1957 ൽ ശ്രീമാൻ മഠത്തിൽ അഹമ്മദ് കുട്ടി സർക്കാറിന് വിട്ടുകൊടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപിതമായത്. ആദ്യ കാലങ്ങളിൽ മേലങ്ങാടി സിറാജുൽ ഹുദാ മദ്രസ്സയിൽ നടത്തിവന്ന ക്ലാസ്സുകൾ സ്ഥിരം കെട്ടിടങ്ങൾ സജ്ജമായതോടെ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. 1980-81 ൽ കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ് ടാറിംഗ് നടന്നപ്പോൾ ഈ ഭാഗത്തേക്ക് ബസ് സർവീസ് സാധ്യമായി. ഇതേത്തുടർന്ന് ശ്രീമാൻ ഓടക്കൽ മുഹമ്മദ്ഷാ ഹാജി യിൽ നിന്നും ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലം കൂടി ചേർത്ത് സ്‍കൂൾ കോമ്പൗണ്ട് വികസിപ്പിക്കുകയുണ്ടായി.

1990-91 അധ്യയനവർഷം മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെടുകയും 2004-05 അധ്യയനവർഷം മുതൽ ഹയർ സെക്കന്ററി വിഭാഗത്തോടുകൂടിയ സ്കൂളായി മാറുകയും ചെയ്തു. ഡെപ്യൂട്ടി കലൿടർ, ഗവ. അണ്ടർ സെക്രട്ടറി തലങ്ങളിൽ എത്തിയവർ മുതൽ ഫുട്ബാൾ, സിനിമാ രംഗങ്ങളിൽ തിളങ്ങിയവർ വരെ ഈ സ്കൂളിൽ പഠനം ന‌ടത്തിയവരിൽ ഉൾപ്പെടുന്നു.

നിലവിൽ 5 മുതൽ 10 വരെ ഹൈസ്‍കൂൾ വിഭാഗത്തിലായി 800ൽ പരം കുട്ടികളും VHSE (Field Technician Computer Peripherals, Frontline Health Worker, Solar and LED Technician) വിഭാഗത്തിലായി 240 ൽ പരം കുട്ടികളും HSS (Science, Humanities, Commerce) വിഭാഗത്തിലായി 660 ൽ പരം കുട്ടികളും ഇവിടെ പഠനം ന‌‌ടത്തിവരുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ ഇടപെടലും വിജയഭേരി പോലെയുള്ള കർമ പദ്ധതികളുമാണ് കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിന്റെ വിജയക്കുതിപ്പിന് നിദാനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീനമായ കോഴ്സുകളും പഠനാന്തരീക്ഷവുമുള്ള മികവിന്റെ കേന്ദ്രമായി നമ്മുടെ ഈ സ്കൂൾ മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു.