സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഏകദേശം 65 കുട്ടികളാണ് ഈ സ്കൂളിൽ അഡ്മിഷൻ എടുത്തത്. ഒരു യുപി സ്കൂളിന്റെ അഭാവം കാരണം തുടർ പഠനത്തിനായി വണ്ടൂർ ബോയ്സ്, എസ് വി എ യു പി സ്കൂൾ കാപ്പ്, മമ്പാട് എ എം യുപിഎസ്, നിലമ്പൂർ മോഡൽ യുപി സ്കൂൾ, മാനവേദനൻ എന്നീ സ്കൂളിലേക്ക് പോയവരും കാട്ടുമുണ്ട എൽപി സ്കൂളിൽ നിന്നും നാലാം ക്ലാസോടുകൂടി പഠനം ഉപേക്ഷിച്ചവരും ആയ കുട്ടികളാണ് ആദ്യമായി അഡ്മിഷൻ എടുത്ത ഈ 65 പേർ.1974 സെപ്റ്റംബർ 4 മുതൽ 1976 സെപ്റ്റംബർ 17 വരെ സ്കൂളിന്റെ പ്രഥമ അധ്യാപകനായിരുന്നത് വി എ ജോർജ് (HM incharge)ആയിരുന്നു.കാട്ടുമുണ്ട മുഹമ്മദ് എന്ന മാനു, കണ്ണിയൻ അലവി, കോമുള്ളി കുഞ്ഞറ മുട്ടി, കണ്ണിയൻ മുഹമ്മദ്എന്ന മാനു, പുലത്ത് അഹമ്മദ് കുട്ടി എന്നിവരാണ് മമ്പാട് പഞ്ചായത്തിൽ ഒരു ഗവൺമെന്റ് യുപി സ്കൂൾ പ്രവർത്തനമാരംഭിക്കാൻ മുൻകൈയെടുത്തത്. പിന്നീട് 1978 സെപ്റ്റംബർ മാസം ഒന്നിന് എം .ഇ.എസ്. മമ്പാട് കോളേജിലെ കുട്ടികൾ (1973-78 ബാ ച്ച്) ഫണ്ട് സമാഹരിച്ച് നിർമ്മിച്ചു തന്ന മൂന്ന് ഓടിട്ട ക്ലാസ്‌മുറി കളും വിശാലമായ ഗ്രൗണ്ടും അടങ്ങിയ 2.06 ഏക്കർ സ്ഥലത്തേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി. മറ്റു ക്ലാസ് മുറികളെല്ലാം ഓല ഷെഡായിരുന്നു.അന്ന് പല ഫുട്ബോൾ മേളകളും നമ്മുടെ വിശാലമായ ഗ്രൗണ്ടിൽ നടത്തിയിരുന്നു. കേവലം 65 കുട്ടികളോടെ ആരംഭിച്ച ഈ സ്കൂൾ 1978 ആയപ്പോഴേക്കും ജനകീയ പിന്തുണയോടെ ഓരോ ക്ലാസും രണ്ട് ഡിവിഷൻ വീതം എത്തിക്കുവാൻ കഴിഞ്ഞു. അക്കാലത്ത് അറബി, ഹിന്ദി വിഷയങ്ങൾക്ക് ഓരോ അധ്യാപകർ വീതമാണ് ഉണ്ടായിരുന്നത്. 1974ൽ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച ജിയുപിഎസ് കാട്ടുമുണ്ട ഈസ്റ്റിൽ 2024 ആയപ്പോഴേക്കും 14 പേർക്ക് പ്രഥമ അധ്യാപകർ( അധ്യാപിക) ആയി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു.