പരിസ്ഥിതി ദിനം


ജൂൺ 5 ലോക പരിസ്ഥിതി ദിനം

മനുഷ്യന് സ്വന്തമായി ഭൂമിയിൽ നിലനിൽപ്പില്ല. മനുഷ്യന്റെ നിലനിൽപ്പിന് പാരിസ്ഥിതിക സുരക്ഷയും കൂടി അനിവാര്യമാണ്. കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുവാനും, മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുവാനും, പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പരിസ്ഥിതി ദിനാചരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.

ജൂൺ 5 ഞായറാഴ്ച കരുളായി ഗ്രാമപഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഞ്ചായത്ത് തല പരിസ്ഥിതിദിന ഉദ്ഘാടനങ്ങൾ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ വെച്ചാണ് നടത്തപ്പെട്ടത്. നൂറോളം തൊഴിലുറപ്പുകാരുടെ സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി ദിനവും കടന്നുപോയത്. ദേശീയ ഹരിതസേന ജി യുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ നടത്തപ്പെട്ടു. ജൂൺ 6 തിങ്കളാഴ്ച സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തുകയും കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരവും നൽകുകയും ചെയ്തു. ഓരോ കുട്ടിയും ചെടികളും അതുപോലെ പരിസ്ഥിതി ദിന പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും  കൊണ്ടുവരികയും ചെയ്തു. കുട്ടികൾ തങ്ങളുടെ ചെടികൾ സ്കൂളിന് ചുറ്റും വെച്ചുപിടിപ്പിക്കുന്നതിൽ വളരെയധികംആവേശം കാണിച്ചു.