ആമുഖം

കുട്ടികളുടെ സർഗ്ഗശേഷി, ഭാഷാനൈപുണി എന്നിവയുടെ വികാസത്തിനായി സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ഓരോ വർഷവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

കരൂപ്പടന്ന സ്കൂളിൽ യു.പി, ഹൈസ്കൂൾ തലത്തിലുള്ള മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു. കുട്ടികളിലെ വായനശീലം വളർത്തുക എന്ന ഉദ്ദേശ്യത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്താണ് ക്ലബ് നാന്ദി കുറിച്ചത്.

ഉദ്ഘാടനം

ജൂൺ 19 വായനദിനാചരണത്തോടനുബന്ധപ്പെട്ട് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ ബക്കർ മേത്തല ക്ലബ് ഉദ്ഘാടനം ചെയ്തു. വായനദിനപ്രതിജ്ഞ നടത്തി. 'വായനദിനത്തിന്റെ പ്രാധാന്യും പി.എൻ. പണിക്കരും' എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസിലെ ഹരിശാന്ത് പ്രസംഗം അവതരിപ്പിച്ചു.

അമ്മവായന

അമ്മവായന എന്ന വ്യത്യസ്തമായ പരിപാടിയാണ് ഇക്കൊല്ലം വിദ്യാരംഗം ക്ലബ് സംഘടിപ്പിച്ചത്. അമ്മമാർക്ക് വായിക്കാനായി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നു നല്കി. കുട്ടികൾ മാത്രമല്ല അമ്മമാരും കൂടി വായനലോകത്തേക്ക് വരട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് അതോടൊപ്പം വായനമൂല ഉദ്ഘാടനവും ചെയ്തു.

മത്സരങ്ങൾ

ക്വിസ് മത്സരം, കഥ കവിത രചന, വായന എഴുത്ത് മത്സരം, പ്രസംഗമത്സരം, കവിതാലാപനം, ഉപന്യാസരചന, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, കഥ പറയൽ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങൾ പ്രസ്തുത ദിനത്തോടനുബന്ധിച്ച് നടത്തി.

ക്വിസ് മത്സരം

വായനമാസാരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ, പബ്ലിക് റിലേഷൻ വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ് എന്നിവർ സംയുക്തമായി ജൂലായ് 8 ന് രാവിലെ ഒമ്പത് മണിക്ക് സി.എം.എസ്. സ്കൂളിൽ വെച്ച് ക്വിസ് മത്സരം നടത്തി. ഇതിൽ കരൂപ്പടന്ന സ്കൂളിൽ നിന്നും ജില്ലാതലത്തിൽ സന ഫാത്തിമ, സെമീഹ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

ഒറ്റയാൾനാടകം

വായനമാസാചരണത്തിന്റെ സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരൻ ശ്രീ. ആദിത്യൻ കാതിക്കോട് നിർവ്വഹിച്ചു. പാരിസ്ഥിത്ക പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന 'പുഴയുടെ ചങ്ങാതി' എന്ന ഒറ്റയാൾ നാടകം അദ്ദേഹം അവതരിപ്പിച്ചു. അന്നു തന്നെ ബഷീറിന്റെ കൃതികൾ എന്ന വിഷയത്തിൽ ബഷീർ അനുസ്മരണവും നടന്നു.