ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
സ്റ്റാഫ് മീറ്റിങ്
29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു.
പ്രവേശനോത്സവം - ജൂൺ 3 2024
സ്കൂൾ പ്രവേശനോത്സവം: പുതിയ അക്കാദമിക് വർഷത്തിന് തുടക്കം.
വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം സ്കൂളിൽ ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് സ്കൂളിൽ നടത്തി..അതിഥികൾ ആയിട്ട് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു.. അതിഥികളെ ബാൻഡ് മേളത്തോടെ സ്വീകരിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.ഈ ചടങ്ങിൽ വച്ച് സ്കൂളിൻറെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിക്കാനും സാധിച്ചു..രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ അധ്യാപികയായ ദീപ കണിയാളിൽ നടത്തിയ പ്രഭാഷണം ഏവരെയും പിടിച്ചിരുത്തുന്നതായിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റത് ക്രയോണുകളും കളിക്കുടുക്കയും സമ്മാനമായി നൽകിയാണ്..LKG, UKG കുട്ടികളെ പുസ്തകങ്ങളോടൊപ്പം മധുരവും നൽകിയാണ് എതിരേറ്റത്...ഈ വർഷം 216 പുതിയ വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ സ്കൂളിൽ പ്രവേശനം നേടി.2024-25 അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്ന ഗവൺമെന്റ് യു പി സ്കൂൾ ക്ലാരി, എടരിക്കോട് പ്രവേശനോത്സവം വളരെ വിജയകരമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സംതൃപ്തരായി.
പരിസ്ഥിതി ദിനം - ജൂൺ 5 2024
നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനായി നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി.
ജൂൺ അഞ്ചിന് ജി യു പി എസ് ക്ലാരി സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ആചരിച്ചു...
കൂടാതെ യുപി ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു....
ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024
പെരുന്നാൾ ആഘോഷം - ജൂൺ 15 2024
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എൽ പി, യു പി തലത്തിലെ കുട്ടികൾക്കായി മെഹ്‌ഫിൽ മെഹെന്തി ഫെസ്റ്റ് നടത്തി.
വായനാ ദിനം - ജൂൺ 19 2024
ജി യു പി എസ് ക്ലാരിയുടെ വായന വാരാഘോഷം കുട്ടികളുടെ ക്രിയാത്മകമായ പങ്കാളിത്തത്തോടെ വിപുലമായി നടന്നു.വായനദിനമായ ജൂൺ 19ന് വായനാദിന പ്രത്യേക അസംബ്ലി നടത്തുകയും പ്രധാന അധ്യാപകൻ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു.സ്കൂൾ ലീഡർ വായനദിന സന്ദേശം വായിക്കുകയും സ്കൂളിലെ മുഴുവൻ കുട്ടികളും ഏറ്റു പറയുകയും ചെയ്തു.തുടർന്ന് ആറ് H ലെ ഫാത്തിമ ലിയ.എം,ആൽക്കമിസ്റ്റ് എന്ന നോവലിന്റെ വായനാനുഭവം അസംബ്ലിയിൽ അവതരിപ്പിച്ചു.ഉച്ചയ്ക്ക് പി എൻ പണിക്കരെയും അദ്ദേഹത്തിൻറെ സംഭാവനകളെയും കുറിച്ചുള്ള ലഘു വിവരണം 7 F ലെ ഫാത്തിമ ഐ അവതരിപ്പിച്ചു.
വായനദിന ക്വിസ് ക്ലാസ് തലത്തിൽ നടത്തുകയും വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ തലം നടത്തുകയും ചെയ്തു.ജൂൺ 20ന് ഏഴാം ക്ലാസിലെ കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിച്ചു .ക്ലാസ് തല വിജയികൾക്കായി ജൂൺ 21 ന് സ്കൂൾ തല മത്സരം നടത്തുകയും ശേഷം അവതരണ മികവിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചെറിയ ക്ലാസ് ജഡ്ജസ് കുട്ടികൾക്കായി നൽകി.ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി അടിക്കുറിപ്പ് മത്സരവും അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി നർമ്മസല്ലാപം മത്സരവും നടത്തി.വിജയികൾക്ക് അസംബ്ലിയിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു
ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ഉദ്ഘാടനവും എൻ ഡി പി എസ് അവയർനസ് ക്ലാസും നടന്നു. കൃത്യം 11:30ന് ആരംഭിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ അബ്ദുസ്സലാം സാർ എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡണ്ട് സനീർ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ യൂസഫലി ടി മുഖ്യ അതിഥിയായിരുന്നു അദ്ദേഹം കുട്ടികൾക്കായി ലഹരിക്കതിരായി ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. ഏഴാം ക്ലാസിലെ കുട്ടികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ,എസ്പിജി അംഗങ്ങൾ, പിടിഎ എസ് എം സി എക്സിക്യൂട്ടീവ് അംഗങ്ങൾ ഇവരെല്ലാം യോഗത്തിൽ പങ്കെടുത്തു. ലഹരിക്കെതിരായ നിലപാടുകളിൽ കുട്ടികൾ കാണിക്കേണ്ട ആർജ്ജവം അവരുടെ ജീവിത ലക്ഷ്യങ്ങളിൽ എങ്ങനെയൊക്കെ മുന്നേറാം അവരുടെ ഇഷ്ടങ്ങളെ ലക്ഷ്യങ്ങളെ ജീവിതലഹരിയാക്കി മാറ്റുന്നത് എങ്ങനെ തുടങ്ങി വിവിധ മേഖലകൾ വളരെ സരസമായും ലളിതമായും അദ്ദേഹം പ്രതിപാദിച്ചു. ലഹരി അടിമപ്പെട്ട് തളർന്നുപോയ ജീവിതാനുഭവങ്ങൾ അതിൻറെ ഭീകരാവസ്ഥ എല്ലാം അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. യൂസഫലി സാറുമായുള്ള സംവാദത്തിലൂടെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ചേർത്തുവയ്ക്കേണ്ട ചില തിരിച്ചറിവുകൾ അവർ നേടിയിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. ശശീന്ദ്രൻ എം, ഖാദർ പന്തക്കൽ, അബ്ദുറഹ്മാൻ കഴുങ്ങിൽ വി ടി എസ് തങ്ങൾ തുടങ്ങിയവരും സംസാരിച്ചു. സുജാത ആർ പ്രസാദ് പി സിനി റഷീദ് റൈഹാനത്ത് സക്കീനാപ്പി അരുൺ ഗോപിനാഥ് മൻസൂർ പ്രജിലാ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 1.30 നു പരിപാടികൾ സമാപിച്ചു.
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ സർവീസ് സ്കീം(SSSS) ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ ബോധവൽക്കരണവും, ലഘുലേഖ വിതരണവും എടരിക്കോട് അങ്ങാടിയിൽ വെച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.SSSS വളണ്ടിയർമാരായ മുഹമ്മദ് അലി, അഫ്രഹ് , ഹംന കെ എന്നിവർ സംസാരിച്ചു. അധ്യാപകരായ പ്രജില ടീച്ചർ, അരുൺ മാസ്റ്റർ, സിനി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 2024_2025
ജി യു പി എസ് ക്ലാരിയിലെ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.വളരെ ആവേശോജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു സ്കൂളിലെയും തെരഞ്ഞെടുപ്പ് .എൽ പി വിഭാഗത്തിൽ നാലാം ക്ലാസിലും യുപി വിഭാഗത്തിൽ 5 ,6 ,7 ക്ലാസിനുമായിരുന്നു ഇലക്ഷൻ നടത്തിയത്.എൽപിയിലെ നാലു ഡിവിഷനിൽ ഉൾപ്പെടെ 26 ഡിവിഷനിലാണ് ഇലക്ഷൻ നടന്നത്.എല്ലാ ക്ലാസിൽ നിന്നും സ്ഥാനാർത്ഥിത്വം വഹിക്കാൻ കുട്ടികളിൽ ഉണ്ടായ മുന്നേറ്റം അവരിലെ പൗരബോധത്തെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് 5 A ക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് നാലുപേരും പെൺകുട്ടികളിൽ നിന്ന് 10 പേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ 7 Hക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികളും പെൺകുട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ ക്ലാസിന്റെയും ഇലക്ഷൻ നടക്കുമ്പോൾ അതത് ക്ലാസിലെ കുട്ടികളിൽ നിന്നു തന്നെയാണ് പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് എന്നിവരുടെ ഡ്യൂട്ടി ചെയ്തത്.സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നീ വിഭാഗം കുട്ടികളിൽ നിന്നാണ് സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിൻ്റെ സേവനം ലഭ്യമാക്കിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികൾ ചുവടെ നൽകുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്ന തീയതി- 13/6/2024
നാമനിർദ്ദേശപത്രിക സ്വീകരിക്കുന്ന അവസാന തീയതി -19/6/2024
നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി -21/6/2024
സൂക്ഷ്മ പരിശോധനയും ചിഹ്നം അനുവദിക്കലും-24/6/2024
നിശ്ശബ്ദ പ്രചാരണം -26/6/2024
തെരഞ്ഞെടുപ്പ് തീയതി-27/6/2024
ഫലപ്രഖ്യാപനം-28/6/2024
തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ ഭംഗിയായും സമയബന്ധിതമായും പൂർത്തിയാക്കാൻ കഴിഞ്ഞു.രാവിലെ 10. 30 മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് കനത്ത പോളിംഗ് ആണ് ഉണ്ടായിരുന്നത്. കുട്ടികളെല്ലാം വളരെ താല്പര്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ പങ്കാളിയായത്. ഇടത്തെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ എല്ലാ കുട്ടികളിലും കൗതുകമുളവാക്കി.നാലു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്ന് ഓരോ പെൺകുട്ടിയും ഓരോ ആൺകുട്ടിയും ക്ലാസ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിൽ നിന്നാണ് സ്കൂൾ ലീഡേഴ്സിനെകണ്ടെത്തിയത്. ക്ലാസ്സ് ലീഡേഴ്സിന് വോട്ടെടുപ്പ് നടത്തി ഒരു സ്കൂൾ ലീഡറിനേയും ഒരു ഡപ്യൂട്ടി സ്കൂൾ ലീഡറിനേയും തെരഞ്ഞെടുത്തു.
ഗണിത ക്ലബ് ഉദ്ഘാടനം
GUPS ക്ലാരിയിലെ 2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു. 5,6,7 ക്ലാസു കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS* എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത അദ്ധ്യാപകരായ നസീറ ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു.
വിദ്യാരംഗം ഉദ്ഘാടനം
ജിയുപിഎസ് ക്ലാരിയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 13 - 07-2024 ശനിയാഴ്ച നടന്നു.രാവിലെ 10 30 ന് ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകനായി എത്തിയത് പ്രശസ്ത മിമിക്രി കലാകാരനും അധ്യാപകനും ട്രെയിനറുമായ ശ്രീ ബറോസ് കൊടക്കാടൻ ആയിരുന്നു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കായി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.വിദ്യാരംഗം കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ചടങ്ങിൽ എച്ച് എം ശ്രീ അബ്ദുൽസലാം സാർ അധ്യക്ഷം വഹിച്ചു.വിദ്യാരംഗത്തിൽ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ആവേശഭരിതമായ പ്രോഗ്രാം ഒരുമണിക്ക് അവസാനിച്ചു.