അതിജീവനം

സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം... കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു..

        2021 ഡിസംബർ  ആദ്യവാരത്തിൽ അദ്ധ്യാപകർക്കും, എൽപി യു,പി തലങ്ങളിലെ വിദ്യാർഥികൾക്കും ആയി  3 ക്ലാസുകൾ ഡിസൈൻ ചെയ്തു.. ക്ലാസ് നിർവ്വഹിക്കുന്നതിന് മുൻപ് സ്റ്റാഫ് കൗൺസിലിൽ പ്രസ്തുത വിഷയത്തെക്കുറിച്ച് ടീച്ചർ കാര്യങ്ങൾ അവതരിപ്പിച്ചു.. ലഭ്യമായ നിർദ്ദേശങ്ങളും , സാഹചര്യങ്ങളും പരിഗണിച്ച് സ്കൂളിലെ ബാക്കിയുള്ള എല്ലാ അദ്ധ്യാപകർക്കും ആയി ഒരു ദിവസം അതിജീവനം ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടു.. മാനസിക ഉല്ലാസം ലഭിക്കുന്നതിനായുള്ള ഒരു പ്രവർത്തന പാക്കേജ് ആയിരുന്നു പ്രസ്തുത പ്രോഗ്രാമിന്റെ മൊഡ്യൂളിൽ ഉണ്ടായിരുന്നത്... ഇവ വളരെ മനോഹരമായി അവതരിപ്പിക്കുവാൻ ബന്ധപ്പെട്ട അധ്യാപികയ്ക്ക് സാധിച്ചു.. വിവിധ സെഷനുകളിൽ ആടുവാനും, പാടുവാനും ചിത്രം വരയ്ക്കുവാനു മൊക്കെ അധ്യാപകർ എല്ലാവരും തയ്യാറായി വന്നത് കൗതുകം ഉണർത്തി... 

പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി എൽപി യുപി തലങ്ങളിൽ കൗമാര വിദ്യാഭ്യാസ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു.. വരകളിലൂടെ യും, പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളെ ഈ പഠനത്തിൽ ജാഗരൂക്കാൻ അധ്യാപകർക്ക് കഴിഞ്ഞു... വീണ ടീച്ചർ അവതരിപ്പിച്ച നാടൻപാട്ടുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമായുള്ള വിവിധ സെഷനുകളെ മനോഹരമാക്കി എന്ന് പറയാം... ചിക്കൻ ഡാൻസിന് അനുസരിച്ച് കുട്ടികൾ ആടി പാടിയപ്പോൾ അത് മാനസിക ഉല്ലാസത്തിന് വേറൊരു പര്യായമായി മാറി.. കോഴ്സിന്റെ ഭാഗമായി അധ്യാപക ശാക്തീകരണം സംഘടിപ്പിച്ചപ്പോൾ ആടിത്തിമിർത്ത അധ്യാപകർ വേറിട്ടൊരു കാഴ്ചയായിരുന്നു... ധ്യാനവും, വരയും, അഭിനയവും പാട്ടും ഒക്കെ സമഞ്ജസമായി സമ്മേളിപ്പിച്ച അധ്യാപക ശാക്തീകരണ സെഷൻ ഏറെ ഹൃദ്യമായിരുന്നു... ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടുകൂടി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച ഡിസ്പ്ലേകൾ വിവിധ സ്റ്റേഷനുകൾക്ക് മാറ്റുകൂട്ടി..

              ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും