി മാറ്റി.അതിൽ പ്രകൃതിക്കിണങ്ങിയ കോൺക്രീറ്റല്ലാത്ത നല്ലൊരു ഓടിട്ട വീടും പണിതു.പിന്നീട് ആവശ്യം വേണ്ട സാധനങ്ങൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കാനും തുടങ്ങി. പാന്റും കോട്ടും ഷൂസും ഇട്ട് എ.സി റൂമിനുള്ളിൽ കഴിയുന്നതിനെക്കാൾ എത്രയോ സുഗകരമായതാണ് പ്രകൃതിദത്തമായ ഈ പച്ചപ്പിനുള്ളിലെ താമസം. പ്രകൃതിയിലേക്കിറങ്ങുമ്പോൾ രോഗ പ്രതിരോധശേഷി കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. പണ്ടത്തെ മനുഷ്യർ പാമ്പിനെയും കടുവയേയും മറ്റു വന്യജീവികളെയും പേടിച്ചു.മനുഷ്യൻ പുരോഗമിച്ചപ്പോൾ അവയെയെല്ലാം പിടിച്ച് കൂട്ടിലാക്കി പ്രദർശനത്തിന് വച്ചു.മനുഷ്യൻ പുരോഗമിക്കുമ്പോഴും പ്രകൃതിയെ നശിപ്പിക്കുമ്പോഴും തിരിച്ചടി ഉണ്ടാകുമെന്ന് അവൻ അറിയുന്നില്ല. ലോകം മുഴുവൻ നശിപ്പിക്കാൻ കഴിവുണ്ടെന്ന് അഹങ്കരിച്ച വൻ രാഷ്ട്രങ്ങൾ പോലും ഇത്തിരി പോന്ന ഒരു വൈറസിനു മുന്നിൽ മുട്ട് കുത്തി.ആ സൂക്ഷ്മജീവി ലോകത്തെ തന്നെ അടക്കി വെച്ചിരിക്കുന്നു.

ഹരിശങ്കർ നമ്പൂതിരി കെ.കെ
5 ബി ഗവ യു പി സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