ജി.യു.പി.എസ് മുഴക്കുന്ന്/രസതന്ത്ര വർഷാചരണം
2011 -12 അക്കാദമിക വർഷത്തിലാണ് ഇത് നിർവഹിക്കപ്പെട്ടത്.. രസതന്ത്രവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ നടത്തി എന്നത് മാത്രമല്ല ഈ പ്രവർത്തനങ്ങൾ എല്ലാം സമാഹരിച്ച മികച്ച ഒരു സ്മരണിക പ്രസിദ്ധീകരിക്കുകയും ചെയ്തു. രസമുള്ള തന്ത്രം എന്ന പേര് തന്നെ ഇതിൻറെ ആസ്വാദ്യത വെളിവാക്കി തരുന്നു.. കവർപേജ് തന്നെ വളരെ രസകരമായ രീതിയിൽ ആയിരുന്നു ഡിസൈൻ ചെയ്തത്.. ഇതിന്റെ ഭാഗമായി എല്ലാ അധ്യാപകർക്കും ഓരോ വിഷയങ്ങൾ നൽകുകയും, അവ ഓരോന്നും ഏകോപിച്ച് വിശദമായ ഒരു സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു.. അടുക്കളയിലെ രസതന്ത്രം ,പാടത്തെ രസതന്ത്രം, ഫാക്ടറി രസതന്ത്രം, ആശുപത്രി രസതന്ത്രം തുടങ്ങി വിവിധ മേഖലകളെ സ്പർശിക്കുന്ന വിഷയങ്ങൾ ഓരോ അധ്യാപകർക്കും സെമിനാറിനായി നൽകിയിരുന്നു. ജീവിതത്തിലെ വിവിധ മേഖലകളിൽ അറിഞ്ഞോ അറിയാതെയോ അനുഭവവേദ്യമാകുന്ന രസതന്ത്രത്തിലെ പാഠങ്ങൾ ഈ സെമിനാർ അവതരണത്തിലൂടെ നിർവഹിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.. വിഷയങ്ങൾ ലഭിച്ച എല്ലാ അധ്യാപകരും വളരെ ഭംഗിയായി ഓരോ വിഷയങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് എഴുതി അവതരിപ്പിച്ചു.. വളരെ വലിയ ഒരു കൂട്ടായ്മയുടെയും , ആസ്വാദന മേഖലകളുടേയും സമഞ്ജസമായ സമ്മേളനം ആയിരുന്നു പ്രസ്തുത പ്രവർത്തന ചടങ്ങുകൾ.. ഒരു സാധാരണ പ്രൈമറി വിദ്യാലയം ഏറ്റെടുത്തു നടത്തുന്ന ഒരു പ്രവർത്തനം ആയിരുന്നില്ല ഇത്.. വളരെ വലിയ ഒരു അധ്വാനവും, സമർപ്പണവും ഈ പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും ദൃശ്യമായിരുന്നു. ഈ പ്രവർത്തനത്തിന്റേയും, സ്മരണികയുടേയും നിലവാരം ബോധ്യമാ യതിനെ തുടർന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ ധാരാളം പരസ്യങ്ങൾ ലഭിക്കുകയും ചെയ്തു.. സ്പോൺസർഷിപ്പ് ഇതിലൂടെ ലഭിക്കുന്നതിനായി ശ്രീ. മൊയ്തീൻ മാസ്റ്റർ നിർവഹിച്ച കഠിനാധ്വാനത്തിൽ ഓർക്കാതെ വയ്യ... ധാരാളം ദിവസങ്ങൾ വിവിധ വ്യക്തികളെ കണ്ട് ഈ ഒരു സ്മരണിക പുറത്തിറക്കി അതിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തു... ഈ സമർപ്പണ മനോഭാവം പ്രസ്തുത സ്മരണികയുടെ പ്രകാശനത്തിൽ തെളിഞ്ഞു കണ്ടു.. ഹയർസെക്കൻഡറി നിലവാരത്തിലുള്ള പ്രവർത്തന പദ്ധതിയുടെ പൂർത്തീകരണമായിരുന്നു ഇത്.. കണ്ടവരും കേട്ടവരും ആ രീതിയിൽ തന്നെ ഈ പ്രവർത്തനത്തെ ശ്ലാഘിച്ചു.. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകരുടെയും ഹൃദയം നിറച്ച പ്രതികരണം ആയിരുന്നു പിന്നീട് പൊതു സമൂഹത്തിൽ നിന്നും ഉണ്ടായത്. സെമിനാർ നടത്തിപ്പിനായി വിവിധ അധ്യാപകർക്ക് ഇരുപതോളം വിഷയങ്ങൾ നൽകിയിരുന്നു എന്നത് തന്നെ ഈ പ്രവർത്തനത്തിന്റെ വൈവിധ്യത്തിന് മകുടോദാഹരണമാണ്..
