ജി.എൽ.പി.എസ് അത്തിപ്പെറ്റ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെട്ട എടയൂർ ഗ്രാമ പഞ്ചായത്തിലെ ഏഴാംവാർഡിലാണ് അത്തിപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് , ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യം തീരെ ലഭ്യമല്ലാത്ത സമയത്താണ് 1924 ൽ അത്തിപ്പറ്റയിലെ ദേശസ്നേഹിയായ ചേലത്ത് പട്ടന്മാരുതൊടി അവറാൻ കുട്ടി ഹാജി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തൻറെ വീടിന്റെ തട്ടിൻ പുറത്താണ് ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചത്. പ്രഥമാധ്യാപകനും പ്രധാനാധ്യാപകനുമായി കൽപ്പകഞ്ചേരി പ്രദേശത്തുകാരനായ മമ്മദ് മൊല്ല സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിന് ശേഷം വെളിയങ്കോട്ടുകാരനായ ഏന്തീൻകുട്ടി മാസ്റ്ററായിരുന്നു അധ്യാപകൻ.ഇവരുടെ ഭക്ഷണം, താമസസൗകര്യങ്ങൾ എന്നിവ സ്കൂൾ ഉടമയായ അവറാൻ കുട്ടി ഹാജി തന്നെയായിരുന്നു ചെയ്തു കൊടുത്തിരുന്നത് .
രാവിലെ 10 മണി വരെ ഓത്തുപള്ളിയും ശേഷം 4. 30 വരെ സ്കൂളും ആയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് . ഏകാധ്യാപക വിദ്യാലയമായിരുന്നെങ്കിലും ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ തരംതിരിച്ച് ആയിരുന്നു പ്രവർത്തിച്ചിരുന്നത് . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപനം ഏറ്റെടുത്തതോടുകൂടി സ്ഥാപനത്തിന്റെ പേര് അത്തിപ്പറ്റ ബോർഡ് മാപ്പിള സ്കൂൾ എന്നായി മാറി.
01.08.1927 ൽ മച്ചിങ്ങത്തൊടി സെയ്താലി S/O മൊയ്തീൻകുട്ടി എന്ന വിദ്യാർത്ഥിയെ ഒന്നാമതായി ചേർത്തുകൊണ്ടാണ് സ്കൂൾ ഇന്നു നിലനിൽക്കുന്ന സ്ഥലത്ത് ആരംഭിച്ചത്. ആ വർഷം 38 കുട്ടികൾ സ്കൂളിൽ ചേർന്നതായി കാണുന്നു .ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ നടത്താൻ ഒരു കെട്ടിടം മാത്രമേ അന്ന്ഉണ്ടായിരുന്നുള്ളൂ .1932ൽ നാലാം ക്ലാസ് അനുവദിച്ചതോടെ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയി മാറിപിന്നീട് 1947ൽ സ്ഥാപനത്തിന് അഞ്ചാം ക്ലാസ് കൂടിഅനുവദിക്കപ്പെട്ടു .1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നപ്പോൾ 1957 ഒക്ടോബറിൽ ഈ സ്ഥാപനം കേരള സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . തദവസരത്തിൽ അഞ്ചാം ക്ലാസ് സ്ഥാപനത്തിൽ നിന്ന് എടുത്തു മാറ്റപ്പെട്ടു .
1970 ൽ കെട്ടിട ഉടമ നേരത്തേയുള്ള സ്കൂൾ കെട്ടിടത്തിന് കിഴക്കുഭാഗത്ത് 3 ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഒരു പുതിയ കെട്ടിടം കൂടി നിർമ്മിച്ചു. വർഷങ്ങളോളംകുരുന്നുകൾക്ക് വിദ്യ നൽകാൻ ഉപയുക്തമായ പഴയ സ്കൂൾ കെട്ടിടം കാലപ്പഴക്കം കാരണം നിലംപതിക്കൽ ഭീഷണി നേരിട്ടപ്പോൾ സ്കൂൾ പി.ടി.എ കമ്മിറ്റി ഇക്കാര്യം ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അതിന്റെഅടിസ്ഥാനത്തിൽ അന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ സി പി ഹംസ ഹാജി മുൻകൈയെടുത്ത് കെട്ടിടഉടമയായിരുന്ന പരേതനായ ശ്രീ സി പി മുഹമ്മദ് കുട്ടി എന്ന ബാപ്പു സാഹിബുമായി സംസാരിക്കുകയും അദ്ദേഹം തൻറെ മകൻ സി പി മുഹമ്മദ് അഷ്റഫിന്റെ പേരിലുള്ള പന്ത്രണ്ടര സെൻറ് സ്ഥലം സൗജന്യമായി ഗവൺമെൻറിന് വിട്ടു കൊടുക്കുകയും ചെയ്തു.
തുടർന്ന് എസ്.എസ്.എ യും ഗ്രാമപഞ്ചായത്തും സംയുക്തമായി അനുവദിച്ചുതന്ന 13 ലക്ഷത്തി അറുപതിനായിരം രൂപ ഉപയോഗിച്ച് 5 ക്ലാസ് മുറികളുള്ള മനോഹരമായ കെട്ടിടത്തിന്റെ നിർമാണജോലി പി ടി എ യുടെ നേതൃത്വത്തിൽ 2009 ൽ പൂർത്തീകരിക്കുകയും ചെയ്തു.
തുടർന്നുള്ള വർഷങ്ങളിൽ ഗ്രാമ പഞ്ചായത്ത് രണ്ട് സ്മാർട്ട്ക്ലാസ് മുറികൾ കൂടി അനുവദിച്ചു. സ്ഥാപനത്തിൽ ഇപ്പോൾഏഴ് ക്ലാസ് മുറികൾ നിലവിലുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽ(2022-2023) ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 121 വിദ്യാർത്ഥികളും7 അധ്യാപകരും ഒരു പി.ടി.സി.എമ്മുമാണ് നിലവിലുള്ളത്.
ഈ സ്ഥാപനത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോയവരിൽ ഏറെ പേർ ഉപരിപഠനം കഴിഞ്ഞു സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു സ്കൂളിൻറെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇവരുടെ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് നിർലോഭം ലഭിച്ചു വരുന്നു.
ഹെഡ് മിസ്ട്രസ്
അജിത.കെ.കെ