ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരുത്ത്
പ്രകൃതിയുടെ തിരുത്ത്
"എന്താണ് ഇന്നത്തെ അവസ്ഥ" എന്ന ആദിയോടെയാണ് നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. അത്രയ്ക്കും ഭീതി പടർത്തിയിരിക്കുന്നു 'കോവിഡ് 19' എന്ന മഹാമാരി. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ലോകത്തിലെ നാനാഭാഗങ്ങളിലേക്കും പടർന്നെത്തിയ കൊറോണ എന്ന കോവിഡ് 19 ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തേയും കീഴ്‌പ്പെടുത്തിയിരിക്കുന്നു. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുക എന്ന മുൻകരുതലാണ് ലോകം നമ്മുടെ കൊച്ചു കേരളത്തെ മാതൃകയാകുന്നത്. ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ ഏറ്റുവാങ്ങിയ നമ്മുടെ കൊച്ചു കേരളത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ട കാര്യം തന്നെയാണ്. കോവിഡ് 19എന്ന മഹാമാരി ലോകത്തെ മുഴുവനും പിടിച്ചു കുലുക്കുമ്പോഴും നമുക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞത് നമ്മുടെ ആരോഗ്യ പ്രവർത്തകർ ഫലപ്രദമായി നടപ്പാക്കിയ മുൻകരുതൽ തന്നെയാണ്. രോഗപ്രതിരോധത്തിനു ശുചിത്വപരിപാലനം മുഖ്യഘടകമാണ്. സർവ്വതും മലിനമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ രോഗപ്രതിരോധത്തിന് നാം പ്രാധാന്യം കല്പിക്കേണ്ടതുണ്ട്. നഗരങ്ങളിൽ ജനസമ്പർക്കം കൂടുന്നതിനനുസരിച്ച് ശുചീകരണ പ്രശ്നങ്ങളും അധികരിച്ചുകൊണ്ടിരിക്കുന്നു. ഇത് കാരണം ആരോഗ്യ പ്രശ്നങ്ങളും കൂടി കൊണ്ടിരിക്കുന്നു.നഗരങ്ങളെല്ലാം മലിനമാക്കപ്പെട്ടതിന്റെ അനന്തരഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ട് കോവിഡ് 19 നമ്മുടെ ലോകത്തെ ഇങ്ങനെ വേട്ടയാടുന്നു ? സ്വാഭാവികമായും നമ്മുടെ എല്ലാവരുടേയും മനസ്സിൽ വരുന്ന ഒരു ചോദ്യമാണിത്. വായു, മണ്ണ്, ജലം തുടങ്ങി ഒട്ടുമിക്ക ഘടകങ്ങളും കാലദേശഭേദമന്യേ മലിനപ്പെട്ടു കൊണ്ടിരിക്കുകയാണ് . അത് കാലക്രമേണ കാലാവസ്ഥ വ്യതിയാനത്തിനും അത് വഴി ജീവന്റെ സ്വാഭാവിക നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും , ഈ സത്യമാണ് കോവിഡ് 19 എന്ന മഹാമാരിയിലൂടെ പ്രകൃതി മനുഷ്യന് കാട്ടിത്തരുന്നത്. അഹങ്കാരിയായ മനുഷ്യന് പ്രകൃതി നൽകിയ ചെറിയൊരു തിരിച്ചടിയാണ് കോവിഡ് 19. പ്രകൃതി അമ്മയാണ്, ആ അമ്മയെ സംരക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്.പക്ഷെ മനുഷ്യർ അവരുടെ സുഖ സൗകര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ഉപദ്രവിക്കുകയാണ് .പ്രകൃതിക്ക് ദോഷമായി മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. അതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് കൊറോണ എന്ന കോവിഡ് 19. ഈ ലോക്‌ഡൗൺ കാലത്ത് പ്രകൃതിയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തിയാൽ നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു .അന്തരീക്ഷമലിനീകരണം കുറഞ്ഞത് കാരണം പഞ്ചാബിൽ നിന്ന് ഹിമാലയം കാണാം, ലോകം മുഴുവനും മലിനമുക്‌തമായി കൊണ്ടിരിക്കുകയാണ് എന്ന വാർത്ത ഈ കൊറോണ കാലത്ത് നമ്മുക്ക് സന്തോഷം പകരുന്ന ഒന്നാണ് . ഇതിൽ നിന്നും പാഠം ഉൾകൊണ്ട് പ്രകൃതിയെ സംരക്ഷിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രതിരോധിക്കാം ഈ കൊറോണയെ, "ഈ സമയവും കടന്നു പോകും " എന്ന ചരിത്രവാക്കുകൾ ഓർത്തുകൊണ്ട്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |