ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്/ചരിത്രം
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ശ്രീ കെ പി ഭരതപിഷാരടിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി 1955 ഇൽ ശ്രീ പി ടി ഭാസ്കരപ്പണിക്കർ മലബാർ ഡിസ്ക്ട്രിക്ട് ബോർഡ് പ്രസിഡന്റ് ആയിരിക്കെ ഒരു വിദ്യാലയം തുടങ്ങാനുള്ള അനുമതി ലഭിച്ചതിൻ ഫലമായി 1956 ജനുവരി 19 ന് ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .നരിപ്പറ്റ മനയ്ക്കൽ കേശവൻ ഭട്ടതിരിപ്പാട് നൽകിയ സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ സി.പരമേശ്വരൻ നമ്പൂതിരി ആയിരുന്നു. 1958 മാർച്ച് ആയപ്പോഴേക്കും ഒരു ചെറിയ ഓഫീസ് റൂമും 4 ക്ലാസ്സ്മുറികളും ഉൾപ്പെടെ ഒരു കെട്ടിടം പണിതീർത്തു. ബെഞ്ചും ഡെസ്ക്കും നാട്ടുകാരുടെ സഹായത്തോടെ ഉണ്ടാക്കി. ശ്രീ.കേശവൻ ഭട്ടത്തിരിപ്പാട് കെട്ടിടം നിർമിക്കാൻ ആവശ്യമായ മരഉരുപ്പടികളും മറ്റും സൗജന്യമായി നൽകി. അദ്ദേഹം സ്വന്തം നിലയ്ക്ക് ഉച്ചയ്ക്ക് കുട്ടികൾക്ക് കഞ്ഞിവെച്ചുകൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. നാലാം ക്ലാസ് വരെയുള്ള പഠനമായിരുന്നു ഇവിടെ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. 1977ഇൽ ഇത്തരം സ്കൂളുകൾക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ യു.പി. സ്കൂൾ ആയി ഉയർത്താം എന്ന ഗവണ്മെന്റ് ഓർഡർ വന്നു. അങ്ങനെ നരിപ്പറ്റമനയ്ക്കൽ ഗൗരി അന്തർജ്ജനത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഈ സ്ഥലം ഒരു ഏക്കർ 50 സെന്റ് ഗവണ്മെന്റിലേക്ക് സ്കൂളിനായി സൗജന്യമായി വിട്ടുകൊടുത്തു. 1981-82 അധ്യയന വർഷം ഇത് യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.നാട്ടുകാരുടെ സഹായ സഹകരണത്തോടെ 3 ക്ലാസ് മുറികൾ കൂടി നിർമിച്ചു. തുടക്കത്തിൽ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. ത്രിതല പഞ്ചായത്ത്, ഡി.പി.ഇ.പി. പദ്ധതികളിലൂടെയും അതാത് കാലത്തെ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടിലൂടെയും കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 2010 ആയപ്പോഴേക്കും ഹൈസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 2011 ഇൽ ആർ.എം.എസ്.എ. പദ്ധതി പ്രകാരം ഹൈസ്കൂൾ ആക്കി ഉയർത്തപെട്ടു. 2016-17 അധ്യയന വർഷം മുതൽ ഹൈസ്കൂൾ വിഭാഗവും യു.പി. വിഭാഗവും ഒരു ഹെഡ് മാസ്റ്ററുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത് .