ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026
സ്‌കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിന് സ്കൂൾ പി.ടി.എ പ്രസിഡന്റ് അശോക് കുമാർ ചെലൂർ അധ്യക്ഷത വഹിച്ചു. ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു.
സ്‌കൂളിൽ നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസാദ് കെ.ടി. നിർവഹിച്ചു. ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്സൺ അൻവർ,പി. ടി. എ വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, ബി.ആർ.സി പ്രതിനിധി ഫസീല, മുൻ അധ്യാപകൻ ബാബു മാഷ്, സീനിയർ അസിസ്റ്റന്റ് വസന്ത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സൈബർ സുരക്ഷാ പ്രതിജ്ഞക്ക് കൽപകഞ്ചേരി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
ചടങ്ങിൽ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. അധ്യാപകരായ ദീപ ടീച്ചർക്കും ശ്രീലക്ഷ്മി ടീച്ചർക്കും മികവഴക് പുരസ്കാരം സമ്മാനിച്ചു. എൽ.എസ്.എസ്., യു.എസ്.എസ്. വിജയികൾക്കുള്ള ഉപഹാര സമർപ്പണവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കുട്ടിക്കുടുക്ക, ബോക്സ്, കുറുമ്പത്തൂർ കൂട്ടായ്മ നൽകിയ വായനാപുസ്തകങ്ങൾ, കൂടാതെ അമ്മക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സ്നേഹോപഹാരങ്ങളും വിതരണം ചെയ്തു. എൽ.കെ.ജി വിദ്യാർത്ഥികൾക്ക് കേരള ഗ്രാമീൺ ബാങ്ക് റിട്ടയേർഡ് ഉദ്യോഗസ്ഥൻ സുകുമാരൻ സ്നേഹോപഹാരം നൽകി. പരിപാടിയുടെ സമാപനത്തിൽ സ്റ്റാഫ് സെക്രട്ടറി ഹരി മാഷ് നന്ദി രേഖപ്പെടുത്തി.
പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുങ്ങൾക്ക് ഹൃദ്യമായ സ്വീകരണവും വിവിധ സമ്മാനങ്ങളും ഒരുക്കി പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു.
പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഉച്ചഭക്ഷണത്തിലേക്ക് ഞങ്ങളും' പദ്ധതിയ്ക്ക് കൂടശ്ശേരി സ്കൂളിൽ തുടക്കമായി. വീടുകളിലെ അടുക്കളത്തോട്ടത്തിൽ നിന്നുമുള്ള പച്ചക്കറികൾ ഉപയോഗിച്ച് വിഷരഹിതമായ ഭക്ഷണം കുട്ടികൾക്ക് നൽകുകയാണ് ലക്ഷ്യം.എല്ലാ കുട്ടികളുടെയും വീട്ടിൽ അടുക്കള തോട്ടം നിർമ്മിക്കാനായുള്ള വിത്തുകളുടെ വിതരണം പി.ടി.എ. വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ ഹരിതസേന കൺവീനർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും വിത്തുകൾ വിതരണം ചെയ്തു.കൃഷിഭവനിൽ നിന്നും ലഭിച്ച മാവിൻതൈ വാർഡ് മെമ്പർ ഹാജറ പരിയാരത്ത് പ്രഥമാധ്യാപിക ജയശ്രീ . സി യ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
"നാളേക്ക് വേണ്ടി" എന്ന ആശയത്തിന്റെ ഭാഗമായി പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. "
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "എന്റെ മരം, എന്റെ ശ്വാസം" എന്ന സ്കൂൾ തനത് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ നിർവഹിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി കവിതാലാപനം നടത്തി. ഹരിതസേന കൺവീനർ അഖില വി. ജി മാലിന്യ വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരും പി.ടി.എ. ഭാരവാഹികളും നേതൃത്വം നൽകി.
ലോകകപ്പിന് വരവേൽപ്പ് .. ആവേശമായി പെനാൽറ്റി ഷൂട്ടൗട്ട് തൂഫാൻ ഗോൾസ്
ലോകകപ്പ് ഫുട്ബോൾ ലഹരിയെ നെഞ്ചേറ്റി ജി.യു.പി.എസ് കൂടശ്ശേരി സ്കൂളിൽ സംഘടിപ്പിച്ച 'ലോകകപ്പ് വരവേൽപ്പ്' പരിപാടി ശ്രദ്ധേയമായി. ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 1 മില്യൺ തൂഫാൻ ഗോൾസ് ന്റെ ഭാഗമായി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ആവേശാനുഭവമായി മാറി.
സ്കൂൾ ഹെഡ്മിസ്ട്രസ് (H.M) ശ്രീമതി ജയശ്രീ ടീച്ചർ ആദ്യ ഷൂട്ടൗട്ട് എടുത്തുകൊണ്ട് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ഹരി മാഷും പെനാൽറ്റി ഷൂട്ടൗട്ട് ചെയ്തുകൊണ്ട് മേളയുടെ ആവേശം ഇരട്ടിയാക്കി.
ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലെത്തിയത്. ഇതോടെ സ്കൂൾ മൈതാനം ഒരു മിനി ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണ്ണാഭമായി.സ്കൂളിലെ മുഴുവൻ കുട്ടികളും അതീവ ആവേശത്തോടെയും കായികക്ഷമതയോടെയും പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുത്തു.
വരും ദിവസങ്ങളിലും ലോകകപ്പുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്നതും കുട്ടികളുടെ സർഗ്ഗാത്മകത ഉണർത്തുന്നതുമായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളിൽ കായിക വിനോദങ്ങളോടുള്ള താല്പര്യം വളർത്താൻ സഹായിച്ച ഈ ഫുട്ബോൾ വരവേൽപ്പ് മത്സരം വൻ വിജയത്തോടെയാണ് സമാപിച്ചത്.