ജി എം ആർഎസ് തൃത്താല/അക്ഷരവൃക്ഷം/ഇതെന്തൊരു ലോകം !!!
ഇതെന്തൊരു ലോകം !!!
ചില നേരമ്പോക്കുകൾ കൈപ്പടം കുറിച്ചിട്ട വരാന്തയിൽ ഇന്ന് ആളനക്കമില്ല ......... ഞാൻ ജനൽ പാളികളിൽ മാറാല തുടച്ചു കളഞ്ഞ്, എത്രയോ കാലത്തിന്റെ പഴക്കം പേറി അഗാധ നിദ്രയിലേക്ക് ലയിക്കാറായ ഒരു പഴയ തണ്ടൊടിഞ്ഞ കസേര മിനുക്കി എടുക്കാൻ പാടുപെടുകയായിരുന്നു .... അപ്പോഴാണ് ആ വരാന്ത കണ്ണിൽപ്പെട്ടത്. എത്രയെത്ര കാലടികൾ ആണ് ആ വരാന്തക്ക് പുറത്തുള്ള പച്ചമണ്ണിൽ തളംകെട്ടി കിടക്കുന്നത്..... ഇടുങ്ങിയ ഇരുട്ടിൽ നുര പൊന്തിയ ചില ആദർശങ്ങൾക്ക്, നെറിയില്ലാത്ത ചില സമരങ്ങൾക്ക്, അങ്ങനെ എന്തിനൊക്കെയോ ദൃക്സാക്ഷിയായ ഓർമ്മകളുടെ ആ ചരിത്ര സ്മാരകത്തിന് ഇന്നും പ്രായം 18 ആണന്നേ തോന്നൂ..... ഭീതി പേറി വന്ന ഒരിളം കാറ്റ് അവിടെ കെട്ടിക്കിടന്ന കരിയിലകളെ തുടച്ചു നീക്കി ........ മുറ്റത്തേക്കിറങ്ങാൻ നോക്കിയ എന്റെ കാതിൽ വളരെ പതുക്കെ ഭീതിയോടെ അത് മന്ത്രിച്ചു ........ "ആയിരം രൂപ ഫൈൻ........." ഞാൻ ഞെട്ടിപ്പോയി. എന്തിന്, ആരോടെന്നില്ലാതെ ഭ്രാന്തമായ ഒരാവേശത്തോടെ ഞാൻ കണ്ണു മിഴിച്ചു ........ "താൻ മാസ്ക് ഇട്ടിട്ടില്ലടോ........" ആ അദൃശ്യ ശബ്ദം എന്നെ തിരികെ കൊണ്ടുവന്നു. എവിടെ നിന്നോ വീണു കിട്ടിയ ഒരു ആവേശത്തോടെ ആ ശബ്ദത്തെ അവഗണിച്ച് ഞാൻ നടക്കാൻ തുടങ്ങി........ പെട്ടെന്ന് ഒരു തുള്ളി എന്റെ കവിളിൽ വന്നു ചുംബിച്ചു ...... അതെന്റെ ഉള്ളാകെ തഴുകി കടന്നുപോയി. മഴ പെയ്യുന്നുണ്ടല്ലേ, ഞാൻ വെറുതേ ഒന്നു ചിരിച്ചു. "മഴയല്ല, സാനിട്ടൈസറാണ്". ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി...... ഒന്നും അറിയാത്തവനെ പോലെ ഇടുങ്ങിയ കണ്ണുകൾ ഇറുക്കി ആ വരാന്ത എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു ............ 'ഇതെന്തൊരു ലോകം !!!'
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |