സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എറിയാട് ഗ്രാമപഞ്ചായത്തിൽ തദ്ദേശവാസികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴിക കല്ലായി നിലനിൽക്കുന്ന ഒരു വിദ്യാലയമാണ് അഴീക്കോട് ഗവണ്മെന്റ് യു പി സ്കൂൾ.

ജി യു പി എസ് അഴിക്കോട്
പഴയ കെട്ടിടം

കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഴീക്കോട് പ്രദേശത്ത് കൊച്ചിൻ മുസ്ലിം  വിദ്യാഭ്യാസ സംഘത്തിന്റെ ശ്രമഫലമായി AD 1909ൽ സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ അഴീക്കോട്. നമ്പൂതിരി മഠത്തിൽ കുഞ്ഞിപ്പോക്കർ കുട്ടി സാഹിബ് നൽകിയ 7 സെന്റ് സ്ഥലത്ത് കൊച്ചിയിലെ ഹാജി ഈസ ഇസ്മയിൽ സേട്ട് നിർമിച്ചുനൽകിയ കെട്ടിടത്തിൽ അയ്യാരിൽ തൈച്ചാലിൽ കുഞ്ഞിമുഹമ്മദ് സാഹിബ് പ്രസിഡന്റായി ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തെ 8 മുതൽ 13 വയസ്സു വരെയുള്ള കുട്ടികളെ ചേർത്തി ഒരു വിദ്യാലയം ഉയർന്നത് ചരിത്ര ദൗത്യത്തിന്റെ ഭാഗമാണ്. സാധാരണക്കാരും ദരിദ്രരുമായ കുട്ടികളോടൊപ്പം ഇടത്തരക്കാരായ നാട്ടുപ്രമാണികളുടെയും കച്ചവടക്കാരുടെയും സമ്പന്നരുടെയും കുട്ടികളും പഠിക്കാൻ ഉത്സാഹപൂർവ്വം സ്കൂളിൽ എത്തിച്ചേർന്നു. ചരിത്രപുരുഷന്മാർ ആയി വളർന്ന സ്വാതന്ത്ര്യ സമര നേതാവും ദേശീയ നേതാവുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും കേരള സ്പീക്കറായി വളർന്ന കെ എം സീതിസാഹിബും ആദ്യകാല വിദ്യാർഥികളായിരുന്നു. അര ക്ലാസുമുതൽ ഫോർത്ത് ഫോറം വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. പ്രവർത്തനങ്ങൾ സജീവമായതോടെ വിദ്യാലയം സർക്കാരിനു കൈമാറി. സ്കൂൾ കെട്ടിടത്തിൽ നിന്ന് വടക്കുഭാഗത്ത് പുതിയ കെട്ടിടങ്ങൾ പണിതു. 72 വർഷം ലോവർ പ്രൈമറി ആയി തുടർന്ന വിദ്യാലയം 1980 ൽ യുപി സ്കൂളായി ഉയർത്തി. ഈ കാലയളവിൽ വിദ്യാലയത്തിലെ പ്രധാന അധ്യാപിക എം.എസ്. കൊച്ചു കദീജ ആയിരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാനായി സർക്കാരിന്റെ നിബന്ധന പാലിക്കുവാൻ 3 ക്ലാസുകൾ നടത്താവുന്ന താൽക്കാലിക ഷെഡ്ഡും രണ്ടുലക്ഷത്തോളം രൂപ വിലയുള്ള 65 സെന്റ് ഭൂമിയും സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.

ഉപജില്ലയിൽ ആദ്യം നടത്തിയ കായികമേളയിൽ തുടർച്ചയായി ചാമ്പ്യന്മാരായി സ്കൂൾ കായികരംഗത്ത് ഉയർന്നുനിന്നു. രണ്ടായിരത്തിലധികം സാധാരണ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഗവൺമെന്റ് യുപിസ്കൂൾ ജില്ലയിലെ തലയെടുപ്പുള്ളതായിമാറി. ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരിൽ പ്രധാനികൾ നാരായണമേനോൻ, പ്രഗൽഭ പണ്ഡിതനും എഴുത്തുകാരനുമായ ഇ കെ മൗലവി ,എ കെ അബ‍ു, കെ കേശവൻ എന്നിവരാണ്.

ത്രിതല പഞ്ചായത്തുകളുടെ വിദ്യാഭ്യാസ ഇടപെടലിലൂടെ പിന്നീട് സ്കൂൾ സൗകര്യങ്ങൾ വളർന്നു. പഴയ തെക്ക് സ്കൂൾ ഒരു ശാസ്ത്ര മ്യൂസിയമാക്കി നിലനിർത്തി സംരക്ഷിച്ചുപോരുന്നു. 2020ൽ 110 വർഷം പിന്നിടുമ്പോഴാണ് ബഹുമാനപ്പെട്ട എം എൽ എ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 250 ലധികം കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാന സൗകര്യങ്ങളോടെ മാറിക്കഴിഞ്ഞു. മെച്ചപ്പെട്ട ലൈബ്രറിയും ശാസ്ത്രലാബ‍ും ഗണിതലാബ‍ും സ്കൂളിന്റെ സവിശേഷതയാണ്. പ്രധാന അദ്ധ്യാപകനായി പി എം നൗഷാദ് മാസ്റ്ററാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത് . മുഹമ്മദ് റാഫി പ്രസിഡണ്ടായി ശക്തമായ ഒരു പി ടി എ സമിതിയും പ്രവർത്തിക്കുന്നുണ്ട് . അഴീക്കോട് പ്രദേശത്തെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി അഴീക്കോട് ഗവൺമെന്റ് യുപി സ്കൂൾ മികവിന്റെ കേന്ദ്രമായി വളരുകയാണ്.