സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഊരകം യാറം പടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു. ഇത്രയും സ്ഥല പരിമിതിക്കുള്ളിൽ 352 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 111/4 സെന്റ് സ്ഥലത്തുള്ള വാടക കെട്ടിടവും രക്ഷാകർതൃ സമിതിയുടെ ഓല ഷെഡും നിൽക്കുന്നതിനാൽ ഉച്ചഭക്ഷണം പാകം ചെയ്യേണ്ട സ്ഥലം കഴിച്ചാൽ ഒരു ക്ലാസ്മുറിയ്ക്കു വേണ്ട സ്ഥലം മാത്രമേ അവശേഷിക്കുന്നുള്ളൂ. പിന്നീട് ആ ഓലഷെഡ് ഓടുമേയുകയും കുറച്ചു കാലം കഴിഞ്ഞപ്പോൽ തൊട്ടടുത്തായി മറ്റൊരു ഓല ഷെഡു കൂടി നിർമിച്ചു. ഈ രണ്ടു ഷെഡുകളിലായി 1 മുതൽ 5 വരെ ക്ലാസുകളാണുണ്ടായിരുന്നത്. 1977ൽ അഞ്ചാം ക്ലാസ് ഇവിടെ നിന്നും എടുത്തുമാറ്റി. 1987-88 വർഷത്തിൽ ഈ വിദ്യാലയത്തെ പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.ഈ കെട്ടിടങ്ങൾ സർക്കാരിന്റെതാണെങ്കിലും സ്ഥലം സ്വകാര്യ വ്യക്തിയുടെതായിരുന്നു. അതിനാൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധ്യമല്ലാത്തതിനാൽ നാട്ടുകാരുടെ നിരന്തരആവശ്യപ്രകാരം 1996-ൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയും ഈ വിദ്യാലയത്തിലെപൂർവ്വ വിദ്യാർത്ഥിയുമായ ബഹു. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രയത്നഫലമായി16-02-1996ന് Gം No: 636196 പ്രകാരം ഭൂമി പൊന്നും വിലക്ക് എടുക്കാൻ ഗവണ്മെന്റിൽ നിന്നും ഉത്തരവുണ്ടായി. അതിനു ശേഷം ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരികയും വിദ്യാഭ്യാസത്തിലെ ചില വകുപ്പുകൾ പഞ്ചായത്തിന് കൈമാറുകയും ചെയ്തപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ ഭൂമി അക്വയർ ചെയ്യാൻ സാധിച്ചില്ല. പിന്നീട് നടത്തിയ ചില ധർണകളുടെയും, നിവേദനത്തിന്റെയും അടിസ്ഥാനത്തിൽ അക്വിസിഷൻ പണി പൂർത്തിയാക്കുകയുണ്ടായി. ബഹുമാനപ്പെട്ട മുൻ ഡിവിഷൻ മെമ്പറും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ: കെ.പി. മറിയുമ്മ അവറുകളുടെ ശ്രമഫലമായാണ് ഇതു വിലക്കുവാങ്ങാൻ സാധിച്ചത്. വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിനു ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിവിഷൻ മെമ്പറുമായ അഡ്വ: കെ. പി.മറിയുമ്മയുടെയും ഊരകം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജന: പാങ്ങാട്ട് യൂസുഫ് ഹാജിയുടെയും പരിശ്രമ ഫലമായി 1999 - 2000, 2000 - 2001 വർഷങ്ങളിലെ ജനകീയാസൂത്രണ ഫണ്ടുപയോഗിച്ച് സ്കൂളിലെ ഇന്ന് കാണുന്ന കെട്ടിടം നിർമ്മിച്ചു.