സജീവമായ സ്കൂൾ പരിസരങ്ങളിൽ  അവയുടെ ഫലപ്രദമായ പ്രവർത്തനത്തിന് അധ്യാപക സമൂഹത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണവും പൊതു സമൂഹത്തിൻറെ ആകർഷകമായ ഇടപെടലുകളും ആവശ്യമാണ്... വിവിധ അക്കാദമിക ഭൗതിക പ്രവർത്തനങ്ങൾ സ്കൂളിൻറെ ഉന്നമനത്തിനായി സംയോജിപ്പിക്കുമ്പോൾ അവയോരോന്നും നിർവഹിക്കുന്ന വ്യക്തികളുടെ പ്രവർത്തന നിപുണതകൾ ആത്യന്തികമായ വിജയത്തെ വളരെയധികം സഹായിക്കുന്നു..
         വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ കൂടെ തന്നെ അവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം രക്ഷിതാക്കളും പൊതുസമൂഹവും അറിയേണ്ടത് കൂടി ആവശ്യമാണ്... ഈ കാലഘട്ടത്തിൽ  ഇത്തരം പ്രവർത്തന വൈവിധ്യങ്ങൾ ഏറ്റവുമധികം പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന സഹായികളാണ് സോഷ്യൽ മീഡിയകൾ.. പ്രചരണത്തിനു മാത്രമല്ല മെച്ചപ്പെടാനുള്ള നിർദ്ദേശങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നതിന് ഇവ സഹായിക്കുന്നു... സ്കൂൾ പ്രവർത്തനങ്ങളിൽ അനുഗുണമായ റിസൽട്ട് ലഭിക്കുന്നതിന് സഹായിക്കുന്ന  ഏറ്റവുമടുത്ത പ്ലാറ്റ്ഫോമുകൾ ആണ് വിവിധ ക്ലബ്ബുകൾ.
   ഒരു പ്രൈമറി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ക്ലബ്ബുകളുടെ പ്രാധാന്യം അവ ഏറ്റെടുത്ത് മാർഗനിർദേശം നൽകുന്ന അധ്യാപക സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നു.. അത്തരമൊരു സാഹചര്യം പരിഗണിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ വിവിധ ക്ലബ്ബുകൾ വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു... വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ വളരെ മനോഹരമായി പ്രവർത്തന സംയോജനം നടത്തുന്ന ഒരു ക്ലബ്ബാണ് സ്കൂൾ ഹെൽത്ത് ക്ലബ്.. ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ  ഈ ക്ലബ്ബിന് വളരെയധികം പ്രാധാന്യമുണ്ട്... അഥവാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വബോധം വന്നിരിക്കുന്നു..

ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു..


     സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ പ്രഥമഗണനീയമായ നിർബന്ധിതാവസ്ഥയാണ് വൃത്തിയുള്ള പരിസരവും,  വെടിപ്പും, സുരക്ഷിതത്വവും ഉള്ള ശുചിമുറികളും... ഇവ ഉണ്ടായാൽ മാത്രം പോരാ അവ കൃത്യമായി പരിപാലിക്കപ്പെടുകയും വേണം.... സ്കൂളിലെ സയൻസ് അധ്യാപകർ നേതൃത്വം നൽകുന്ന ഹെൽത്ത് ക്ലബ്ബിന്റെ മാർഗനിർദേശകരായി മറ്റ് അധ്യാപകരും പ്രവർത്തിച്ച് വരുന്നു..

1. ക്ലാസ് പ്രതിനിധികളും ക്ലാസ് അധ്യാപകരും അടങ്ങുന്ന പ്രാഥമിക ക്ലസ്റ്റർ

2. ചുമതല വഹിക്കുന്ന അധ്യാപകരും , സഹായികളായ പ്രവർത്തിക്കുന്ന മറ്റ് അധ്യാപകരും അടങ്ങുന്ന രണ്ടാമത്തെ ക്ലസ്റ്റർ.

3. ഹെഡ്മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി, സീനിയർ അധ്യാപകൻ എന്നിവരടങ്ങുന്ന ഉപദേശക സമിതി.

        കോവിഡിന് മുമ്പുള്ള കാലഘട്ടങ്ങളിൽ നടത്തപ്പെടുന്ന നിത്യേനയുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൂടാതെ  ഇന്നത്തെ പുതിയ ജീവിതസാഹചര്യങ്ങളിൽ  അവശ്യം വേണ്ടുന്ന കാര്യങ്ങൾ കൂടി അധ്യാപക സമൂഹവും, രക്ഷിതാക്കളും കൂടി നടത്തിവരുന്നു ... പുതിയ കെട്ടിടം പൂർത്തിയാകുമ്പോൾ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് സമ്പൂർണമായ ഹരിത വൽക്കരണവും, കുട്ടികളുടെ ശുചിത്വ ആരോഗ്യപരിപാലന പദ്ധതികളും നിങ്ങളുടെ പ്രതീക്ഷകളിൽ ഇടംപിടിച്ചിട്ടുണ്ട്...
     പ്രസ്തുത പ്രവർത്തന ഘടന വിവിധ  സന്ദർഭങ്ങളിൽ  ഉചിതമായി പ്രവർത്തിച്ചുകൊണ്ട് തികച്ചും ഹൈജീനിക് ആയ ഒരു വിദ്യാലയ പരിസരം മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിൽ  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു...
        സജീവമായ പഠനത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് വൃത്തിയുള്ളതും സുരക്ഷിതവുമായ ക്ലാസ് മുറികൾ.. സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നിശ്ചിതസമയത്തെ മീറ്റിംഗുകളിൽ പ്രസ്തുത പ്രവർത്തനങ്ങൾ  അവലോകനത്തിന് വിധേയമാകാറുണ്ട്.. സമീപകാലത്ത് നിർമ്മിച്ചിരിക്കുന്ന ശുചിമുറികളും, നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടങ്ങളും സ്കൂളിനൊപ്പം ഇവിടുത്തെ ഹെൽത്ത് ക്ലബ്ബിൻറെ പ്രതീക്ഷകൾക്കും പുതിയൊരു ദിശാബോധം നൽകിയിട്ടുണ്ട് എന്ന് പറയാൻ സാധിക്കും....