സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം

വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പനവല്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1968-ൽ സ്ഥാപിതമായി.ആതണ്ട ദേവേശ ഗൗഡറുടെ വീട്ടിൽ വച്ച് ഗുരുകുലവിദ്യാഭ്യാസം നടക്കുന്നുണ്ടായിരുന്നു. കുടിയേറ്റക്കാർ കൂടുതലായി വന്നശേഷം നാട്ടുകാരുടെ ആവശ്യം മുൻനിർത്തി കുറച്ച് ആളുകളുടെ നേതൃത്വത്തിൽ ഒരു സ്കൂൾ സ്ഥാപിതമാകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.

ശ്രീ പാലക്കൽ രാമൻ, രാമൻ മൂസ്സത്,എ.എൻ ജനാർദ്ദനൻ, കെ.പി വേലായുധൻ, കാഞ്ഞിരത്തിൽ കുഞ്ഞപ്പൻ, എം പി മാധവൻ ,വി കെ ദാമോദരൻ,പുളിക്കൽ അഗസ്തി,എ.ആർ ഉണ്ണി, ഗോപാലൻ നമ്പ്യാർ മുതലായവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. സ്കൂളിനുവേണ്ടി ശ്രീ പാലയ്ക്കൽ രാമൻ ഒരേക്കർ സ്ഥലം വിട്ടു കൊടുത്തു. ഈ മഹത്‌വ്യക്തികളുടെ ശ്രമഫലമായി ഓല മേ‍‍ഞ്ഞ ഷെഡ് സ്ഥാപിക്കുകയും,  സുകുമാരൻ മാസ്റ്റർ പ്രഥമ അധ്യാപകനായി നിയമിതനാകുകയും ചെയ്തു. സ്കൂളിൽ കുട്ടികളെ എത്തിക്കുന്നതിന് വേണ്ടി നാട്ടുകാരും പ്രഥമ അധ്യാപകനും വളരെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്.

സ്കൂളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് കഞ്ഞി കൊടുക്കാൻ തീരുമാനമായി. ഓരോ മാസവും ഓരോ വീട്ടുകാരും വ്യക്തികളും ഇതിൻറെ ചുമതലയേൽക്കുകയും കഞ്ഞിപ്പുര ഇല്ലാത്തതിനാൽ ഒരു വീട്ടിൽ കഞ്ഞിവെച്ച് സ്കൂളിൽ എത്തിക്കുകയും ചെയ്തുപോന്നു. ഇത് തുടർന്നു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ പിടിയരി പിരിച്ച് കഞ്ഞി കൊടുക്കുകയും ചെയ്തു. ഷെഡ്ഡിൽ പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷിതമല്ല എന്ന കാരണത്താൽ അധികൃതർ അംഗീകാരം നിഷേധിച്ചപ്പോൾ കോട്ടയ്ക്കൽ എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് പ്രവർത്തനം തുടർന്നു.

തുടർന്ന് സ്ഥിരമായ കെട്ടിട നിർമാണത്തിനു വേണ്ടി മേൽസൂചിപ്പിച്ച വ്യക്തികൾ പഞ്ചായത്ത് കൊടുത്ത ധനസഹായം തികയാതെ വന്നപ്പോൾ നാട്ടുകാരുടെ സ്ഥലത്തുള്ള മരങ്ങൾ മുറിച്ച് സെമീപെർമെനൻ്റ് കെട്ടിടം നിർമിച്ചു. 1978-ൽ പെർമെൻ്റ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.1968-69ൽ രണ്ടാം ക്ലാസും, 1970-71ൽ മൂന്നാം ക്ലാസും,1971-72ൽ നാലാം ക്ലാസ്സും നിലവിൽ വന്നു. 1968-ൽ സ്ഥാപിച്ച ഈ സ്കൂളിന് 1975-ലാണ് ഗവൺമെൻറ് അംഗീകാരം ലഭിച്ചത്.76-77 കാലഘട്ടത്തിൽ അംഗീകാരം ലഭ്യമാക്കിയിരുന്നു എങ്കിലും കുട്ടികളുടെ കുറവ് കാരണം ഹെഡ്മാസ്റ്റർ അടക്കം രണ്ട് അധ്യാപകർക്കേ അംഗീകാരം ലഭിച്ചിരുന്നുള്ളൂ. തുടർന്നുള്ള വർഷങ്ങളിൽ നാല് അധ്യാപകർക്ക് അംഗീകാരം ലഭ്യമായി.2009-ൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. വി പി സുജാത ആയിരുന്നു അദ്ധ്യാപിക. 1968 മുതൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്ന വിദ്യാലയം 2011 ജനുവരി 2ന് സർക്കാർ ഏറ്റെടുത്തു.