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് 22.07.2024 ന് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും അവയുടെ പ്രസക്തിയെക്കുറിച്ചും ഏഴാം ക്ലാസിൽ പഠിക്കുന്ന സാകേത് കുറിപ്പ് അവതരിപ്പിച്ചു. ജൂലൈ 26ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ ദൗത്യങ്ങളെ കുറിച്ചും വിദ്യാർത്ഥികളായ ഫാത്തിമ ഐ,ദിമ അമീർ കുട്ടി ടീച്ചറായി സയൻസ് ക്ലബ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു. ഇതിനോട് അനുബന്ധിച്ച് തന്നെ സയൻസ് ക്ലബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ഇതിനോട് ചേർന്ന് രസകരങ്ങളായ വിവിധ ലഘു പരീക്ഷണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി. സ്കൂൾതലത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ഹിരോഷിമ ദിനം
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് 5 6 7 ക്ലാസിലെ കുട്ടികളിൽ യുദ്ധം എന്ന വിപത്ത് എന്ന വിഷയത്തിൽ പ്രസംഗ മൽസരം സംഘടിപ്പിച്ചു.5 6 7 ക്ലാസുകളിലായി 35 കുട്ടികൾ മത്സരം രംഗത്തുണ്ടായിരുന്നു.മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഞ്ചാം ക്ലാസിലെ കുട്ടികളാണ് ഒന്നും രണ്ടുംസ്ഥാനം കരസ്ഥമാക്കിയത് . 5E ക്ലാസിലെ ആൻ മരിയ ഒന്നാം സ്ഥാനവും 5 Fക്ലാസിലെ അഫ്രിൻ രണ്ടാം സ്ഥാനവും 7F ക്ലാസിലെ ദിമ അമീർമൂന്നാം സ്ഥാനവും കരസ്ഥമാക്കി.സ്കൂളിൽ അസംബ്ലിയിൽ വച്ച് HM വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
മാലിന്യ സംസ്കരണ അവബോധ ക്ലാസ്
ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാലിന്യ സംസ്കരണ അവബോധ ക്ലാസ് 10/08/2024 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം പരിപാടിക്ക് സ്വാഗതം പറഞ്ഞു. KILA യുടെ ജില്ല ഫെസിലിറ്റേറ്റർ ആയ ശ്രീ. എ.ശ്രീധരൻ ക്ലാസ് നയിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിഫോം SSSS വളണ്ടിയർ ആയ മുഹമ്മദ് സിനാൻ പി കെ ക്ക് നൽകി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ പ്രജില, പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധതരം മാലിന്യങ്ങളെ കുറിച്ചും അവയുടെ ശരിയായ സംസ്കരണ രീതിയെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു.SSSS PRO ശിഖ കൃഷ്ണയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.
ഗണിത ശാസ്ത്ര ക്വിസ് മത്സരം
GUPS ക്ലാരിയിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 14 ബുധനാഴ്ച 12 PM ന് UP വിഭാഗം സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. 2024 ജൂലൈ 29 ന് നടത്തിയ ക്ലാസ് തല മത്സരത്തിൽ നിന്നും ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികളെ തെരഞ്ഞെടുത്തായിരുന്നു
സ്കൂൾ തല മത്സരം നടത്തിയത്. സ്കൂൾ തല മത്സരത്തിൽ 7B യിലെ Saketh A ഒന്നാം സ്ഥാനവും 7F ലെ Hiba Fathima AK രണ്ടാം സ്ഥാനവും 5E ലെ Nishmal NM മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിനു ശേഷം ഗണിത ശാസ്ത്ര ക്ലബ്ബ് വിജയികളെ അഭിനന്ദിച്ചു.
അലിഫ് ടാലൻറ് ടെസ്റ്റ്
കുട്ടികളിൽ ഭാഷാ കഴിവ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തപ്പെടുന്ന അലിഫ് ടാലന്റ് ടെസ്റ്റ് സ്കൂൾ തല മത്സരം 10/07/2024 നു നടന്നു. LP തലത്തിൽ മുഹമ്മദ് ശാസിൻ. Tk 4.C ഒന്നാം സ്ഥാനവും മുഹമ്മദ് യാസീൻ.. K 3.C രണ്ടാം സ്ഥാനവും ദുഹാ. K. 3.D മൂന്നാം സ്ഥാനവും നേടി.Up തലത്തിൽ ഹൈഫ C6.E ഒന്നാം സ്ഥാനവും ഹാനിയ. 6.H ഹംന അഫ്രിൻ CK 5.D എന്നിവർ രണ്ടാം സ്ഥാനവും ഹിൻഫ. N 5. E മൂന്നാം സ്ഥാനവും നേടി.