സെമിനാർ കൂടാതെ തന്നെ കുട്ടികൾക്ക് വേണ്ടി രസതന്ത്രം ക്വിസ് എല്ലാമാസവും സംഘടിപ്പിക്കുക, എല്ലാ ക്ലാസുകളിലും അവർക്ക് അനുയോജ്യം ആകുന്ന രീതിയിൽ ലഘുപരീക്ഷണങ്ങൾ നടത്തി അവരെ ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന് പ്രവർത്തനങ്ങളും രസതന്ത്ര വർഷാചരണം ത്തിന്റെ ഭാഗമായി നടന്നിരുന്നു.. ഓരോ അധ്യാപകർക്കും വ്യത്യസ്തമായ ചുമതലകൾ ഇത്തരം പ്രവർത്തനങ്ങളിൽ നൽകിയിരുന്നു.. അവർ എല്ലാവരും തന്നെ ഓരോ പ്രവർത്തനത്തിനും പൂർത്തീകരണത്തിനായി ആത്മാർഥമായി ശ്രമിച്ചു പറയാതെ വയ്യ...
വ്യത്യസ്ത ക്ലാസുകൾക്ക് ക്വിസ്മത്സരം സംഘടിപ്പിക്കുന്നതിനായി ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയിരുന്നു.. വ്യത്യസ്തമായ ഈ ചോദ്യങ്ങളുടെ ശേഖരത്തിന്റെ ഫോട്ടോകൾ ഈ റിപ്പോർട്ടിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്.. വളരെ വിശദമായ ഒരു അവലോകന റിപ്പോർട്ട് ശ്രീ മൊയ്തീൻ മാസ്റ്റർ തയ്യാറാക്കിയിരുന്നു.. ഈ റിപ്പോർട്ട് സ്മരണികയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.. പ്രൊഫസർ എസ് ശിവദാസ് എഴുതിയ വിവിധ ലേഖനങ്ങൾ ഈ രസതന്ത്ര പ്രവർത്തനങ്ങൾക്ക് ആമുഖമായും പ്രവർത്തനത്തിന് വിവിധ ഘട്ടങ്ങളിലും കുട്ടികൾക്ക് പരിചയപ്പെടുത്തിയിരുന്നു.. കുട്ടികൾക്ക് ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന രസതന്ത്ര പ്രോജക്ടുകൾ ഞങ്ങളുടെ പ്രവർത്തനത്തിന് ഭാഗമായി മുൻകൂട്ടി തെരഞ്ഞെടുത്തിരുന്നു.. ഇവ ഓരോന്നും ക്ലാസുകളിൽ പരീക്ഷണങ്ങളായി നിർവഹിക്കപ്പെടുമ്പോൾ കുട്ടികൾ തന്നെ അത്ഭുതപ്പെട്ടു പോകുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു.. നിത്യജീവിതത്തിലെ രസതന്ത്രത്തെ കുറിച്ച് കുട്ടികൾക്കായി ലേഖന മത്സരവും സംഘടിപ്പിച്ചിരുന്നു. ഒരു ദിവസം ചായ കുടിക്കുമ്പോൾ മുതലുള്ള നമ്മുടെ വിവിധ ജീവിത പ്രവർത്തനങ്ങൾ വിശദമാക്കിയ ലേഖനങ്ങൾ സമാഹരിച്ച് അതിൽ വിജയികളായ കുട്ടികൾക്ക് അംഗീകാരങ്ങൾ നല്കുകയും ചെയ്തു.. ഈ ലേഖന മത്സരത്തിൽ, "ജീവിതത്തിലെ രസതന്ത്രം" എന്ന പേരിൽ ജ്വാലാ കെ .സി .ടി. പി എന്ന കുട്ടി സമ്മാനാർഹയായി.. നമ്മുടെ ജീവിത പ്രവർത്തനങ്ങളും, നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളും, അങ്ങനെ ജീവിതത്തിലെ എല്ലാ മേഖലകളിലും അടങ്ങിയിരിക്കുന്ന രസതന്ത്ര സത്യങ്ങൾ കുട്ടികൾക്ക് വെളിവാകുന്ന തരത്തിലായിരുന്നു രസതന്ത്ര വർഷാചരണ ത്തിലെ വിവിധ പ്രവർത്തനങ്ങൾ..
സെമിനാറുകൾ കാര്യം നിർവഹിക്കപ്പെട്ട അധ്യാപകരുടെ പേരുകളും, അവർക്ക് നൽകപ്പെട്ട വിഷയങ്ങളും ഈ റിപ്പോർട്ടിന് അനുബന്ധമായി ഫോട്ടോ ആയി ചേർത്തിട്ടുണ്ട്... ഓരോ മാസവും നടത്തപ്പെട്ട വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ ഫോട്ടോകളും ഈ സ്മരണികയുടെ ഭാഗമായി ചേർത്തിട്ടുണ്ട്.. ഇതിലൊക്കെ ഉപരിയായി പൊതുജനങ്ങൾക്കായി രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു... വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്.
ഒരു പ്രൈമറി സ്കൂൾ അവരുടെ കഴിവുകൾക്കും അനുഭവങ്ങൾക്കും അപ്പുറമായി ഏറ്റെടുത്തു നടത്തിയ മികച്ച ഒരു അക്കാദമിക് പ്രവർത്തനമായിരുന്നു രസതന്ത്ര വർഷാചരണം.. പൊതുജനങ്ങളുടെ ശ്രദ്ധ സ്കൂളിന്റെ പുരോഗതിയിൽ സ്നേഹത്തോടെ ആശ്ലേഷിക്കപ്പെട്ട ഏറ്റവും മികച്ച കൂട്ടായ്മയായിരുന്നു ഈ പ്രവർത്തനം.