2022-23 വരെ2023-242024-25


വിജയോത്സവം 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി സമ്പൂർണ്ണ വിജയം നേടി ജി.വി. എച്ച്.എസ് വട്ടേനാട് സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച മുഴുവൻ കുട്ടികളേയും അനുമോദിച്ചു കൊണ്ട് 08/06/24 ന് വിജയോത്സവം വിപുലമായി ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്ക്കൂളിൽ നിന്ന് കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിലേക്ക് മുഴുവൻ വിദ്യാർത്ഥികളും മാർച്ച് നടത്തി. പൂർവ്വ അധ്യാപകർ ഒരുക്കിയ പായസവിതരണത്തിനു ശേഷം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം ബഹു. തദ്ദേശ സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.പി. റജീന , പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ, പൂർവ്വ അധ്യാപക പ്രതിനിധികൾ, സ്കൂൾ പി.ടി.എ , എം പി ടി എ ഭാരവാഹികൾ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. വിജയികളായ 611 കുട്ടികൾക്കും വിജയമുദ്രയായി മെഡൽ നല്കി അനുമോദിച്ചതോടൊപ്പം എസ്.എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , എൻ. എം.എം.എസ് ,യു.എസ്. എസ് ജേതാക്കൾക്കും മന്ത്രി ട്രോഫികൾ നല്കി സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച്, വിജയനേട്ടത്തിന് പാരിതോഷികമായി വട്ടേനാട് സ്കൂളിന് ഒരു ബസ്സ് നല്കാമെന്ന ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം സ്കൂളിന് ഇരട്ടിമധുരമായി. ഹെഡ്മാസ്റ്റർ ശ്രീ. ശിവകുമാർ, പ്രിൻസിപ്പാൾ ശ്രീമതി റാണി അരവിന്ദൻ, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ ശ്രീ ടിനോ മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.