സ്വാതന്ത്ര്യ ദിന പരിപാടികൾ
2024-25 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ എൽ പി വിഭാഗത്തിൽ വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. 9.15 AM ന് പതാക ഉയർത്തി. 9.45 AM ന് പരിപാടികൾ ആരംഭിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികൾ മ്യൂസിക്കൽ ഡ്രാമയാണ് അവതരിപ്പിച്ചത്.രണ്ടാം ക്ലാസ്സിലെ കുട്ടികൾ ദേശഭക്തിഗാനവും മൂന്നാം ക്ലാസ്സിൽ പ്രസംഗം ( English) ആയിരുന്നു. നാലാം ക്ലാസ്സിലെ കുട്ടികൾ ഡാൻസ് ( വന്ദേമാതരം) ആയിരുന്നു അവതരിപ്പിച്ചത്.
കൂടാതെ സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരവും ഉണ്ടായിരുന്നു.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് സ്വാലിഹ്(1 C) ഒന്നാം സ്ഥാനവും ഫാത്തിമ റഷ (1C) രണ്ടാം സ്ഥാനവും അവന്തിത (1 C) മൂന്നാം സ്ഥാനവും നേടി വിജയികളായി. അതുപോലെ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ അയാൻ (2C) ഒന്നാം സ്ഥാനവും മുഹമ്മദ് ഷഹീം (2D) രണ്ടാം സ്ഥാനവും മുഹമ്മദ് മാസിൻ (2B) അശ്വിൻ (2C) എന്നിവർ മൂന്നാം സ്ഥാനവും നേടി വിജയികളായി.
3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്സ് മത്സരമാണ് നടത്തിയത്. ബാപ്പുജി, നേതാജി, ചാച്ചാജി, രാജാജി, കേളപ്പജി എന്നിങ്ങനെ അഞ്ച് ടീമായിട്ടാണ് മത്സരം നടത്തിയത്. അതിൽ നേതാജി ടീമാണ് ഒന്നാം സ്ഥാനം നേടിയത്. ക്വിസ്സ് മത്സര വിജയികൾക്കുള്ള ട്രോഫികൾ ബഹു.ഹെഡ്മാസ്റ്ററിൽ നിന്നും വിജയികൾ ഏറ്റുവാങ്ങി. ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടിക വൈവിധ്യങ്ങളായ പരിപാടികളോടെ വർണാഭമാക്കി കൃത്യം 12.30 യ്ക്ക് അവസാനിച്ചു.
ഓഗസ്റ്റ്. 15.നു up തലത്തിൽ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. അതിൽ ഹിസ്സ. പി 7.E. ഒന്നാം സ്ഥാനവും നിദ ഫാത്തിമ. OT. 7.G രണ്ടാം സ്ഥാനവും ഫാത്തിമ നിദ. T. 7.E. മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ട്രോഫി വിതരണം നടത്തി.
ഒഡീസ്സി (പ്രതിമാസ ശാസ്ത്ര പ്രശ്നോത്തരി)
ജൂലൈ മാസത്തെ ശാസ്ത്ര ക്വിസ് ഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 16ന് ആറ് ഈ ക്ലാസിൽ വച്ച് നടന്നു. അഞ്ചു റൗണ്ട് ആയി നടത്തിയ ക്വിസ് മത്സരം ആദ്യ അവസാനം ആവേശം നിറഞ്ഞതായിരുന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം 7F ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഐ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇതേ ക്ലാസിലെ ധിമ അമീർ നേടി. മൂന്നാംസ്ഥാനത്തെത്തിയത് 7B ക്ലാസിൽ പഠിക്കുന്ന സാകേത് എ ആണ്. ഹെഡ്മാസ്റ്റർ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കേരള സ്കൂൾ ശാസ്ത്രോത്സവം 2024, സ്കൂൾ തല ഐടി ക്വിസ് മത്സരം
സ്കൂൾ ശാസ്ത്രോത്സവം-ഐടി മേള
IT മേളയുടെ ഭാഗമായുള്ള സ്കൂൾ തല ഐടി ക്വിസ് 30/08/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. കൈറ്റ് സംസ്ഥാനതലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ക്ലാസ്സ് തല പ്രശ്നോത്തരിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാശിയേറിയ മത്സരത്തിൽ 7B യിലെ സച്ചിത് ഒന്നാം സ്ഥാനവും 7F ലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും സാകേത് (7B), അനന്ദിക (6F) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽസലാം അഭിനന്ദനങ്ങൾ അറിയിച്ചു.